കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്. ലോക്കറിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാനും റിസര്‍വ് ബാങ്ക് രണ്ടുവര്‍ഷം മുന്‍പാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതനുസരിച്ച്‌ ജനുവരി ഒന്നിന് മുന്‍പ് അടുത്തവര്‍ഷത്തെ ലോക്കറുമായി ബന്ധപ്പെട്ട കരാറില്‍ ലോക്കര്‍ ഉടമയുമായി ബാങ്ക് ഏര്‍പ്പെടേണ്ടതാണ്. കരാറില്‍ നീതിയുക്തമല്ലാത്ത ഒരു വ്യവസ്ഥയും കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കണം. ലോക്കര്‍ ഉടമയെ ഉപദ്രവിക്കുന്ന തരത്തിലുള്ളതാവരുത് കരാര്‍ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ലോക്കറില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളില്‍ ഏതെങ്കിലും നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കുന്ന ആര്‍ബിഐയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശം 2021 ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. 2022 ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ലോക്കറിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ വ്യവസ്ഥ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്കറില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ലോക്കറിന്റെ വാര്‍ഷിക വാടകയുടെ നൂറ് മടങ്ങ് വരെ ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.ലോക്കര്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. ബാങ്കിന്റെ വീഴ്ച മൂലം കവര്‍ച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ലോക്കര്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കണം. ഒഴിഞ്ഞ് കിടക്കുന്ന ലോക്കറിന്റെ എണ്ണം പ്രദര്‍ശിപ്പിക്കണം. ലോക്കര്‍ അപേക്ഷയുടെ രശീത് നല്‍കുകയും വെയ്റ്റിങ് ലിസ്റ്റിന്റെ വിശദാംശങ്ങള്‍ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ലോക്കര്‍ അനുവദിക്കുന്നതിന് മുന്‍പ് ബാങ്കും ഉപഭോക്താവും തമ്മില്‍ കരാറില്‍ എത്തണം. ലോക്കര്‍ റൂമുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. 180 ദിവസത്തെ സിസിടിവി ഡേറ്റ സൂക്ഷിക്കണം. ക്രമക്കേട് നടന്നാല്‍ എളുപ്പം പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ഇത്രയും ദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ ഡേറ്റ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്.

ലോക്കര്‍ ആവശ്യമുള്ളവര്‍ ടേം ഡെപ്പോസിറ്റ് ആരംഭിക്കണം. ലോക്കറിന് മൂന്ന് വര്‍ഷത്തേയ്ക്ക് നല്‍കുന്ന തുകയ്ക്ക് തുല്യമായ ടേം ഡെപ്പോസിറ്റ് ആണ് ആരംഭിക്കേണ്ടത്. ലോക്കറിന് മൂന്ന് വര്‍ഷത്തേക്കാള്‍ കൂടുതല്‍ വാടക മുന്‍കൂട്ടി ഈടാക്കരുത്. മുന്‍കൂട്ടി പണം അടച്ചശേഷം ലോക്കര്‍ സേവനം അവസാനിപ്പിക്കാന്‍ ഉപഭോക്താവ് തയ്യാറായാല്‍, ശേഷിക്കുന്ന കാലയളവിലുള്ള വാടക തുകയ്ക്ക് ആനുപാതികമായ തുക മടക്കി നല്‍കണം. ബാങ്ക് ലോക്കര്‍ തുറക്കുന്ന സമയത്ത് എസ്‌എംഎസ്, ഇ-മെയില്‍ വഴി ബാങ്ക് ഉപഭോക്താവിനെ അറിയിക്കണം. ബാങ്ക് തുറന്ന സമയവും തീയതിയും അറിയാന്‍ ഉപഭോക്താവിന് ഇത് സഹായകമാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക