അഹമ്മദാബാദ് : വീഡിയോ കോള്‍ വിളിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇവരുടെ തട്ടിപ്പില്‍ വീഴുന്നവരുടെ എണ്ണത്തില്‍ കുറവില്ല. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്തിലെ വ്യവസായിക്ക് ഉണ്ടായ അനുഭവം. സെക്സ് വീഡിയോ കോളിന് പിന്നാലെ വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്ത് 2.69 കോടി രൂപയാണ് ഒരു സംഘം തട്ടിയത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 8നാണ് സംഭവങ്ങളുടെ തുടക്കം. മോര്‍ബിയില്‍ നിന്നുള്ള റിയ ശര്‍മ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ വ്യവസായിയെ ഫോണ്‍ വഴി ബന്ധപ്പെടുകയായിരുന്നു. നിരന്തരം ഫോണ്‍ വഴി ബന്ധപ്പെട്ട ഇവര്‍ കൂടുതല്‍ അടുത്തു. ഇതിനിടെ ഒരു ദിവസം വീഡിയോ കോളിനിടെ യുവതി ഇയാളോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ച് നിമിഷങ്ങള്‍ക്കകം യുവതി കോള്‍ കട്ട് ചെയ്തു. പിന്നീടാണ് ബ്ലാക്ക് മെയിലിംഗ് തുടങ്ങിയത്.
നഗ്ന വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 50000 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. വ്യവസായി പണം നല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹി പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ച് നഗ്ന വീഡിയോ കൈവശമുണ്ടെന്നും മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാള്‍ക്കും പണം നല്‍കി. ഇതിന് പിന്നാലെ ആഗസ്റ്റ് 14ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് യുവതിയുടെ അമ്മ കേന്ദ്ര ഏജന്‍സിയെ സമീപിച്ചെന്ന് അവകാശപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കുന്നകതിന് 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരാള്‍ വിളിച്ചു. ഇയാള്‍ക്കും പണം കൊടുത്തു.
ഇപ്രകാരം ഡിസംബര്‍ 15 വരെ ഇയാള്‍ തട്ടിപ്പുകാര്‍ക്ക് പണം നല്‍കി. എന്നാല്‍, ദില്ലി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധിയുടെ പകര്‍പ്പ് സംശയം ജനിപ്പിച്ചു. പരിശോധനയില്‍ വിധിയുടെ പകര്‍പ്പ് വ്യാജമാണെന്ന് മനസിലായതോടെ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് ജനുവരി 10ന് സൈബര്‍ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനില്‍ 11 പേര്‍ക്കെതിരെ 2.69 കോടി രൂപ തട്ടിയെടുത്തതായി പരാതി നല്‍കി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.