ഇടത് ആണെങ്കിലും വലതാണെങ്കിലും പാലായിൽ തങ്ങളാണ് വല്യേട്ടന്മാർ എന്ന മനോഭാവമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എന്നും പുലർത്തുന്നത്. യുഡിഎഫിൽ നിന്ന് വിട്ട് എൽഡിഎഫിന്റെ ഭാഗമായപ്പോൾ സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായില്ല. രാഷ്ട്രീയ എതിരാളികളേക്കാൾ സ്വന്തം പാളയത്തിലെ ഘടകകക്ഷികളോടാണ് കേരള കോൺഗ്രസിന്റെ എപ്പോഴത്തെയും യുദ്ധം.

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഈ നിഷേധാത്മക നിലപാട് മൂലം സിപിഎം പ്രവർത്തകരായ നിരവധി ആളുകൾക്കാണ് ഇപ്പോൾ കുടിവെള്ളം മുട്ടിയിരിക്കുന്നത്. ജോസ് കെ മാണിയുടെ വീടിരിക്കുന്ന വാർഡ് സിപിഎമ്മിനും തുല്യ സ്വാധീനമുള്ള സ്ഥലമാണ്. കെ എം മാണി യുഡിഎഫിന്റെ പരമോന്നത നേതാവായിരുന്ന കാലത്ത് പോലും സിപിഎം പ്രതിനിധി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിജയിച്ച വാർഡ്. ഈ വാർഡിൽ സിപിഎം പ്രവർത്തകർ തിങ്ങിപ്പാർക്കുന്ന ആരിപ്പാറ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയാണ് ഇപ്പോൾ കേരള കോൺഗ്രസ് പ്രതിനിധിയായ വാർഡ് കൗൺസിലർ അട്ടിമറിച്ചിരിക്കുന്നത് എന്ന് ആരോപണം ഉയരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്രസർക്കാർ സഹായത്തോടുകൂടി നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതിക്കായി ആര്യപ്പാറ കോളനിയിലേക്ക് പൈപ്പിടാൻ കഴികൾ എടുത്തിരുന്നതാണ്. കൊടും വേനലിൽ നാട്ടുകാർക്ക് ആശ്വാസമായി ഉടൻ തന്നെ പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണം ഉറപ്പാക്കും എന്ന വാഗ്ദാനവും നൽകി. എന്നാൽ പിന്നീട് ഇങ്ങോട്ടേക്ക് കുഴിച്ച കുഴികൾ മണ്ണിട്ട് മൂടുകയും പൈപ്പ് ലൈനിന്റെ ദിശ വഴിമാറ്റി വിടുകയും ആണ് ചെയ്തത്.

സ്വന്തമായി കിണറും വലിയ വാട്ടർ ടാങ്കുകളും എല്ലാം ഉള്ള വീടുകളിലേക്ക് ആണ് സിപിഎം ശക്തികേന്ദ്രമായ ആര്യ പാറയ്ക്ക് വെള്ളം നിഷേധിച്ചുകൊണ്ട് ലൈൻ വഴി മാറ്റിയത്. ജലക്ഷാമം രൂക്ഷമായ ഈ കൊടുംവേനൽ കാലത്താണ് സാധാരണക്കാരായ ജനങ്ങളോടുള്ള വഞ്ചന. പാലാ നഗരസഭയിൽ ജോസ് കെഎം മാണി വിഭാഗത്തിൻറെ പ്രധാന നേതാക്കളിൽ ഒരാളായ സാവിയോ കാവുകാട്ടാണ് ഈ വാർഡിലെ കൗൺസിലർ.

തിരഞ്ഞെടുപ്പ് കാലത്ത് പോലും മനപ്പൂർവ്വം ഉപദ്രവിക്കുന്ന കേരള കോൺഗ്രസ് രാഷ്ട്രീയത്തിനെതിരെ രൂക്ഷ പ്രതികരണമാണ് സിപിഎം പ്രവർത്തകർ നടത്തുന്നത്. തങ്ങളെ വെള്ളം കുടി മുട്ടിച്ചതിന് പകരം വീട്ടാൻ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ചാഴികാടനെ ഇവർ വെള്ളം കുടിപ്പിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക