പത്തനംതിട്ട: വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തി ശരീരത്തില്‍ കടന്നു പിടിക്കുകയും ശാരീരീകമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം അറസ്റ്റില്‍. കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ആറന്മുള സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

മുൻകൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി നിയമ നടപടി സ്വീകരിക്കാൻ നിര്‍ദേശിക്കുകയായിരുന്നു. അതിൻ പ്രകാരം ആറന്മുള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട സിജെഎം കോടതിയില്‍ ഹാജരാക്കി. സ്റ്റേഷനില്‍ കീഴടങ്ങുന്ന പ്രതിയെ കാലതാമസം ഉണ്ടാകാതെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മല്ലപ്പുഴശേരി പഞ്ചായത്തില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗമാണ് ജേക്കബ് തര്യൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിക്കാരിയുടെ മൊഴി 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മദ്യപിച്ചെത്തി കടന്നു പിടിച്ചുവെന്നും മുഖമാകെ കടിച്ചു മുറിച്ചുവെന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. തലസ്ഥാന ജില്ലയില്‍ നിന്നുള്ള ആളാണ് പരാതിക്കാരി. ഇവര്‍ താമസിക്കുന്നത് ആറന്മുള പൊലീസ് സ്റ്റേഷൻ അതിര്‍ത്തിയിലാണ്. ജേക്കബ് തര്യനുമൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വന്നിരുന്നയാളാണ് യുവതി.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി യുവതിക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി ലഭിച്ചതോടെ സിപിഎം അന്വേഷണം പ്രഖാപിച്ചിരുന്നു. ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആര്‍. അജയ കുമാര്‍, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചിരുന്നത്. എന്നാല്‍ ഏരിയാ കമ്മറ്റി അംഗത്തിന് സഹായകരമായ നിലപാടാണത്രേ സമിതി സ്വീകരിച്ചത്.

ഇതോടെയാണ് യുവതി നേരിട്ട് പൊലീസില്‍ പരാതി നല്‍കിയത്. പീഡന വിവരം ഇവര്‍ ആദ്യം പാര്‍ട്ടി പ്രാദേശിക നേതാക്കളെ അറിയിച്ചിരുന്നു. ഇവര്‍ ഇത് ഒതുക്കി തീര്‍ക്കാൻ ശ്രമിക്കുക ആയിരുന്നു എന്നും ആരോപണമുണ്ട്. സ്ത്രീകള്‍ അടക്കമുള്ള നേതാക്കള്‍ ചെന്ന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പിന്നീട് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് അടിയന്തിര ഏരിയ കമ്മറ്റി വിളിച്ച്‌ വിഷയം ചര്‍ച്ച ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക