മോസ്‌കോ: വ്‌ളാഡിമിര്‍ പുട്ടിനെ വധിക്കാന്‍ യുക്രെയിന്‍ ശ്രമിച്ചതായി ആരോപിച്ച്‌ റഷ്യ. ക്രെംലിനില്‍ ഇരട്ട ഡ്രോണ്‍ ആക്രമണത്തിലൂടെ തങ്ങളുടെ പ്രസിഡന്റിനെ വകവരുത്താന്‍ ശ്രമം നടത്തിയെന്നാണ് ആരോപണം. ഇത് ആസൂത്രിത ഭീകരാക്രമണമെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഡ്രോണ്‍ ആക്രമണം. പുടിന് ആക്രമണത്തില്‍ അപകടം ഒന്നും സംഭവിച്ചില്ല. അദ്ദേഹം സുരക്ഷിതനാണെന്നും, സാധാരണ പോലെ ജോലി തുടരുന്നു എന്നുമാണ് അറിയിപ്പ്.

രണ്ടു ഡ്രോണുകളെ ആക്രമണത്തിനായി അയച്ചെങ്കിലും റഷ്യന്‍ പ്രതിരോധ സേന അവ തകര്‍ത്തു. ക്രെംലിന്‍ ലക്ഷ്യമാക്കി വന്ന ഡ്രോണുകള്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീയും പുകയും റഷ്യ പുറത്തുവിട്ട വീഡിയോയില്‍ കാണാം. രണ്ടു ആളില്ലാ ഡ്രോണുകളാണ് തൊടുത്തുവിട്ടത്. അവ ലക്ഷ്യ സ്ഥാനത്ത് എത്തും മുമ്ബ് തകര്‍ത്തു, ക്രെംലിനിലെ കെട്ടിടങ്ങള്‍ക്കും തകരാറില്ല, റഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഡ്രോണ്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മെയ് 9 ലെ വിജയദിന പരേഡിന് മുന്നോടിയായി പ്രസിഡന്റിനെ വധിക്കാനുള്ള ആസൂത്രിത തീവ്രവാദി ആക്രമണമാണ് ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെ തുടര്‍ന്ന് നഗരത്തിന് മുകളില്‍ അനധികൃതമായി ഡ്രോണുകള്‍ പറപ്പിക്കുന്നത് മോസ്‌കോ മേയര്‍ നിരോധിച്ചു. വിമാനവേധ തോക്കുകള്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോകള്‍ ടെലിഗ്രാം ചാനലുകളില്‍ പ്രചരിക്കുന്നുണ്ട്. പുടിന്റെ കൊട്ടാരത്തിലും, വസതികളിലും, റഷ്യന്‍ സേന വ്യോമപ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് പുടിന്‍ ക്രെംലിനില്‍ ഇല്ലായിരുന്നു എന്നാണ് സൂചന. ബുധനാഴ്ച അദ്ദേഹം മോസ്‌കോയ്ക്ക് പുറത്തുള്ള നോവോ ഒഗാര്‍യോവ ഔദ്യോഗിക വസതിയില്‍ ജോലിയിലായിരുന്നു.

റഷ്യയിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കോട്ടയായ ക്രെംലിനിലെ പ്രതിരോധം ഭേദിക്കാന്‍ ഡ്രോണുകള്‍ക്ക് കഴിഞ്ഞുവെന്നത് പ്രതിരോധ വിദഗ്ധരെ ഞെട്ടിച്ചിട്ടുണ്ട്. ക്രെംലിനില്‍ തനിക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് ഉണ്ടെന്നും, അവിടെയിരുന്ന് ജോലി ചെയ്യാറുണ്ടെന്നും രാത്രികള്‍ ചെലവഴിക്കാറുണ്ടെന്നും, കഴിഞ്ഞ മാര്‍ച്ചില്‍ പുടിന്‍ പറഞ്ഞിരുന്നു. ഇവിടെ വച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക