കണ്ണൂര്‍: മധ്യവയസ്കനെ വിളിച്ചുവരുത്തി പണവും കാറും കവര്‍ന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. തലശ്ശേരി റെയില്‍വേസ്റ്റേഷൻ പരിസരം നടമ്മല്‍ ഹൗസില്‍ സി.ജിതിൻ (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് യൂത്തിന് സമീപം ശ്രീലക്ഷ്മിയില്‍ വി.അശ്വതി (19), കതിരൂര്‍ വേറ്റുമ്മല്‍ കേളോത്ത് വീട്ടില്‍ കെ.സുബൈര്‍ (33), മൊകേരി മുത്താറിപ്പീടിക കണ്ണച്ചാംകണ്ടി വീട്ടില്‍ കെ.ഷഫ്‌നാസ് (29) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കണ്ണൂര്‍ ചിറക്കലിലെ മോഹൻദാസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തലശ്ശേരി പോലീസ് ഇൻസ്പെക്ടര്‍ എം.അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.അശ്വതിയും മോഹൻദാസും പരിചയക്കാരായിരുന്നു. അമ്മ മുഖേനയാണ് അശ്വതി മോഹൻദാസിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. യുവതി മോഹൻദാസിനോട് തലശ്ശേരിയില്‍ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞാണ് മോഹൻദാസിനെ തലശ്ശേരിയിലേക്ക് വിളിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹൻദാസ് കാര്‍ തലശ്ശേരി ബി.ഇ.എം.പി. സ്കൂള്‍ പരിസരത്ത്‌ നിര്‍ത്തി യുവതിയുള്ളിടത്ത് പോയി. ഓട്ടോ പണം നല്‍കി തിരിച്ചുപോകാൻ ശ്രമിക്കുമ്ബോള്‍ യുവതിയുടെ ഭര്‍ത്താവും ഒന്നിച്ചുള്ളവരും ബലമായി ഓട്ടോയില്‍ കയറ്റി. അതിനുശേഷം മോഹൻദാസിന്റെ കാറെടുത്ത് മോഹൻദാസിനെ കയറ്റി തലശ്ശേരിയില്‍നിന്ന് കാടാച്ചിറ, മമ്ബറം എന്നിവിടങ്ങളില്‍ പോയി.മോഹൻദാസിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി 6000 രൂപയും കാറും തട്ടിയെടുത്തെന്നാണ് പരാതി.

കാര്‍ തിരിച്ചുനല്‍കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. മോഹൻദാസ് തലശ്ശേരി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ നാലംഗസംഘത്തെ കോടിയേരി ഇടയില്‍പ്പീടികയ്ക്ക് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതി കൂടി സംഘത്തിലുണ്ടായിരുന്നു. ഇവരെക്കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക