ജനക്ഷേമതല്‌പരനായ നേതൃജാടയില്ലാത്ത നേതാവ്, മതിപ്പുളവാക്കുന്ന അക്ഷോഭ്യത, പക്വത,സഹിഷ്‌ണുത, സൗമ്യത – അതാണ് ഉമ്മൻചാണ്ടി. രാഷ്ട്രീയ നേതാവായിരിക്കുമ്ബോഴും ഭരണാധികാരിയായിരിക്കുമ്ബോഴും അതിന് ഭേദമില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും നൈസര്‍ഗീകമായ പക്വതയും നിഷ്‌കര്‍ഷതകളും പുലര്‍ത്തുന്ന നേതാവ്. രാഷ്ട്രീയത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന തത്വാധിഷ്ഠിത നിലപാടുകള്‍ അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞില്ല.

രണ്ട് ഉദാഹരണങ്ങള്‍ മാത്രം മതി അത് വ്യക്തമാക്കാൻ. 1982ല്‍ അധികാരത്തിലേറിയ യു.ഡി.എഫ് മന്ത്രിസഭയുടെ കാലം. 1985 അവസാനമായപ്പോള്‍ മന്ത്രിമാരുടെ വകുപ്പുകള്‍ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി കെ.കരുണാകരന് തോന്നി. പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ക്കും വാര്‍ത്താലേഖകന്മാര്‍ക്ക് അനുമാനങ്ങള്‍ക്കും വകനല്‍കി ആറുമാസത്തോളം നീണ്ടുനിന്ന വകുപ്പു പുനര്‍വിഭജനം ആഭ്യന്തരവകുപ്പുമന്ത്രിയായിരുന്ന വയലാര്‍ രവിയുടെ രാജിയിലാണ് കലാശിച്ചത്. യു.ഡി.എഫ് സംസ്ഥാന കണ്‍വീനറായിരുന്ന ഉമ്മൻചാണ്ടി, മുഖ്യമന്ത്രി കെ.കരുണാകരൻ കൈക്കൊണ്ട വകുപ്പുമാറ്റ പ്രക്രിയയോടുള്ള തന്റെ എതിര്‍പ്പുപ്രകടിപ്പിച്ച്‌ 1986 മേയ് 16ന് കണ്‍വീനര്‍സ്ഥാനം രാജിവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റൊരുദാഹരണം 1991 – ല്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ത്തന്നെ അധികാരത്തില്‍വന്ന മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യമന്ത്രിയായിരിക്കെ സംഭവിച്ചതാണ്. 1994-ല്‍ രാജ്യസഭയില്‍ കേരളത്തില്‍നിന്ന് ഒഴിവുവന്ന സീറ്റുകളില്‍ കോണ്‍ഗ്രസിന് അര്‍ഹമായ ഒരു സീറ്റില്‍ ഡോ.എം.എ. കുട്ടപ്പനെ പരിഗണിക്കാതെ മുഖ്യമന്ത്രി കെ.കരുണാകരൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന വയലാര്‍ രവിക്കു നല്‌കി. അതില്‍ പ്രതിഷേധിച്ച്‌ ഉമ്മൻചാണ്ടി 1994 ജൂണ്‍ 16ന് മന്ത്രിസ്ഥാനം രാജിവച്ചു.

സമാനമായിരുന്നു പദവികളിൽ നിന്ന് അകന്നുനിൽക്കാൻ അദ്ദേഹം എടുത്ത തീരുമാനവും. 2016ലെ സംസ്ഥാന പൊതു തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് പ്രതിപക്ഷ നിരയിൽ ആയതോടെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കില്ല എന്ന നിലപാടെടുത്ത് ഉമ്മൻചാണ്ടി മാറിനിന്നു. കെപിസിസി അധ്യക്ഷ പദവിയോടും അദ്ദേഹം അകൽച്ച പാലിച്ചു. എങ്കിലും സംസ്ഥാന കോൺഗ്രസിലെ അവസാനവാക്കായി അദ്ദേഹം തുടർന്നു പോന്നു എന്നതാണ് യാഥാർത്ഥ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക