KL-07-CC-1717 രജിസ്റ്റർ നമ്പറിലുള്ള വെള്ള ഇന്നോവ കാർ പാലാക്കാർക്ക് സുപരിചിതമാണ്. ജോസ് കെ മാണിയുടെ ഭാര്യയും മകനും ഈ വാഹനം ഓടിച്ചു പോകുന്നത് പാലായിലെ ഒരു പതിവ് കാഴ്ച തന്നെയാണ്. എന്നാൽ ഈ വാഹനം ഈസ്റ്റർ തലേന്ന് (08/04/2023) മണിമലയിൽ വച്ച് ഒരു അപകടത്തിൽപ്പെട്ടു. ഈ വാഹനത്തിന്റെ പിന്നിൽ ഒരു സ്കൂട്ടർ വന്നിടിച്ച് അതിലെ യാത്രികരായിരുന്ന രണ്ട് സഹോദരങ്ങൾ മരണപ്പെട്ടു. പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത് ഇന്നോവ കാറിന്റെ ഡ്രൈവർ, അപകടകരമായും ഉദാസീനമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനം ഓടിച്ചു എന്നാണ്. എന്നാൽ എഫ്ഐആറിൽ കാർ ഉടമയുടെ വിവരങ്ങളോ, വാഹനം ഓടിച്ച ഡ്രൈവറുടെ പേര് വിശദാംശങ്ങളോ ചേർത്തിട്ടില്ല. അതിവേഗം പാഞ്ഞ ഇന്നോവ സഡന്‍ ബ്രേക്ക് ഇടുകയും നിയന്ത്രണം വിട്ട് ആടിയുടഞ്ഞ് റോഡിന് നടുവിൽ നിൽക്കുകയും ആയിരുന്നു എന്നും വാഹനം ഓടിച്ചിരുന്നത് ജോസിന്റെ മകൻ കുഞ്ഞു മാണിയാണ് എന്നും പ്രാദേശികമായി പ്രചരിപ്പിക്കപ്പെടുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് ഇടപെട്ട് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു എന്നും ആക്ഷേപമുണ്ട്.

വാഹനം ഓടിച്ചിരുന്നത് ആര്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനമോടിച്ചിരുന്ന പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് മണിമല പോലീസ് വ്യക്തമാക്കുന്നത്. ഡ്രൈവറുടെ വയസ്സ് 43 എന്ന് എഫ്ഐആറിൽ കാണിച്ചിട്ടുണ്ടല്ലോ എന്നത് ചൂണ്ടിക്കാട്ടിയപ്പോൾ കമ്പ്യൂട്ടറിൽ ഡ്രൈവറുടെ പ്രായം ചേർക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതുകൊണ്ട് വെറുതെ ഒരു പ്രായം ഇട്ടു കൊടുത്തതാണ് എന്നാണ്. വാഹനത്തിന്റെ ഉടമ സേവ്യർ മാത്യു എന്ന വ്യക്തിയാണ്. ഇയാൾ ജോസ് കെ മാണിയുടെ സഹോദരി ഭർത്താവാണ്. അഭ്യൂഹങ്ങൾ അനുസരിച്ച് വാഹനം ഓടിച്ചിരുന്നത് ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണിയാണ്.

ഇയാൾ ഗൗരവമേറിയ ഒരു കേസിൽ പ്രതിയാകുന്ന സാഹചര്യമൊഴിവാക്കാൻ വേണ്ടിയാണോ പോലീസ് ശ്രമിക്കുന്നത് എന്നാണ് സംശയിക്കേണ്ടത്. സാധാരണ ഗതിയിൽ വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഡ്രൈവർമാരുടെ മെഡിക്കൽ എടുക്കാറുണ്ട്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ കൂടിയാണിത്. ഒരു വ്യക്തി മദ്യപിച്ചിട്ടുണ്ടെങ്കിൽ 24 മണിക്കൂർ നേരം അയാളുടെ രക്തത്തിൽ നിന്ന് മദ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും. അതിനുള്ള സാധ്യതകളും ഇവിടെ അടയുകയാണ്. ഇതും അട്ടിമറിയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

വാഹനം എങ്ങനെ മണിമലയിൽ എത്തി?

ജോസ് കെ മാണിയുടെ മൂത്തമകളെ വിവാഹം ചെയ്യ്ത് അയച്ചിരിക്കുന്നത് മണിമലയിലേക്കാണ്. ആ ഭവനത്തിലേക്ക് സന്ദർശനത്തിനായി പോയപ്പോഴാകാം വാഹനം അപകടത്തിൽ പെട്ടത്. ഇക്കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. അപകടത്തിൽ പെടുമ്പോൾ വാഹനത്തിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിനെ സംബന്ധിച്ചും വ്യക്തതയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക