പഞ്ചനക്ഷത്ര ഹോട്ടലില്‍ കാർ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. പൂണെ സ്വദേശിയായ സന്ദീപ് സുരേഷ് കാംബ്ലിയെ(42) ഹോട്ടല്‍മുറിയില്‍ കൊലപ്പെടുത്തിയ കേസിലാണ് അഞ്ജലി ഷാ(25) കാമുകനായ രാകേഷ് ഷാ(27) എന്നിവരെ പോലീസ് പിടികൂടിയത്. കൃത്യം നടത്തി വിമാനമാർഗം കൊല്‍ക്കത്തയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേരും പിടിയിലായത്. ത്രികോണ പ്രണയവും ഇതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

തിങ്കളാഴ്ചയായിരുന്നു സംഭവം. പൂണെയില്‍ കാർ ഡീലറായ സന്ദീപ് സുരേഷും കൊല്‍ക്കത്ത വിമാനത്താവളത്തിലെ റസ്റ്ററന്റ് ജീവനക്കാരിയായ അഞ്ജലിയും ഒരുവർഷം മുമ്ബാണ് സൗഹൃദത്തിലാകുന്നത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍വച്ചുള്ള ഇരുവരുടെയും പരിചയം പിന്നീട് അടുപ്പമായി വളർന്നു. അതേസമയം, സന്ദീപുമായി അടുപ്പത്തിലാകുന്നതിന് മുമ്ബ് തന്നെ രാകേഷ് ഷായുമായി അഞ്ജലി പ്രണയത്തിലായിരുന്നു. അഞ്ജലിയെ വിവാഹം കഴിക്കാനായി രാകേഷ് നിർബന്ധം പിടിക്കുകയുംചെയ്തിരുന്നു. ഇതിനിടെയാണ് അഞ്ജലി സന്ദീപുമായും അടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാകേഷ് വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് സന്ദീപിനെക്കുറിച്ച്‌ അഞ്ജലി വെളിപ്പെടുത്തിയത്. സന്ദീപിന്റെ കൈവശം അഞ്ജലിക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങളും ഉണ്ടായിരുന്നു. ഇതോടെ സന്ദീപിനെ നേരിട്ടുകണ്ട് ചിത്രങ്ങള്‍ നീക്കംചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം. ആദ്യം കൊല്‍ക്കത്ത വിമാനത്താവളത്തില്‍വച്ച്‌ സന്ദീപിനെ കാണാനായിരുന്നു തീരുമാനം. എന്നാല്‍, സന്ദീപ് കൂടിക്കാഴ്ച ഗുവാഹാട്ടി വിമാനത്താവളത്തിലേക്ക് മാറ്റി. ഗുവാഹാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാള്‍ മുറിയും ബുക്ക് ചെയ്തു.

കൊല്‍ക്കത്തയില്‍നിന്ന് അഞ്ജലിയും രാകേഷും ഒരുമിച്ചാണ് ഗുവാഹാട്ടിയില്‍ എത്തിയതെങ്കിലും പിന്നീട് ഇരുവരും രണ്ടുവഴിക്ക് തിരിഞ്ഞു. അഞ്ജലി നഗരത്തിലെത്തി സന്ദീപിനൊപ്പം ചേർന്നതിന് പിന്നാലെ രാകേഷ് സന്ദീപ് താമസിക്കുന്ന അതേ ഹോട്ടലില്‍ മറ്റൊരു മുറിയെടുത്തു. തുടർന്ന് സന്ദീപും അഞ്ജലിയും ഹോട്ടല്‍മുറിയില്‍ എത്തിയതിന് പിന്നാലെ രാകേഷും ഇവിടേക്കെത്തി. എന്നാല്‍, രാകേഷ് മുറിയിലെത്തിയത് സന്ദീപിനെ ചൊടിപ്പിച്ചു. ഇരുവരും തമ്മില്‍ അടിപിടിയുണ്ടായി. ഇതിനിടെയാണ് സന്ദീപ് സുരേഷ് പരിക്കേറ്റ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ മുറിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ പ്രതികള്‍ ഇയാളുടെ രണ്ട് മൊബൈല്‍ഫോണുകളും കൈക്കലാക്കിയിരുന്നു. അഞ്ജലിക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നതായി ആരോപിക്കുന്ന മൊബൈല്‍ഫോണുകളാണ് പ്രതികള്‍ തട്ടിയെടുത്തത്. തുടർന്ന് ഗുവാഹാട്ടി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലെത്തി. ഇവിടെനിന്ന് തിങ്കളാഴ്ച രാത്രി 9.15നുള്ള വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമം.

എന്നാല്‍, ഇതിനോടകം സന്ദീപ് കൊല്ലപ്പെട്ടവിവരം പുറത്തറിഞ്ഞിരുന്നു. സന്ദീപ് മുറിയില്‍ ചോരയൊലിച്ചുകിടക്കുന്നത് ഹോട്ടല്‍ ജീവനക്കാരനാണ് ആദ്യം കണ്ടത്. തുടർന്ന് ഹോട്ടല്‍ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. ഹോട്ടലിലെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് സംഘത്തിന് പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചത്. പിന്നാലെ ഗുവാഹാട്ടി വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്കാരുടെ പട്ടികയും പോലീസ് പരിശോധിച്ചു. ഇതില്‍നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകളും കണ്ടെത്തിയത്. പിന്നാലെ പോലീസ് സംഘം ഇവർക്കായി തിരച്ചില്‍ ഊർജിതമാക്കുകയും വിമാനത്താവളത്തിന് സമീപത്തുനിന്ന് രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക