അര്‍ബുദരോഗിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി എന്നതടക്കം ചൂണ്ടിക്കാണിച്ച് ഇഡി ഉദ്യോഗസ്ഥന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.
അര്‍ബുദരോഗം കണക്കിലെടുത്ത് കമല്‍ അഹ്സാന്‍ എന്ന ആള്‍ക്ക് അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നതായിരുന്നു ഇഡിയുടെ ആവശ്യം.
ഹൈക്കോടതി അനുവദിച്ച ജാമ്യം ഒരുകാരണവശാലും റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ആരോഗ്യസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത് ശരിയായില്ല.
ഇത്തരം ഹര്‍ജികള്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില്‍, നാലാഴ്ചയ്ക്കകം ഒരു ലക്ഷം രൂപ പിഴ കെട്ടിവെക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്ബളത്തില്‍ നിന്നും പിഴ ഈടാക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.