യുക്രൈനില്‍ പുതിയ സൈനിക മേധാവിയെ നിയമിച്ചിരിക്കുകയാണ് റഷ്യ. നീണ്ട ഇടവേളയ്ക്ക് ശേഷം കീവില്‍ റഷ്യ മിസൈല്‍ ആക്രമണവും നടത്തിയിരിക്കുകയാണ്. ആക്രമണത്തില്‍ ഇതുവരെ എട്ടുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ പുതിയതായി നിയമിതനായ സൈനിക ജനറല്‍ സെര്‍ജി സുറോവിക്കിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയാണ്.

യുക്രൈനില്‍ ഇടയ്ക്കിടെ റഷ്യ നേരിടുന്ന തിരിച്ചടികള്‍ മറികടക്കാനും റഷ്യന്‍ അധിനിവേശത്തിന് മേല്‍നോട്ടം വഹിക്കാനുമാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ജനറല്‍ സെര്‍ജി സുറോവിക്കിനെ സൈനിക മേധാവിയായി നിയമിച്ചത്. ആഴ്ചകള്‍ക്കിടെ ഉക്രെയ്നിന്റെ വടക്കുകിഴക്കും തെക്കും റഷ്യയ്ക്ക് നഷ്ടമാവുകയും വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു സെര്‍ജി സുറോവികിന്റെ നിയമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1966 ല്‍ സൈബീരിയന്‍ നഗരമായ നോവോസിബിര്‍സ്‌കില്‍ ആണ് സെര്‍ജി സുറോവികിന്റെ ജനനം. റഷ്യയുടെ തെക്കന്‍ സൈനിക ഗ്രൂപ്പിന്റെ തലവനായി അടുത്തിടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യയുടെ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെട്ട സുറോവികിന്‍, 2017 ല്‍ സിറിയയിലെ തന്റെ സേവനത്തിന് മെഡല്‍ കരസ്ഥമാക്കി. എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ കമാന്‍ഡറായി സിറിയയില്‍ അദ്ദേഹം റഷ്യന്‍ സൈന്യത്തിന് നേതൃത്വം നല്‍കി.

സിറിയയിലെ ആലപ്പോയുടെ ഭൂരിഭാഗവും നശിപ്പിച്ച ക്രൂരമായ ബോംബാക്രമണത്തിന് ഉത്തരവിട്ടതും സെര്‍ജി സുറോവികിന്‍ ആയിരുന്നു. നിയമലംഘനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കമാന്‍ഡര്‍മാരില്‍ ഒരാളായി ആണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌ അദ്ദേഹത്തെ 2020 ഒക്ടോബറിലെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പത്. 2019-2020 കാലഘട്ടത്തില്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ നടന്ന ആക്രമണത്തിനിടെ ആയിരുന്നു ഇത്. വീടുകള്‍, സ്‌കൂളുകള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ആളുകള്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ആളുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഡസന്‍ കണക്കിന് വ്യോമ ഭീകര ആക്രമണങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുക്രെയ്‌നിലെ സമീപകാല പോരാട്ടങ്ങള്‍ക്കും ജനറല്‍ മേല്‍നോട്ടം വഹിച്ചതായാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘റഷ്യന്‍ സൈന്യത്തിലെ ഏറ്റവും വലിയ ക്രൂരന്‍’ എന്നാണ് അമേരിക്കയിലെ ജെയിംസ്‌ടൗണ്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ സെര്‍ജി സുറോവികിനെ വിശേഷിപ്പിക്കുന്നത്. “കീവില്‍ സംഭവിച്ചതിനെക്കുറിച്ച്‌ എനിക്ക് അത്ഭുതം തോന്നുന്നില്ല. സുറോവികിന്‍ മനുഷ്യജീവനെ കാര്യമായി പരിഗണിക്കുന്ന ഒരാളല്ല. അയാളുടെ കൈകളില്‍ യുക്രൈന്‍കാരുടെ രക്തം പുരളുമെന്ന് ഞാന്‍ ഭയപ്പെടുന്നു”, സുറോവിക്കിനൊപ്പം പ്രവര്‍ത്തിച്ച മുന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഗാര്‍ഡിയന്‍ പറയുന്നു.2004-ല്‍, അദ്ദേഹത്തിന്റെ കീഴില്‍ സേവനമനുഷ്ഠിച്ച ഒരു കേണല്‍ സുറോവിക്കിന്റെ കടുത്ത ശാസനയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം ജനറല്‍ സെര്‍ജി സുറോവിനെ സൈനിക മേധാവിയാക്കി പുടിന്‍ തിരികെ കൊണ്ടുവന്നിരിക്കുന്നത് യുക്രെയ്‌നെതിരായ ആക്രമണം കടുപ്പിക്കുന്നതിന്റെ നടപടിയായാണ് പലരും വിലയിരുത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കീവില്‍ റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്. കീവ് ഉള്‍പ്പെടെ വിവിധ നഗരങ്ങളിലായി 75 മിസൈല്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക