ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധിയുടെ അനിമേഷന്‍ വീഡിയോ പുറത്തിറക്കി ബിജെപി. പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഷോലെ എന്ന ചിത്രത്തിലെ അസ്രാണിയുടെ കഥാപാത്രമായി രാഹുല്‍ ഗാന്ധിയെ അവതരിപ്പിക്കുന്ന രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള അനിമേഷന്‍ വീഡിയോയാണ് ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പുറത്തുവിട്ടത്.

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതും, നേതാക്കള്‍ രാജിവെച്ച്‌ ഗുലാംനബി ആസാദിനൊപ്പം ചേര്‍ന്നതും, രാജസ്താനിലെ ചേരിപ്പോരും ഉള്‍പെടെയുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. ‘അമ്മേ, എന്തുകൊണ്ട് മോശം സമയങ്ങള്‍ അവസാനിക്കുന്നില്ല? ഖതം… ടാറ്റ… വിട’, രാഹുല്‍ ഗാന്ധിയെയും അമ്മ സോണിയാ ഗാന്ധിയെയും പരാമര്‍ശിച്ച്‌ എന്നിങ്ങനെ പറഞ്ഞാണ് ബിജെപിയുടെ പരിഹാസ വീഡിയോ അവസാനിക്കുന്നത്. നിരവധി ബിജെപി നേതാക്കളും വക്താക്കളും വിഡിയോ തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടില്‍ പങ്കിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ബിജെപി മുഴുവന്‍ ‘വിലകുറഞ്ഞ ട്രോളാ’യി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥ് പ്രതികരിച്ചു. ഭാരത് ജോഡോ യാത്ര ബിജെപിയെ ഭയപ്പെടുത്തുന്നു. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഭയം നല്ലതാണെന്നും സുപ്രിയ കുറിച്ചു. ബിജെപിയുടെ ട്രോള്‍ വില കുറഞ്ഞതാണെന്ന് കാണിക്കാന്‍ 25 പൈസയുടെ ചിത്രവും അവര്‍ ട്വീറ്റ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ വിജയത്തെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ ഏറ്റവും പുതിയ മാര്‍ഗമെന്നായിരുന്നു കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക