ബെയ്‌ജിങ്: ഓസ്ട്രേലിയക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനായി ചൈനയിലെത്തിയ അര്‍ജന്‍റൈൻ സൂപ്പര്‍ താരം ലയണല്‍ മെസിയെ ബെയ്‌ജിങ് വിമാനത്താവളത്തില്‍ തടഞ്ഞ് സുരക്ഷ അധികൃതര്‍. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് താരത്തിന് മോശം അനുഭവമുണ്ടാക്കിയത്. 30 മിനിട്ടിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് മെസിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായത്.

35-കാരനായ മെസി സന്ദര്‍ശനത്തിന് മുമ്ബ് വിസയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നും ഇത് സങ്കീര്‍ണതകള്‍ക്ക് കാരണമായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അര്‍ജന്‍റീനിയൻ പാസ്‌പോര്‍ട്ടിന് പകരം സ്‌പാനിഷ് പാസ്‌പോര്‍ട്ടിലാണ് മെസി യാത്ര ചെയ്‌തതെന്നാണ് വിവരം. സ്‌പാനിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രക്കാര്‍ക്ക് ചൈനയിലേക്ക് വിസ രഹിത പ്രവേശനമില്ല. എന്നാല്‍ തായ്‌വാനിലേക്ക് പ്രവേശനമുണ്ട്. അതുകൊണ്ടുതന്നെ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും മെസി വിസയ്‌ക്കായി അപേക്ഷ നല്‍കിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ബെയ്‌ജിങ് വിമാനത്താവളത്തിലെ ആശയക്കുഴപ്പത്തിന് കാരണമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടക്കത്തില്‍ മെസിയും എയര്‍പോര്‍ട്ട് സുരക്ഷ അധികൃതരും തമ്മില്‍ ആശയവിനിമയം നടത്തുന്നതില്‍ ഭാഷ ഒരു വെല്ലുവിളിയായിരുന്നെങ്കിലും അത് ഉടൻ തന്നെ പരിഹരിച്ചു. അരമണിക്കൂറിനകം വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച മെസി വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് മടങ്ങി. സുരക്ഷ ഉദ്യോഗസ്ഥര്‍ മെസിയുടെ പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന സമയത്ത് റോഡ്രിഗോ ഡിപോളും കൂടെയുണ്ടായിരുന്നു.

അര്‍ജന്‍റൈൻ നായകനെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്‌ക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏയ്‌ഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡിപോള്‍, ലിയാൻഡ്രോ പരെഡസ്, ജിയോവാനി ലോ സെല്‍സോ, എന്‍സോ ഫെര്‍ണാണ്ടസ്, നഹ്വേല്‍ മൊളിന എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് മെസി ചൈന സന്ദര്‍ശനത്തിനെത്തിയത്. ജൂണ്‍ 15ന് ബെയ്‌ജിങ്ങില്‍ അടുത്തിടെ പുനര്‍നിര്‍മിച്ച വര്‍ക്കേഴ്‌സ് സ്റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയക്കെതിരെ അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മെസിപ്പടയുടെ വിജയം.

ജൂണ്‍ 19ന് ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയുമായാണ് രണ്ടാം സൗഹൃദ മത്സരം.അതേസമയം ചൈനയിലെത്തിയ മെസിക്കും സംഘത്തിനും ബെയ്‌ജിങ് വിമാനത്താവളത്തില്‍ വൻ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ഏഴാം തവണയാണ് ഫുട്ബോള്‍ മത്സരത്തിനായി മെസി ചൈനയിലെത്തുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയില്‍ നിന്ന് അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലെ ഇന്‍റര്‍ മയാമി ക്ലബ്ബിലേക്ക് പോകുന്നതായി കഴിഞ്ഞ ദിവസം മെസി അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക