
ഉണ്ണിമുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍ മികച്ച വിജയമാണ് നേടിയിരുന്നത്. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമ സംവിധാനം ചെയ്തത് വിഷ്ണു മോഹനാണ്.
ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷത്തോട് അടുക്കുമ്ബോള്‍ തനിക്കൊപ്പം ഈ വിജയത്തിനായി പ്രവര്‍ത്തിച്ച സംവിധായകന് ആഡംബര വാഹനം സമ്മാനിച്ചിരിക്കുകയാണ് ഉണ്ണി. ഇന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ മുന്‍നിര മോഡലായ മെഴ്സിഡീസ് ബെന്‍സ് ജി.എല്‍.എ 200 ആണ് ഉണ്ണി മുകുന്ദന്‍ തന്റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. ഇതിന്റെ ചിത്രവും ഉണ്ണി ഒരു കുറിപ്പിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിയ വിഷ്ണു, നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, 2 വര്‍ഷം മുമ്ബ്, കൃത്യം ഈ ദിവസം, നമ്മള്‍ മേപ്പടിയാന്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന് പറഞ്ഞാണ് ഉണ്ണിയുടെ കുറിപ്പ് തുടങ്ങുന്നത്. ചിത്രത്തിന് ഇന്ത്യക്ക് അകത്തും പുറത്തുമായി ലഭിച്ച നേട്ടങ്ങള്‍ ഒരോന്നായി കുറിച്ചിട്ടുമുണ്ട് താരം. ഇത് വളരെ വൈകിയാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത്. ഇത് കേവലം എന്റെ സമ്മാനമല്ല, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുവെന്നും താരം പറയുന്നുണ്ട്.
ബെന്‍സിന്റെ എസ്.യു.വി. നിരയിലെ കുഞ്ഞന്‍ മോഡലാണ് ജി.എല്‍.എ.200. കേരളത്തിലെ മുന്‍നിര പ്രീഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ ഈ വാഹനം സംവിധായകനായി സ്വന്തമാക്കിയിരിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ മോഡലിന് 30 ലക്ഷം രൂപ മുതല്‍ 38.50 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 34.20 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെയുമാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഇന്ത്യയില്‍ എത്തിയിരുന്ന വാഹനമാണ് മെഴ്സിഡീസ് ബെന്‍സ് ജി.എല്‍.എ. 200. 2.1 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരുന്നത്.