സൈന്യത്തെ വെല്ലുവിളിച്ച്‌ വ്‌ളാഡമിര്‍ പുടിന്റെ രഹസ്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ റഷ്യയില്‍ പുതിയ സംഘര്‍ഷാവസ്ഥ രൂപപ്പെടുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത പുടിന്റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത് ആശങ്കയോടെയാണ് ഭരണകൂടം നോക്കിക്കാണുന്നത്.

റഷ്യ ഒരു അഭ്യന്തര യുദ്ധത്തിലേക്ക് കടക്കുമോ എന്ന ആശങ്ക ഉയരുന്നതിനിടെ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗെനി പ്രിഗോസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ലോകത്തിലെ തന്നെ ശക്തരായ ഭരണാധികാരികളില്‍ ഒരാളായ പുടിന്റെ നേതൃത്വത്തെ വെല്ലുവിളിക്കാന്‍ മാത്രം ആരാണ് യെവ്‌ഗെനി പ്രിഗോസിന്‍ എന്ന ചോദ്യമാണ് ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1981ല്‍ പ്രിഗോസിന്‍ കവര്‍ച്ച, ആക്രമണം എന്നീ കേസുകളില്‍ 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. ജയില്‍ മോചിതനായ ശേഷം, 1990-കളില്‍ അദ്ദേഹം സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഒരു റെസ്റ്റോറന്റ് ബിസിനസ് ആരംഭിച്ചു. അന്ന് നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വഹിക്കുമ്ബോഴാണ് പുടിന്‍ പ്രിഗോസിനെ കുറിച്ച്‌ അറിയുന്നത്. ഈ സമയത്ത് സര്‍ക്കാര്‍ പരിപാടികളിലേക്ക് ഭക്ഷണം വിളമ്ബാനുള്ള കരാര്‍ പ്രിഗോസിന് പുടിന്‍ നല്‍കി.’പുടിന്റെ ഷെഫ്’ എന്ന വിളിപ്പേരിലാണ് ഈ സമയത്ത് പ്രിഗോസിന്‍ അറിയപ്പെട്ടിരുന്നത്.

റസ്റ്റോറന്റ് ബിസിനസിലൂടെയാണ് അദ്ദേഹം ധനികനാകുന്നത്. സ്‌കൂളിലേക്ക് ഭക്ഷണം എത്തിക്കുന്ന കരാര്‍ കൂടി ഏറ്റെടുത്ത് അദ്ദേഹം തന്റെ ബിസിനസ് ലോകം വികസിപ്പിച്ചു. 2010ല്‍ പുടിന്റെ സഹായത്തോടെ ലഭിച്ച വായ്പയില്‍ വലിയൊരു ഫാക്ടറി അദ്ദേഹം കെട്ടിപ്പടുത്തു. മോസ്‌കോയില്‍ മാത്രം, അദ്ദേഹത്തിന്റെ കമ്ബനിയായ കോണ്‍കോര്‍ഡ് പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണം നല്‍കുന്നതിനുള്ള കരാറുകളിലൂടെ ദശലക്ഷക്കണക്കിന് ഡോളര്‍ നേടി.

ഇതിനൊക്കെ ശേഷമായിരുന്നു വാഗ്നര്‍ എന്ന പുടിന്റെ രഹസ്യ സേന ഉയര്‍ന്നുവരുന്നത്. ഒരര്‍ത്ഥത്തില്‍ പുടിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് വാഗ്നര്‍ സംഘത്തെ നിയോഗിച്ചത്. റഷ്യയില്‍ മാത്രമല്ല, രാജ്യത്തിന് പുറത്തും വാഗ്നര്‍ ഗ്രൂപ്പ് സജീവമായിരുന്നു. പല രാജ്യങ്ങളിലും വച്ച്‌ പ്രമുഖ നേതാക്കള്‍ക്ക് വേണ്ടി സുരക്ഷ ഒരുക്കാന്‍ വാഗ്നര്‍ പോരാളികളെ നിയോഗിച്ചിരുന്നു. യുക്രയിന്‍ യുദ്ധത്തില്‍ വാഗ്നര്‍ പടയാളികള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇന്ന് റഷ്യന്‍ സൈന്യത്തിനെതിരെ പ്രിഗോസിന്‍ തിരിഞ്ഞതോടെ സുരക്ഷ സംഘടനയായ എഫ് എസ് ബി അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പ്രിഗോസിൻ വാഗ്നര്‍ ഗ്രൂപ്പുകള്‍ക്ക് ഉത്തരവുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും അനുസരിക്കരുതന്നാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. പ്രിഗോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടത്തുന്നുണ്ട്.

എന്നാല്‍ വ്യോമ താവളങ്ങള്‍ അടക്കമുള്ളവ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് പ്രിഗോസിന്‍ അവകാശപ്പെടുന്നത്. ദക്ഷിണ റഷ്യയിലെ റോസ്‌തോവ്- ഓണ്‍-ഡോണിലെ സൈനിക കേന്ദ്രങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് പ്രിഗോസിന്‍ അവകാശപ്പെട്ടത്. ഈ സൈനിക കേന്ദ്രങ്ങള്‍ റഷ്യയെ സംബന്ധിച്ച്‌ നിര്‍ണായകമാണ്. പ്രാദേശിക സമയം രാവിലെ ഏഴരയ്ക്ക് സൈനിക ആസ്ഥാനത്തേക്ക് പ്രവേശിച്ചെന്നാണ് പ്രിഗോസിന്‍ ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത വീട്ടില്‍ പറയുന്നത്. വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക