പാലാ നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ ഈ ആഘോഷ പരിപാടികൾക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നു വരുന്നത്. നഗരസഭയുടെ ചരിത്രമോ, വികസന നാൾവഴികളോ, പ്രത്യേകതകളോ, പാലായുടെ പാരമ്പര്യ തനിമയോ, സംസ്കാരമോ, പ്രസക്തിയോ ഓർമ്മപ്പെടുത്തുന്ന ഒരു കാര്യപരിപാടി പോലും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രധാനമായിട്ടുള്ള ഒരു പോരായ്മ. കേരള കോൺഗ്രസ് പാർട്ടിയുടെ സമ്മേളനം നടത്തുന്നതുപോലെ ഏകപക്ഷീയമായി പരിപാടികൾ സംഘടിപ്പിക്കുകയും പാർട്ടിയിലെ ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് കാര്യപരിപാടികളുടെ ആസൂത്രണം എന്നതാണ്.

പാലാ നഗരസഭയുടെ അധ്യക്ഷപദം വഹിച്ച ജീവിച്ചിരിക്കുന്ന മുൻ നഗരസഭ അധ്യക്ഷൻമാർക്ക് പോലും വേണ്ടത്ര പരിഗണന ആഘോഷ പരിപാടികളിൽ നൽകിയിട്ടില്ല. അവരിൽ പലരും രാഷ്ട്രീയമായി എതിര്‍ച്ചേരിയിൽ ആയതു കൊണ്ടാവാം ഒരുപക്ഷേ ഈ സമീപനം. ഇതിലും കഷ്ടമാണ് പാലാ നഗരസഭയുടെ അധ്യക്ഷപദം അലങ്കരിച്ച മഹാരഥന്മാരായ മൺമറഞ്ഞുപോയ നേതാക്കളോടുള്ള സമീപനം. അവരുടെ സ്മാരകങ്ങളെ പോലും പാടെ തിരസ്കരിക്കുന്ന സമീപനമാണ് പ്ലാറ്റിനം ജൂബിലി വർഷത്തിൽ നഗരസഭ കൈക്കൊള്ളുന്നത്. അതും ഒരുപക്ഷേ കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഒരു ശത്രുത മനോഭാവവും കൊണ്ടാവാം എന്ന് വിലയിരുത്താം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷേ ഏറ്റവും കഷ്ടം നിലവിലെ നഗരസഭ ചെയർമാന്റെ പിതാവും ദീർഘകാലം നഗരസഭ അധ്യക്ഷ പദവി വഹിച്ച മഹത് വ്യക്തിത്വവും ആയിരുന്ന ജോസ് തോമസ് പടിഞ്ഞാറേക്കരയുടെ പേരിൽ സ്ഥാപിതമായ സ്മാരക കവാടത്തിനുള്ളിലൂടെ പ്രവേശിക്കുന്ന കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയാണ്. ഈ ബസ്റ്റാൻഡിനുള്ളിലെ കെഎം മാണി സുവർണ്ണ ജൂബിലി സ്മാരക ടെർമിനൽ ചോർന്നൊലിച്ച് മഴയത്ത് യാത്രക്കാർക്ക് കയറിനിൽക്കുവാൻ പോലും പറ്റാത്തത്ര ശോചനീയാവസ്ഥയിലാണ്. നിന്ന് ചോർന്നു കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളം ലക്ഷക്കണക്കിന് രൂപ മുനിസിപ്പാലിറ്റിക്ക് ഡെപ്പോസിറ്റ് കൊടുത്ത് ടെർമിനലിൽ സ്ഥാപിച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് കുത്തിയൊഴുകുന്നതും പതിവ് സംഭവമാണ്. പ്രതിപക്ഷ പാർട്ടികൾ ഈ വിഷയങ്ങൾ ഉയർത്തി നിരന്തര സമരങ്ങൾ നടത്തിയിട്ടും നഗരസഭ പ്രശ്നപരിഹാരത്തിന് വേണ്ടി ചെറുവിരൽ അനക്കിയിട്ടില്ല. ഇത്ര പോലും പൊതുജനങ്ങൾക്ക് വേണ്ടി ചെയ്യുവാൻ കേവലശ്രമങ്ങൾ പോലും നടത്താതെയാണ് ചില പ്രഹസന പരിപാടികളും, ഡിജെയും, പാട്ടും കൂത്തും എല്ലാമായി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ നഗരസഭ സംഘടിപ്പിക്കുന്നത്.

നിർബന്ധിത പണപ്പിരിവ്

പാലായിലെ പല വ്യാപാരി സുഹൃത്തുക്കളോടും നഗരസഭാ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി വേണ്ടിവരുന്ന ചിലവിലേക്ക് ഉദാരമായ സംഭാവന നൽകാൻ ആവശ്യപ്പെടുന്നുണ്ട്. ചില ഇടങ്ങളിലൊക്കെ ഇത് നിർബന്ധിത പണപ്പിരിവായി മാറുന്നുണ്ടെന്നും, നഗരസഭയുടെ അപ്രീതി ഭയന്ന് പലരും ഗത്യന്തരമില്ലാതെ മൗനം പാലിക്കുകയാണ് എന്ന ആക്ഷേപങ്ങളും ശക്തമാണ്. പൊതുജന പങ്കാളിത്തമോ, വ്യാപാര മേളകളൊ ഇല്ലാതെ നടക്കുന്ന ആഘോഷ പരിപാടികൾ ചിലർക്ക് മേനി നടിക്കാൻ ഉള്ളത് മാത്രമാണ് എന്ന പ്രതീതി രാഷ്ട്രീയ വിമർശനമായി ഉയരുമ്പോൾ അതിനെ വേണ്ടത്ര പ്രതിരോധിക്കുവാൻ ഇടതുമുന്നണിക്കും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

പാലാ നഗരസഭയുടെ ചരിത്രം

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനും ആറു മാസം മുന്നേ തന്നെ മുനിസിപ്പാലിറ്റിയായി മാറിയിരുന്നു. തിരുവിതാംകൂർ മഹാരാജാവാണ് തന്റെ 11-12-1947ലെ ഉത്തരവു പ്രകാരം വില്ലേജ് യൂണിയൻ ആയിരുന്ന പാലായെ നഗരസഭ ആയി ഉയർത്തിയത്. നിയമ സ്പീക്കർ ആയിരുന്ന ആർ വി തോമസ്, എം പി ആയിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളി, എം പി യായിരുന്ന ചെറിയാൻ ജെ കാപ്പൻ തുടങ്ങി ഒട്ടേറെ മഹാന്മാർ പാലാ നഗരസഭാ ചെയർമാന്മാർ ആയിരുന്നു. ആധുനിക പാലായുടെ ശില്പിയായി അറിയപ്പെടുന്നത് പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ ആണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അദ്ദേഹം പടുത്തുയർത്തുകയും പാലാ നഗരത്തിന്റെ വികസനത്തിന് കനത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക