വിഴിഞ്ഞം വിവാദത്തില്‍ ആടിയുലഞ്ഞ് കേരള കോണ്‍ഗ്രസ് എം. ക്രൈസ്തവ സഭകള്‍ അപ്പാടെ സര്‍ക്കാരിനെതിരെ നില്‍ക്കുമ്ബോള്‍ സഭാവിശ്വാസികളുടെ അടിത്തറയില്‍ നിലനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് സര്‍ക്കാരിന് ഒപ്പം നില്‍ക്കണോ സഭയ്ക്കൊപ്പം നില്‍ക്കണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

സമരത്തെ അനുകൂലിച്ച്‌ പറഞ്ഞാല്‍ പിണറായി പിണങ്ങും. എതിര്‍ത്താല്‍ സഭ പിണങ്ങും. മിണ്ടാതിരുന്നാല്‍ അണികള്‍ പിണങ്ങും എന്നതാണ് കേരള കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. സമരത്തെ അനുകൂലിച്ച്‌ ജോസ് കെ മാണി ആദ്യം പ്രസ്താവന നടത്തിയിരുന്നെങ്കിലും സൈബര്‍ ലോകത്ത് ഉള്‍പ്പെടെ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഴി‍ഞ്ഞംത്ത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്നായിരുന്നു രണ്ടുദിവസം മുമ്ബ് ജോസ് കെ മാണി പ്രതികരിച്ചത്. എടുത്ത അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ലെന്നും സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാരും മുന്നണിയും പ്രതിസന്ധിയില്‍ നില്‍ക്കുമ്ബോള്‍ പിന്നില്‍ നിന്നും കുത്തുന്നതിന് സമമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം എന്ന വികാരം സിപിഎമ്മില്‍ ശക്തമായി. ചില നേതാക്കള്‍ ഇക്കാര്യം ജോസ് കെ മാണിയെ നേരിട്ട് അറിയിച്ചു എന്നാണ് ലഭിക്കുന്ന സൂചന.

വിഴിഞ്ഞം സമരക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന സൂചന സഭയ്ക്കും സമരക്കാര്‍ക്കും നല്‍കിയെങ്കിലും അതില്‍ ഉറച്ചുനില്‍ക്കാന്‍ ജോസ് കെ മാണിക്ക് കഴിഞ്ഞിരുന്നില്ല. സിപിഎമ്മിന്റെ അതൃപ്തി തന്നെയാണ് ഈ പിന്മാറ്റത്തിന് കാരണമെന്നാണ് അണികള്‍ തന്നെ രഹസ്യമായി വ്യക്തമാക്കുന്നത്. സിപിഎമ്മിന് പൂര്‍ണമായും അധീനപ്പെട്ട് അധികാരത്തിന്റെ അപ്പക്കഷ്ണം നുണയുന്ന തിരക്കിലാണ് പാര്‍ട്ടി നേതൃത്വം എന്ന വിമര്‍ശനം അണികള്‍ ഉയര്‍ത്തുന്നുണ്ട്.

അതിനിടെ, ജോസ് കെ മാണിക്കെതിരെ ഒളിയമ്ബുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. ലത്തീന്‍ രൂപതാ ബിഷപ്പിനും വൈദികര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് എടുത്ത നടപടി പിന്‍വലിക്കാതെ ഇനി ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കില്ലെന്നു പറയാനുള്ള ആര്‍ജവം ജോസ് കെ.മാണി എംപി കാണിക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം. ബിഷപ്പിനെ പ്രതിയാക്കുന്നതിനോടു കേരള കോണ്‍ഗ്രസിനു യോജിക്കാന്‍ കഴിയുമോയെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം. ബിഷപ്പിനെയും വൈദികരെയും ജയിലില്‍ അടയ്ക്കാനുള്ള നീക്കവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിഴിഞ്ഞം സംഭവത്തില്‍ ജോസ് കെ.മാണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പി ജെ ജോസഫും കേരള കോണ്‍ഗ്രസ് എമ്മിന് പ്രതിരോധം തീര്‍ത്തു. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ജോസഫ്, ബിഷപ്പുമാരുടെ പേരില്‍ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പക്ഷംപിടിക്കാതെ മൗനം പാലിക്കുന്നതാണ് ബുദ്ധി എന്ന നിലപാടിലാണ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍രാഷ്ട്രീയ വെല്ലുവിളി നടത്തേണ്ട സമയമല്ല ഇതെന്നാണ് ജോസിന്റെ പ്രതികരണം. കാര്യങ്ങളെ സമാധാനപരമായി സമീപിക്കുകയാണു വേണ്ടത്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക