ന്യൂഡല്‍ഹി: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയതില്‍ പ്രതികരിച്ച്‌ ഫരീദാബാദ് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ കുര്യാക്കോസ്, മോദിയുടെ സന്ദര്‍ശനം ആത്മവിശ്വാസം നല്‍കുന്നുവെന്ന് മാര്‍ കുര്യാക്കോസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉണ്ടാക്കുന്ന പ്രത്യാഘാതം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അത് നല്‍കുന്ന സന്ദേശം വളരെ വലുതാമെന്നും സഭാ നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഈസ്റ്ററിനോടനുബന്ധിച്ചാണ് ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയത്. വൈകിട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികര്‍ ചേര്‍ന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം നരേന്ദ്രമോദി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഇരുപത് മിനിട്ടോളം പള്ളിയില്‍ ചെലവഴിച്ച അദ്ദേഹം പുരോഹിതരുമായും വിശ്വാസികളുമായും സംവദിച്ചു. തുടര്‍ന്ന് ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൈസ്തവ വിഭാഗങ്ങളെ ബി,ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ എത്തിയത് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പ്രധാനമന്ത്രിയെയും ബിജെപിയും പുകഴ്ത്തി പറയുകയും സഭ കോൺഗ്രസിന് കൈവിട്ടു എന്ന സൂചന നൽകുകയും ചെയ്തിരുന്നു. റബറിന് 300 രൂപ തറ വില പ്രഖ്യാപിച്ചാൽ ബിജെപിക്ക് കേരളത്തിൽ നിന്ന് എംപി ഉണ്ടാകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി നേരത്തെ പറഞ്ഞതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ത്രിപുരയിലെ വിജയത്തിന് പിന്നാലെ ഇനി കേരളം പിടിച്ചടക്കും എന്ന് പ്രധാനമന്ത്രി മോദിയും പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ ചുവട് ഉറപ്പിക്കാൻ ചടുല നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിനോട് കത്തോലിക്കാ സഭ നേതൃത്വം നടത്തുന്ന അനുകൂല പ്രതികരണങ്ങളും ശ്രദ്ധേയമാണ്. ഇടതു വലതുമുന്നണികളുടെ രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു രാഷ്ട്രീയം കേരളത്തിൽ വളർന്നു വരുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളും നിരീക്ഷകരും ഉറ്റു നോക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നത് എങ്കിൽ അക്കൗണ്ട് തുറക്കുക മാത്രമല്ല അതിനപ്പുറത്തേക്ക് ഒരു പക്ഷേ കാര്യങ്ങൾ എത്തിക്കാൻ ബിജെപിക്ക് സാധിച്ചു കൂടായ്കയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക