അന്യസംസ്ഥാനങ്ങളിലെ മലയാളികൾ നാട്ടിലേക്കുള്ള യാത്രയ്ക്കായി ഏറ്റവും അധികം ആശ്രയിക്കുന്ന ഒരു വാഹനമാണ് ടൂറിസ്റ്റ് വോൾവോ ബസുകൾ. പ്രത്യേകിച്ചും നമ്മുടെ അയൽ സംസ്ഥാനങ്ങളായ കർണാടകയിലെയും തമിഴ്നാട്ടിലെയും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളായ ജീവനക്കാരാണ് ഇത്തരം യാത്രാ സംവിധാനത്തെ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത്. പലപ്പോഴും ഇത്തരം സ്വകാര്യ വാഹന ടൂറിസ്റ്റ് കമ്പനികൾ കൊള്ള ചാർജ് ഈടാക്കി യാത്രികരെ പിഴിയാറുണ്ട്. ഇതിനെല്ലാം പുറമെയാണ് ബസ് ജീവനക്കാരുടെ ഗുണ്ടായിസം.

ജീവനക്കാരുടെ ഗുണ്ടായിസത്തിന്റെ പേരിൽ കുപ്രസിദ്ധി ആർജിച്ച ഒരു ബസ് ഓപ്പറേറ്റർ ശൃംഖലയാണ് കല്ലട. ജീവനക്കാരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അതിക്രമങ്ങളും പലപ്പോഴും യാത്രക്കാർക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. തോന്നിയപോലെ ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്യുകയും, അർദ്ധരാത്രിയിൽ ഏതെങ്കിലും സ്ഥലത്ത് എത്തുമ്പോൾ വണ്ടി നിർത്തിയിട്ട് മറ്റൊരു ബസ്സിൽ കയറാൻ ആവശ്യപ്പെടുകയും ഇത്തരത്തിലുള്ള ദുഷ്ടതകളെ ചോദ്യം ചെയ്യുമ്പോൾ യാത്രക്കാരുടെ നേരെ കായികമായി അതിക്രമം നടത്തുകയും എല്ലാം ചെയ്യുന്നത് കല്ലടയിൽ പലപ്പോഴും പതിവ് സംഭവങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തിൽ തനിക്ക് ഉണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പാലാ സ്വദേശിയായ ബാങ്ക് മാനേജർ. പ്രാഥമിക കൃത്യനിർവഹണത്തിനായി മംഗലാപുരത്ത് അർദ്ധരാത്രിയിൽ ബസ് എത്തിയപ്പോൾ ഇദ്ദേഹം ഡ്രൈവറോഡും, ക്ലീനറോടും പറഞ്ഞു പുറത്തിറങ്ങി. ഡ്രൈവർ തന്നെ അല്പം മുന്നിലുള്ള ഒരു സ്ഥലം കാണിച്ച് അവിടെ കാര്യം സാധിക്കാം എന്ന് ഇദ്ദേഹത്തിന് ഉപദേശവും കൊടുത്തു. എന്നാൽ പിന്നീടാണ് ട്വിസ്റ്റ് ഉണ്ടായത്. ഇദ്ദേഹം പുറത്തിറങ്ങി ഒരു മിനിറ്റ് പൂർത്തിയാകുന്നതിനു മുന്നേ തന്നെ ബസ് മുന്നോട്ട് എടുക്കുകയും കൈ കാട്ടിയിട്ടും നിർത്താതെ കുതിച്ചു പായുകയും ചെയ്തു.

അത്യാവശ്യം കന്നടയൊക്കെ അറിയാവുന്ന ആൾ ആയതുകൊണ്ടും, ബാഗും മറ്റു കാര്യങ്ങളും ബസിൽ ആയി പോയെങ്കിലും പോക്കറ്റിൽ 500 രൂപ ഉണ്ടായിരുന്നതുകൊണ്ടും ഒരു ഓട്ടോ വിളിച്ച് ഇദ്ദേഹം ബസിന് പിന്നാലെ പറഞ്ഞു. ഭാഗ്യം എന്നു പറയട്ടെ ഹൈവേയിൽ അപ്രതീക്ഷിതമായി റോഡ് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ഇദ്ദേഹത്തിന് ബസ് വഴിയിൽ ഇട്ട് പിടിക്കാൻ സാധിച്ചു. ഇതിനിടയിൽ ക്ലീനറുടെ നമ്പറിൽ നിരവധി തവണ ഇദ്ദേഹം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച എങ്കിലും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. വഴിയിലിട്ട് പിടിച്ചശേഷം ബസ്സിൽ കയറിയപ്പോഴും പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ ഇദ്ദേഹം എന്തോ തെറ്റ് ചെയ്തു എന്ന് മട്ടിൽ ബസ്സിലെ ജീവനക്കാർ പെരുമാറുകയും ചെയ്തു എന്നതാണ് അതിലും വിചിത്രം.

ഇക്കാര്യങ്ങളെല്ലാം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ വിശദമായ കുറിപ്പിട്ടിട്ടുണ്ട്. അദ്ദേഹം ചോദിക്കുന്ന ഏറ്റവും പ്രസക്തമായ കാര്യം ഒരു സ്ത്രീയോ പ്രായമായ ഭാഷ അറിയാത്ത ഒരാളോ ഇത്തരത്തിൽ വഴിയിൽ പെട്ടു പോയിരുന്നെങ്കിൽ എന്തു സംഭവിച്ചേനെ എന്നാണ്. പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടായിട്ടല്ല ഇത്തരത്തിൽ കല്ലടയിലെ ജീവനക്കാർ യാത്രക്കാരുടെ നേരെ ശത്രുതാ മനോഭാവത്തോടുകൂടി പെരുമാറുന്നത്. ഒരു സൈക്കോ മനസ്ഥിതിയാണ് ഇത്തരം ജീവനക്കാരുടെത്. തങ്ങൾക്ക് എന്തും ആവാം എന്ന ഭാവവും, തങ്ങളെ ചോദ്യം ചെയ്താൽ പെരുവഴിയിലാകും എന്ന മുന്നറിയിപ്പുമെല്ലാം ഇത്തരം പെരുമാറ്റത്തിൽ അടങ്ങിയിട്ടുണ്ട്.

മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാൽ ഇത്തരം ഗുണ്ടായിസം കാണിക്കുന്ന ജീവനക്കാർക്ക് ബസ് ഉടമകൾ നൽകുന്ന പ്രോത്സാഹനം അത്ഭുതപ്പെടുത്തുന്നതാണ്. ഏതു സാഹചര്യത്തിലും ഇവരെ പ്രോത്സാഹിപ്പിക്കുന്ന പിന്തുണയ്ക്കുന്ന നിലപാടാണ് ബസ് ഉടമകൾക്കുള്ളത്. പലപ്പോഴും ടാക്സ് വെട്ടിച്ചും ക്രമവിരുദ്ധമായും അതിർത്തികൾ വഴി സാധനങ്ങൾ കടത്തുന്നതിനും കുപ്രസിദ്ധി ആർജിച്ചവരാണ് കല്ലട ട്രാവൽസ്. കേരളത്തിലെ ചെക്ക് പോസ്റ്റ് ജീവനക്കാരുമായും ഇവർക്ക് നല്ല ബന്ധമാണ്. പോലീസിനും ധാരാളം കൈമണി കിട്ടാറുണ്ടെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ എത്രയെല്ലാം നിയമലംഘനങ്ങൾ നടത്തിയാലും ക്രൂരതകൾ കാട്ടിയാലും ഇവർ അധികാരികളുടെ സംരക്ഷണത്തിൽ തന്നെയാണ്.

യുവാവ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ: https://m.facebook.com/story.php?story_fbid=pfbid02sMyRUxEysWuXyhKKMaGoy8HEjUtWa1pQnWn1uZWGcPc7LEvaMpDvALFHSYqYKp7Rl&id=100008157248191&mibextid=Nif5oz

കല്ലട ബസിൽ നിന്നും ഉണ്ടായ ഒരു ദുരനുഭവം

12/05/2023

കർണാടകയിലെ മംഗലാപുരത്തിന് അടുത്തുള്ള ഉടുപ്പിയിൽ (Uduppi) നിന്നും കോട്ടയത്തേക്ക് അത്യാവശ്യമായി യാത്ര ചെയ്യേണ്ടി വന്നു.

വൈകുന്നേരം 6.15 pm ആയിരുന്നു boarding ടൈം. നേരത്തെ തന്നെ 08593825500 എന്ന നമ്പറിൽ നിന്നും ബസ് സ്റ്റാഫിന്റെ വിളി വന്നു 5:45 ആകുമ്പോൾ റിപ്പോർട്ട്‌ ചെയ്യണം എന്ന നിർദ്ദേശവുമായി.

ഓട്ടോറിക്ഷ വിളിച്ച് കൃത്യം 5:40 നു തന്നെ പറഞ്ഞ സ്ഥലത്തെത്തി നിൽപ്പായി.

ഏകദേശം 5:45 നു AR 01J 5235 എന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള ബസ് എത്തുകയും 6.10 ആയപ്പോൾ പുറപ്പെടുകയും ചെയ്തു.

ബസ് പുറപ്പെടാൻ താമസം ഉണ്ടെന്നു മനസ്സിലായപ്പോൾ ഒരു ‘അത്യാവശ്യ കാര്യം’ സാധിക്കാൻ പുറത്തു ഇറങ്ങണം എന്ന് വിചാരിച്ചെങ്കിലും ജീവനക്കാരുടെ ധൃതി കണ്ടപ്പോൾ മംഗലാപുരം എത്തട്ടെ എന്ന് തീരുമാനിച്ചു.

മംഗലാപുരം എത്താറായപ്പോൾ ഡ്രൈവർ കാബിനിൽ എത്തി മടിച്ചു മടിച്ചു കാര്യം സൂചിപ്പിച്ചു.
കൂടുതൽ ആൾ കയറുന്ന മംഗലാപുരത്തെ പ്രധാന സ്റ്റോപ്പിൽ നിർത്തിയേക്കാം എന്ന് കിളി എന്ന് തോന്നിക്കുന്ന പയ്യൻ പറയുന്നു,
ഡ്രൈവർ തല ആട്ടുന്നു.ചെറിയ ഒരു ആശ്വാസത്തോടെ ഡ്രൈവർ ക്യാബിനു പിറകിൽ ഉള്ള സീറ്റിൽ വെയിറ്റ് ചെയ്യുന്നു.

മംഗലാപുരത്തെ പ്രധാന സ്റ്റോപ്പിൽ എത്തി നിർത്തുകയാണെന്നു മനസിലായപ്പോൾ ഡ്രൈവർ കാബിന്റെ ഡോർ പകുതി തുറന്നു അദ്ദേഹത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതും വളരെ കരുതലോടെ ആ മനുഷ്യൻ വാതിൽ തുറന്നു തന്നു.

സമയം രാത്രി 8 മണി.
പുറത്തു ഇറങ്ങി മൂത്രം ഒഴിക്കാൻ എവിടെ പോകും എന്ന് ശങ്കിച്ചു നിന്ന എന്നോട് ഡ്രൈവർ വളരെ സ്നേഹത്തോടെ മുൻപിൽ ഏകദേശം 30 അടി ദൂരെ ഉള്ള ഒരു സ്ഥലം കാണിച്ചു തന്നിട്ട് പറഞ്ഞു വേഗം അങ്ങോട്ട്‌ പൊക്കോളാൻ.

ഡ്രൈവർക്കു വ്യക്തമായി കാണാവുന്ന സ്ഥലം.
കാര്യം സാധിക്കുന്നതിനു ഇടയിൽ തിരിഞ്ഞു നോക്കുമ്പോൾ ആളുകൾ കയറി കഴിഞ്ഞിരിക്കുന്നു.

ഞാൻ അല്പം മുൻപോട്ടു കയറി റോഡിലേക്ക് കയറി നിൽക്കുന്നു.

ബസ് പതിയെ അടുത്ത് എത്തിയപ്പോൾ റോഡിൽ നിന്ന് കൈ നീട്ടിയെങ്കിലും ഡോർ തുറന്നിട്ടില്ല.
ബസ് പതിയെ മുൻപോട്ടു നീങ്ങുന്നു.

ഞാൻ നില്കുന്നത് ഡ്രൈവർക്കു അറിയാവുന്നത് കൊണ്ടും വ്യക്തമായി കാണാവുന്നത് കൊണ്ടും വിചാരിച്ചു കുറച്ചു മുൻപിൽ കൊണ്ട് പോയി നിർത്തുമായിരിക്കും എന്ന്.

വേഗത്തിൽ പുറകെ നടന്നു… പിന്നെ ഓടി.. നിർത്തുന്നില്ല… ശക്തിയായി ബസിൽ അടിച്ചു… ബസിനു ഉള്ളിൽ ഉള്ള ആർക്കായാലും പ്രത്യേകിച്ചും ഡ്രൈവർക്കും മനസ്സിലാകും ആരോ കയറാൻ ഉണ്ടെന്ന്‌.
പക്ഷെ സ്പീഡ് കൂടുന്നതല്ലാതെ നിർത്താൻ ഭാവം ഇല്ല.

പയ്യെ പയ്യെ ബസ് കാണാമാറായത്ത് എത്തി.

നിസ്സഹായനായി മംഗലാപുരം പട്ടണത്തിൽ ഏതോ അജ്ഞാത സ്ഥലത്ത് നിൽക്കുന്നു.
ബാഗും പണവും എല്ലാം കല്ലട എന്ന ഞാൻ ഏകദേശം 1300 രൂപ കൊടുത്തു ‘സുഖ യാത്രക്കായി’ ടിക്കറ്റ് ബുക്ക്‌ ചെയ്ത ആ വാഹനത്തിനുള്ളിൽ.

പുറകെ പോകണമെങ്കിൽ ബസ് എങ്ങോട്ട് പോയി എന്ന് അറിയില്ല, പോകാൻ ഒരു വാഹനമില്ല , സമയം രാത്രി 8:15.

കുറച്ചു വാഹങ്ങൾക്ക് വെറുതെ കൈ കാണിച്ചെങ്കിലും നിർത്തിയില്ല.
എവിടെ നിന്നോ വന്ന ഒരു ഓട്ടോ കുറച്ചു മുൻപിൽ ആയി നിർത്തി.

അറിയാവുന്ന മുറി കന്നഡയിൽ കാര്യം പറഞ്ഞു.
ഡ്രൈവർക്കു മനസിലായത് കേരള ബസിൽ നിന്നും ഞാൻ എന്തോ എടുക്കാൻ മറന്നു എന്നാണെന്നു തോന്നുന്നു.

എന്തായാലും അതി വേഗത്തിൽ കാണാമറയത്തുള്ള വാഹനം ലക്ഷ്യമാക്കി അയാൾ വണ്ടി വിട്ടു.

ബസിൽ കയറുന്നതിനു മുൻപ് വിളിച്ച 08593825500 എന്നാ നമ്പറിൽ വിളിച്ചെങ്കിലും കണക്ട് ആകുന്നില്ല.

പോക്കറ്റിൽ ഒരു അഞ്ഞൂറിന്റെ നിന്റെ ഉണ്ടെന്ന സത്യം മനസ്സിലാക്കിയപ്പോൾ കുറച്ചു ധൈര്യം വന്നു.

അതി വേഗത്തിൽ 3,4 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒന്ന് രണ്ടു ബസുകൾക്ക് മുൻപിലായി അതാ ഒരു ചുവന്ന ബസ് കാണുന്നു.
ഹൈവേയിൽ അതി വേഗത്തിൽ പോകുന്ന ബസ് പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്ന് ഓട്ടോ ചേട്ടൻ കന്നഡയിൽ പറഞ്ഞത് എനിക്ക് മനസ്സിലായി.

ഏതോ ഒരു ചെറിയ ബ്ലോക്കിൽ പെട്ട ബസ് ഒന്ന് സ്ലോ ചെയ്തപ്പോളേക്കും ഓട്ടോ ചേട്ടൻ ഓവർടേക്ക് ചെയ്തു കഴിഞ്ഞതും ബസിലെ നമ്പറിൽ വിളിച്ച കാൾ എടുത്തതും ഒരുമിച്ച്.

വന്ന ഫോൺ കോളിൽ നിന്നും ബസിലെ കിളി കാര്യം മനസ്സിലാക്കിയത് കൊണ്ടും മുന്പിൽ വിലങ്ങി നിർത്തിയ ഓട്ടോ കണ്ടത് കൊണ്ടും ഒരു പക്ഷെ മറ്റു യാത്രക്കാർ കാര്യം മനസ്സിലാക്കിയത് കൊണ്ടും ഡ്രൈവർ നിവർത്തിയില്ലാതെ ബസ് ഒതുക്കി.

100 രൂപ എന്ന് പറഞ്ഞ ഓട്ടോക്കാരൻ 500 കൊടുത്തപ്പോൾ ബാക്കി 300 തരുന്നു.
ബാക്കി തരാൻ അദ്ദേഹത്തിന്റെ കയ്യിൽ ഒന്നുമില്ലത്രെ.

കിട്ടിയ അവസരം മുതലാ ക്കുകയാണെന്നു മനസ്സിലായെങ്കിലും വേറെ വഴി ഇല്ലാത്തതിനാൽ ബസിലേക്ക് ഓടി.

ഒന്നും മിണ്ടാതെ ഡ്രൈവർ തല കുനിച്ചു ഇരിക്കുന്നു. കുറച്ചു നേരം മുഖത്തേക്ക് നോക്കിയപ്പോൾ ഒരു ചെറിയ കുറ്റബോധം പോലും ആ മനുഷ്യന്റെ മുഖത്ത് കണ്ടില്ല.
മറിച്ചു കള്ളത്തരം കണ്ടു പിടിച്ചപ്പോൾ ഉള്ള ഒരു തരം ജാള്യത മാത്രം.

സംഭവം കണ്ട ചില യാത്രക്കാർ പറയുന്നു അയാൾ പറഞ്ഞിട്ട് നിങ്ങൾ ഇറങ്ങി പോയതും നിർത്താതെ പോയതും അവർ കണ്ടത്രേ.

ഒരു പക്ഷെ ഞാൻ അത്ര വേഗം വേറൊരു വണ്ടി വിളിച്ചു ഹൈവേയിൽ പിന്തുടർന്ന് എത്തുമെന്ന് ഡ്രൈവർ വിചാരിച്ചു കാണില്ലായിരിക്കും.

എന്റെ സ്ഥാനത്ത് പ്രായം ഉള്ള ഒരു ആളോ ഒരു സ്ത്രീയോ ആയിരുന്നെങ്കിലും ഇവർ ഇത് തന്നെ ചെയ്തേനെ.

ഇത്രയും കാലത്തിനു ഇടയിൽ എത്രയോ യാത്രക്കാരോട് ഇങ്ങനെ ചെയ്തിട്ടുണ്ടാകും.

ഈ ഒരു പ്രത്യേക ബസ് കമ്പനിയിൽ നിന്നും മാത്രം എന്ത് കൊണ്ട് ആളുകൾക്ക് ഇങ്ങനെ സംഭവിക്കുന്നു.

മനുഷ്യ ജീവന് പുല്ലു വില കൽപ്പിക്കുന്നത് കൊണ്ടും തികച്ചും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇല്ലാത്ത വ്യക്തികളെ തന്നെ ജോലിക്കായി പ്രത്യകം തിരഞ്ഞു എടുക്കുന്നത് കൊണ്ടും ആയിരിക്കാം ഒരു പക്ഷെ.

പണ്ടൊരിക്കൽ എറണാകുളത്ത് വച്ചു ഇക്കൂട്ടരിൽ നിന്നും ചില യാത്രക്കാർ അക്രമിക്കപ്പെട്ട സംഭവം ഓർമ വന്നത് കൊണ്ടും ഇതേ ബസിൽ തന്നെ വേണമല്ലോ ലക്ഷ്യ സ്ഥാനത്ത് എത്തേണ്ടത് എന്നുള്ളതുകൊണ്ടും കൂടുതൽ പ്രതികരിക്കാൻ നിന്നില്ല.

അത്യാവശ്യം നല്ല വെളിച്ചം ഉള്ള സ്ഥലത്ത്, എടുത്ത് കാണാവുന്ന നിറത്തിൽ ഉള്ള വസ്ത്രവും ധരിച്ചു ഡ്രൈവർ പറഞ്ഞ സ്ഥലത്ത് നിന്ന ആളെ അതും ഏറ്റവും അപ്പോൾ കുറഞ്ഞ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിലെ ഡ്രൈവർക്കു കാണാൻ പറ്റിയില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളിൽ മുൻപും കുപ്രസിദ്ധമായ ഈ ബസ് ജീവനക്കാരുടെയും ഭാഗത്ത്‌ നിന്നും.

ഒടുവിൽ ബസിൽ നിന്നും ഇറങ്ങുന്ന സമയത്ത് വെറുതെയെങ്കിലും ഒന്ന് പ്രതീക്ഷിച്ചു അബദ്ധം പറ്റിപോയതാണ് എന്നൊരു വാക്ക് ഡ്രൈവറുടെ ഭാഗത്തു നിന്നും. പക്ഷെ അതുണ്ടായില്ല.

ഇനിയെങ്കിലും ഇത്തരം മനുഷ്യത്വരഹിതമായ സമീപനം ഇവരിൽ നിന്നും ആർക്കും ഉണ്ടാവാതിരിക്കട്ടെ.

വാൽകഷ്ണം
‘Dog’s tail can never be straight even if we put it into a pipe for years’

Justine J Mathew

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക