
കടൽത്തീരത്തെ പാറക്കെട്ടിൽ ഭർത്താവിനൊപ്പം സെൽഫി എടുക്കാൻ ഇരുന്ന യുവതിക്ക് ദാരുണാന്ത്യം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയിൽ പെട്ട ഇവർ കടലിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. കടൽത്തീരത്ത് ഉണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും യുവതിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. തിരിയിൽപ്പെട്ട ഭർത്താവ് ജീവനോടെ രക്ഷപ്പെട്ടു. ആളുകൾ ഇയാളെ വെള്ളത്തിൽനിന്ന് വലിച്ചുകയറ്റുകയായിരുന്നു.
27കാരിയായ ജ്യോതി സോനാറാണ് മരണപ്പെട്ടത്. ഈ മാസം ഒമ്പതാം തീയതി മുംബൈ ബാന്ദ്ര കടപ്പുറത്താണ് ദാരുണ സംഭവം അരങ്ങേറിയത്. ജ്യോതിയും ഭർത്താവും പാറക്കെട്ടിലിരുന്ന് സെൽഫിക്ക് പോസ് ചെയ്യുന്നതും പിന്നിൽ നിന്ന് എത്തിയ കൂറ്റൻ തിരമാല ഇവരെ ഒഴുകി കൊണ്ടുപോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കടപ്പുറത്തിരുന്ന് ഇവരുടെ മക്കൾ തന്നെ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് വിവരം. ജ്യോതിയുടെ ഭർത്താവ് മുകേഷ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അപകട വീഡിയോ ചുവടെ കാണാം.