കേരളത്തിൽ ഇടതു വലതുമുന്നണികൾ പതിറ്റാണ്ടുകളായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്ന് ആരോപിക്കുന്നത് ബിജെപിയാണ്. ബിജെപി സിപിഎം അവിശുദ്ധ ബന്ധത്തെ കുറിച്ച് കോൺഗ്രസ് നിരന്തരം വാചാലമാകുമ്പോൾ, കോൺഗ്രസ് ആർഎസ്എസിന്റെ ബി ടീം എന്ന് സിപിഎമ്മും നിരന്തരം ആരോപണം ഉന്നയിക്കാറുണ്ട്. എന്നാൽ അഡ്ജസ്റ്റ്മെന്റിന്റെ കാര്യത്തിൽ മുന്നണി ഭേദമില്ലാതെ സിപിഎമ്മും, കോൺഗ്രസും, ബിജെപിയും എല്ലാം ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കേരളത്തിൽ നടന്ന സംഭവം. മൂന്നു പേർക്കും ഒരുപോലെ പ്രിയങ്കരനായ കേരളത്തിലെ രാഷ്ട്രീയനേതാവ് ആര് എന്ന് ചോദിച്ചാൽ ഇനി ധൈര്യമായി ഉത്തരം പറയാം – ജോസ് കെ മാണി.

ജോസ് കെ മാണിയുടെ മകൻ അമിതവേഗത്തിൽ ഇന്നോവ കാറിൽ പായുന്നു. വാഹനം നിയന്ത്രണം വിട്ട് വട്ടം കറങ്ങി എതിർദശയിൽ നിൽക്കുമ്പോൾ നിർഭാഗ്യവാന്മാരായ രണ്ടു സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടർ ഈ വാഹനത്തിന് പിന്നിലിടിക്കുന്നു. സ്കൂട്ടറിൽ പോയ രണ്ട് യുവാക്കളും മണിക്കൂറുകൾക്കുള്ളിൽ മരണമടയുന്നു. ജോസ് കെ മാണിയുടെ മകനെ രക്ഷിക്കുവാൻ പോലീസ് ഒളിച്ചു കളിക്കുന്നു. മാധ്യമങ്ങളിലൂടെ സംഭവം പുറംലോകത്ത് അറിയുമ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ഈ അധികാര ദുർവിനിയോഗത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇത്രയെല്ലാം സംഭവവികാസങ്ങൾ ഉണ്ടായിട്ടും കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു വിഷയമായി ഇത് മാറിയിട്ടും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ഒരു നേതാക്കളും ഇതിനെക്കുറിച്ച് പ്രതികരിക്കുവാൻ തയ്യാറാകുന്നില്ല. ഉത്തർപ്രദേശിലും കർണാടകത്തിലും സമാന സംഭവങ്ങൾ ഉണ്ടായപ്പോൾ കേരളത്തിൽ പ്രതിഷേധ ചാകരയാണ് നടന്നത്. ഈ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോഴും കോൺഗ്രസ്/ ബിജെപി/ സിപിഎം നേതാക്കൾ പൊതുയോഗങ്ങളിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആഞ്ഞടിക്കാറുണ്ട്. എന്നാൽ ഇവിടെ നമ്മുടെ സംസ്ഥാനത്ത് തന്നെ നടന്ന ഒരു സംഭവം ഇവരാരും അറിഞ്ഞ മട്ടേയില്ല.

ഇതാണ് ജോസ് കെ മാണിയുടെ രാഷ്ട്രീയത്തിന്റെ വിജയം. സിപിഎമ്മിന് ഒപ്പം നിൽക്കുമ്പോഴും തങ്ങളുടെ പാളയത്തിലേക്ക് ജോസ് എത്തിച്ചേരുമെന്ന് ബിജെപിയും കോൺഗ്രസും ഒരുപോലെ കണക്കുകൂട്ടുന്നു. ജോസ് ചാടി പോകാതിരിക്കാൻ സിപിഎമ്മും പ്രീണിപ്പിക്കുന്നു. അങ്ങനെ എല്ലായിടത്തുനിന്നും ജോസ് കെ മാണിക്ക് ഉപകാരങ്ങൾ മാത്രം. ഇത് കേരളത്തിലെ പൊതുജനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പായി വേണം കരുതാൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവോ അയാളുടെ കുടുംബാംഗങ്ങളോ അറിഞ്ഞോ അറിയാതെയോ സാധാരണക്കാരന്റെ ജീവൻ എടുത്താൽ എതിരാളികൾ പോലും പ്രതികരിക്കില്ല. കേരളത്തിലെ രാഷ്ട്രീയക്കാരുടെ ജനാധിപത്യബോധവും, പൊതുജനങ്ങളോടുള്ള പ്രതിബദ്ധതയും ഒരു പ്രത്യേക തരത്തിലുള്ളതാണ്. കളവിൽ ചതി പാടില്ല എന്ന് പറയുന്നതുപോലെ, കൂട്ടത്തിൽ ഒരുത്തന്റെ അത് എതിർപാളയത്തിലുള്ള ആളാണെങ്കിൽ പോലും താല്പര്യങ്ങൾ സംരക്ഷിച്ചു മാത്രമേ കേരളത്തിലെ രാഷ്ട്രീയക്കാർ മുന്നോട്ടു പോകൂ. അതിനുവേണ്ടി അവർ സൗകര്യപൂർവ്വം ജനങ്ങളെ മറക്കും, കണ്ടില്ലെന്നു നടിക്കും.

ഇരവാദമുയർത്തി ന്യായീകരണം

രണ്ടു ചെറുപ്പക്കാരുടെ ജീവനാണ് പൊലിഞ്ഞത്. ഇതിൽ ഒരാളുടെ ഭാര്യ ഗർഭിണിയാണ്. അമിതവേഗത്തിൽ പാഞ്ഞ ഇന്നോവ അച്ഛൻറെ മുഖം കാണാൻ യോഗമില്ലാത്ത ഒരു കുഞ്ഞിനെ ലോകത്തിനു സമ്മാനിച്ചിരിക്കുന്നു. 19 വയസ്സ് ഉള്ളൂ എന്നതുകൊണ്ടോ, ജോസ് കെ മാണിയുടെ മകൻ ആയതുകൊണ്ട് ഇയാൾക്ക് പ്രത്യേക ശിക്ഷ ഒന്നും നൽകേണ്ടതില്ല. പക്ഷേ ഇയാളെ ന്യായീകരിക്കുമ്പോൾ ഒരു കാര്യം വിസ്മരിക്കരുത്. പ്രതി ആരെന്നും അയാളുടെ പ്രായവും തിരിച്ചറിഞ്ഞിട്ടും പോലീസ് എഫ്ഐആറിൽ ചേർത്തത് 45 കാരനായ വാഹന ഡ്രൈവർ എന്നാണ്. പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് മനസ്സിലാക്കാൻ അയാളുടെ രക്ത പരിശോധന നടത്താമായിരുന്നു, അതും പോലീസ് ചെയ്തില്ല. നിയമത്തിന്റെ എല്ലാ അടച്ചിട്ട് കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവിന്റെ മകനെ ഇരുളിന്റെ മറവിൽ സ്റ്റേഷനിൽ എത്തിച്ച് ഇരു ചെവി അറിയാതെ ജാമ്യം നൽകി വിട്ടയച്ചു. സ്കൂട്ടർ പിന്നിൽ നിന്നാണ് ഇടിച്ചത് പക്ഷേ നിയന്ത്രണംവിട്ട കാർ വട്ടം തിരിഞ്ഞ് എതിർ ദിശയിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. ഇതിന് ന്യായീകരണങ്ങൾ നടത്തുന്നവർ ഒന്നോർക്കുക, നമ്മളും നമുക്ക് വേണ്ടപ്പെട്ട വരും എല്ലാം ഇരു ചക്ര വാഹനങ്ങൾ ഓടിച്ചും, കാൽനടയായും നിരന്തരം പൊതുനിരത്തുകളിൽ ഇറങ്ങുന്നവരാണ്. അന്നേതെങ്കിലും ഒരു പ്രമുഖന്റെ പുത്രൻ ഇതുപോലെ ചീറിപ്പാഞ്ഞാൽ നമുക്കും, നമ്മുടെ കുടുംബത്തിനും മാത്രമാവും നഷ്ടം. ഇത്തരം ദുഷ്പ്രവണതകളെ ന്യായീകരിക്കുന്നത് വലിയ കുറ്റമാണ്, സമൂഹത്തോട് ചെയ്യുന്ന കുറ്റം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക