തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ പൂർത്തിയായിട്ടും കെപിസിസി പ്രസിഡന്റ് പദവി തിരിച്ചു കിട്ടാത്തതില്‍ കെ.സുധാകരൻ തികഞ്ഞ അതൃപ്തിയില്‍. താല്കാലിക പ്രസിഡന്റ് ചുമതലയില്‍ നിന്ന് എംഎം.ഹസനെ നീക്കാതെ ഹൈക്കമാന്‍ഡ് തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതില്‍ സുധാകരന്‍റെ അനുയായികള്‍ അസ്വസ്ഥരാണ്.

ഇന്നലെ നടന്ന കെപിസിസി നേതൃയോഗത്തിന് ശേഷം ചുമതല ഏറ്റെടുക്കാമെന്ന ധാരണയിലാണ് സുധാകരൻ കണ്ണൂരില്‍ നിന്ന് എത്തിയത്. എന്നാല്‍ അധികാര കൈമാറ്റത്തെക്കുറിച്ച്‌ ഹൈക്കമാൻഡ് വ്യക്തമായ സൂചനയൊന്നും നല്കാത്തതും സുധാകര ക്യാമ്ബിനെ അലട്ടുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ സംഘടനാ ചുമതലയുള്ള കെ.സി.വേണുഗോപാല്‍ ചുമതല മാറ്റത്തെക്കുറിച്ച്‌ സൂചനയൊന്നും നല്‍കാത്തതാണ് സുധാകരനെ അസ്വസ്ഥനാക്കുന്നത്. ഹൈക്കമാൻഡില്‍ നിന്ന് കത്തുവരട്ടെയെന്ന നിലപാടിലാണ് വേണുഗോപാല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി പ്രസിഡന്റ് പദവി ഉപേക്ഷിച്ച്‌ കണ്ണൂരില്‍ മത്സരിക്കുന്നതില്‍ സുധാകരന് തീരെ താല്പര്യമില്ലായിരുന്നു. ഹൈക്കമാൻഡിന്‍റെ നിർബന്ധവും സമ്മർദവും കാരണമാണ് അദ്ദേഹം മത്സരത്തിന് തയ്യാറായത്.തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം അധ്യക്ഷ പദവി തിരികെ കിട്ടുമെന്ന ധാരണയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മാർച്ച്‌ 21നാണ് എം.എം.ഹസന് പ്രസിഡന്റിന്‍റെ താല്‍ക്കാലിക ചുമതല നല്‍കിക്കൊണ്ട് എഐസിസി ഉത്തരവായത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഹസൻ തുടരുമെന്നാണ് അറിയുന്നത്.

2025ല്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തില്‍ സമഗ്ര അഴിച്ചുപണി ഉണ്ടായേക്കും.12000ത്തിലധികം ബൂത്ത് കമ്മറ്റി പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നിയമിക്കേണ്ട ഗതികേടിലായിരുന്നു പാർട്ടി. ഇത്തവണയും സംഘടനാ സംവിധാനത്തിന്റെ അഭാവം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിഴലിച്ചതായി മിക്ക സ്ഥാനാർത്ഥികളും പരാതിപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന് പകരം ചെറുപ്പക്കാരനായ ഒരാളെ പാർട്ടി അധ്യക്ഷനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്കമാലി എംഎൽഎയും യുവ നേതാവും ആയ റോജി എം ജോണിന്റെ പേരാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.

എന്നാൽ കെ സുധാകരനെ ഏകപക്ഷീയമായി മാറ്റിയാൽ അത് സംസ്ഥാന കോൺഗ്രസിനുള്ളിൽ വിധി പൊട്ടിത്തെറികൾ ഉണ്ടാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഒരുപാട് പ്രവർത്തകർക്ക് സുധാകരൻ ഒരു വികാരമാണ്. അതുകൊണ്ടുതന്നെ പാർട്ടിയിൽ ഒരു പിളർപ്പുണ്ടാക്കാനുള്ള ശേഷി ഉള്ള നേതാവാണ് കെ സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം അഖിലേന്ത്യാതലത്തിൽ കോൺഗ്രസിന് തിരിച്ചടിയായാൽ ബിജെപിയും സുധാകരന് വേണ്ടി വലവിരിക്കാൻ സാധ്യതയും നിലനിൽക്കുന്നുണ്ട്.

കേരളത്തിൽ പ്രതീക്ഷിക്കുന്ന പോലെ വിജയം ഉണ്ടായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലയും പരുങ്ങലിലാവും. പാർട്ടിയിൽ സമഗ്രമായ ഒരു അഴിച്ചു പണി നടക്കേണ്ട സാഹചര്യം സംജാതമായാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും പുതിയ ആളെ നിയോഗിച്ചേക്കും. ഇതിനായി മാത്യു കുഴൽനാടനെപ്പോലെ ജനപ്രീതിയുള്ള ഒരു യുവ നേതാവിന് പരിഗണിക്കാനും ഇടയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് കൊമ്പ് കോർക്കുന്ന കുഴൽനാടന് പൊതുസമൂഹത്തിലും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക