കേരളത്തിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നഗരസഭ അധ്യക്ഷപദവി വഹിച്ചിരുന്ന ഏക നഗരസഭയാണ് പാലാ. ഇടതുമുന്നണിയിലെ ധാരണകൾ പ്രകാരം കേരള കോൺഗ്രസ് പ്രതിനിധിയായ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇന്നലെ ചെയർമാൻ സ്ഥാനം രാജിവച്ചു. സംഭവബഹുലമായ ഒരു ഭരണ കാലാവധിയിലൂടെയാണ് അദ്ദേഹം കടന്നുപോയത് എന്ന് നിസംശയം പറയാം. നഗരസഭ അധ്യക്ഷനായിരിക്കെ പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലാ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങിയതും, തെരഞ്ഞെടുപ്പ് കാലത്ത് ഭരണമുന്നണിയിലെ പ്രമുഖർ തമ്മിൽ കൗൺസിൽ ഹാളിൽ കയ്യാങ്കളി ഉണ്ടായതും, നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭാ പ്രദേശത്ത് ജോസ് കെ മാണി എതിരാളിയായ മാണി സി കാപ്പനോട് ബഹുദൂരം പിന്നിലായതും, മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ശോചനീയാവസ്ഥ മൂലം നഗരസഭയ്ക്ക് മേൽ വൻതുക പിഴ വന്നതും സ്വന്തം പാർട്ടിയുടെ നോമിനിയായ സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗം അന്താരാഷ്ട്ര കായികതാരത്തെ നഗരസഭാ സ്റ്റേഡിയത്തിനുള്ളിൽ വച്ച് അസഭ്യം പറഞ്ഞതും എല്ലാം ആന്റോ ജോസ് അധ്യക്ഷ പദവി വഹിച്ച കാലഘട്ടത്തിലാണ്. ഇങ്ങനെ രാഷ്ട്രീയ കൊടുങ്കാറ്റുകളിൽ ആടിയുലഞ്ഞ ഒരു കപ്പലിനെ ആണ് ഒരു വിദഗ്ധ നാവികനെ പോലെ ഇദ്ദേഹം മുന്നോട്ടു നയിച്ചത്.

കാര്യപ്രാപ്തി സംശയിക്കപ്പെട്ട ആദ്യ നാളുകൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ കെഎം മാണിയുടെ വിശ്വസ്തനും, മുൻ നഗരപിതാവുമായിരുന്നു കുര്യാക്കോസ് പടവനോട് ഇഞ്ചോട് ഇഞ്ച് നടന്ന പോരാട്ടത്തിലാണ് സ്വന്തം കുടുംബത്തിന്റെ കുത്തകയായ പാലാ നഗരസഭയിലെ വാർഡിൽ നിന്ന് ആന്റോ ജോസ് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പിതാവും, മാതാവും നഗരസഭ അധ്യക്ഷ പദവിയിലേക്ക് എത്തിയത് ഈ വാർഡിൽ നിന്ന് തന്നെ വിജയിച്ചാണ്. ആന്റോയും, അദ്ദേഹത്തിൻറെ സഹോദര പത്നിയും മുൻകാലങ്ങളിൽ ഈ വാർഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നിട്ടും സമാനതകൾ ഇല്ലാത്ത വെല്ലുവിളിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം വാർഡിൽ നേരിട്ടത്.

എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുന്നണിക്കുള്ളിൽ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹത്തിന് കാര്യമായ വെല്ലുവിളികൾ ഉണ്ടായില്ല. നിലവിലെ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റും അധ്യക്ഷപദവിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വ്യക്തിയുമായ ബിജു പാലൂപടവിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ് ഇതിന് ഒരു മുഖ്യകാരണം. എങ്കിലും ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ ആന്റോ ജോസിന് പിന്നിൽ നിന്ന് ഭരണചക്രം നിയന്ത്രിക്കുന്നത് പാലുപ്പടവനാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ ആരോപണത്തിന്റെ സ്ഥിരീകരണം എന്നപോലെ പാലുപ്പടവൻ നഗരസഭ ഓഫീസിൽ ഒരു സ്ഥിരം സാന്നിധ്യവും ആയിരുന്നു. ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫ് ആയിരിക്കെ തന്നെ പാർട്ടി പ്രവർത്തനങ്ങളും സമാന്തര നഗര ഭരണവുമായി ബിജു പാലൂപ്പടവൻ മുനിസിപ്പാലിറ്റിയിൽ നടത്തിയ നീക്കങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്

വിവാദങ്ങളിൽ കൊണ്ട് ചാടിച്ചത് ഉപദേശകർ:

പാലായുടെ നഗരപിതാവിനെ പലപ്പോഴും വിവാദ പുരുഷനാക്കി മാറ്റിയത് സ്വന്തം പാളയത്തിലെ ഉപദേശകർ തന്നെയാണ്. ഇദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് ചമഞ്ഞ് പലപ്പോഴും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നത് സ്വന്തം പാർട്ടിയിലെ തന്നെ ഒരു താലൂക്ക് ആശുപത്രി ഭരണ സമിതി അംഗമായിരുന്നു. ചെയർമാൻ വേണ്ടി പ്രസ്താവനകളും, പ്രസംഗങ്ങളും എഴുതി കൊടുത്തിരുന്നത് ഇദ്ദേഹമാണ് എന്ന ഒരു ശ്രുതി പാലായിലെ രാഷ്ട്രീയ മാധ്യമ വൃത്തങ്ങളിൽ സജീവമാണ്. പലപ്പോഴും ഇത്തരം പ്രസ്താവനകൾ തന്നെയാണ് ചെയർമാനെ കെണിയിൽ പെടുത്തിയിരുന്നത്.

കേരള കോൺഗ്രസ് പാർട്ടിക്കുള്ളിലെ പടല പിണക്കങ്ങൾ മൂലം ചെയർമാന് ഒപ്പം ഉറച്ചു നിന്നിരുന്ന മറ്റൊരു നഗരസഭ കൗൺസിലറും പലപ്പോഴും വിവാദനായകനായി. ഇദ്ദേഹത്തിനെതിരെ ഉയർന്ന പല ആരോപണങ്ങളും ചെയർമാനെയും പ്രതിരോധത്തിൽ ആക്കി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവം നിയമസഭാ തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിൽ നഗരസഭയുടെ കൗൺസിൽ ഹാളിൽ വിവാദനായകനും സിപിഎമ്മും നേതാവും തമ്മിലുണ്ടായ കയ്യാങ്കളിയാണ്.

ഇനിയാര്?

മുന്നണി ധാരണങ്ങൾ പാലിച്ചാണ് രാജിയെന്ന് കേരള കോൺഗ്രസ് ആവർത്തിക്കുമ്പോഴും നഗരസഭാ അധ്യക്ഷപദവിയിലേക്ക് ഇനിയെത്തുക ആര് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. സിപിഎം പ്രതിനിധിയായി ചെയർമാൻ സ്ഥാനത്ത് എത്തുന്നത് പാർലമെൻററി പാർട്ടി ലീഡറും അവരുടെ ഏക പുരുഷ പ്രതിനിധിയുമായ ബിനു പുളിക്കകണ്ടം ആകുമോ എന്ന കാര്യത്തിലാണ് അവ്യക്തത. അനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ പലപ്പോഴും ഇടതുമുന്നണിയുടെ നയസമീപനങ്ങൾക്ക് വിരുദ്ധമായി ജോസ് കെ മാണിയെടുക്കുന്ന നിലപാടുകളും, പാലാ നഗരസഭയിൽ അവസാനവർഷം സിപിഎമ്മിന് നൽകാമെന്ന് മുൻധാരണകളിൽ നിന്നും മാറി മുന്നോട്ടുവെച്ച നിർദ്ദേശവും ആണ് ഇത്തരത്തിൽ സംശയം ഉയരാൻ കാരണം. അതുകൊണ്ടുതന്നെ ഏതെങ്കിലും അവസാനം നിമിഷ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറാനുള്ള സാധ്യതകളും തള്ളികളയാനാവില്ല. ജോസ് കെ മാണിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് വഴങ്ങി കൊണ്ട് പാർട്ടി ചിഹ്നത്തിൽ വിജയിച്ച ഏക നഗരസഭ പ്രതിനിധിയെ സിപിഎം കൈവിടുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക