തിരുവനന്തപുരം: തളര്‍ന്നിരിക്കാന്‍ ഒരുക്കമല്ല, കാസര്‍കോട്ടെ കണ്ണീരുണങ്ങാത്ത മണ്ണിലെ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ഉള്ളാന്തലുകളാണ് 82 വയസ്സിന്‍റെ സ്വാഭാവിക അവശതകളിലും അഞ്ചാംദിവസത്തിലേക്ക് കടക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന് ദയാബായിക്ക് കരുത്തും ത്രാണിയുമേകുന്നത്. അതുകൊണ്ടുതന്നെ അവശതയേശാത്ത ആവേശവും ആര്‍ജവം തുടിക്കുന്ന മുഖവും അനുഭവച്ചൂടില്‍ വെന്തുതിളക്കുന്ന വാക്കുകളുമായി ഇവര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ സജീവമാണ്.

കേരളം കേന്ദ്രത്തിന് നല്‍കിയ എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേരുകൂടി ഉള്‍പ്പെടുത്തുക, ജില്ലയില്‍ വിദഗ്ധ ചികിത്സ സൗകര്യം ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും ദിനപരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നിവയാണ് ആവശ്യം. ഇത് അംഗീകരിച്ചിട്ടേ മടങ്ങൂവെന്ന വാശിയില്‍ തന്നെയാണ് ഈ വയോധിക, ഇനി ഇവിടെക്കിടന്ന് മരിക്കേണ്ടിവന്നാലും ശരി. ഭരണകൂടത്തിന് ഈ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലെന്നും മന്ത്രിമാര്‍ വിദേശയാത്ര നടത്തുകയല്ല, കാസര്‍കോട്ടെ ദുരിതഭൂമി സന്ദര്‍ശിക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമരത്തിന്‍റെ മൂന്നാംദിവസമായ ചൊവ്വാഴ്ച പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്ക് വിധേയമാക്കിയതിനെക്കുറിച്ച്‌ രൂക്ഷമായ ഭാഷയിലാണ് ദയാബായി പ്രതികരിച്ചത്. തനിക്ക് ആരോഗ്യത്തിന് ഒരു പ്രശ്നവുമില്ലെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും അവര്‍ കേട്ടില്ലെന്നും പൊലീസിനെ കൊണ്ടുവന്ന് നിര്‍ബന്ധിച്ച്‌ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നെന്നും ദയാബായി പറഞ്ഞു. ‘ഡോക്ടര്‍മാരെയോ നഴ്സുമാരെയോ ആരെ വിട്ടും പരിശോധിക്കട്ടെ. എന്‍റെ ശരീരം എന്‍റേതാണ് തൊടരുരത്’ എന്നെല്ലാം പറഞ്ഞുനോക്കി. അതൊന്നും അവര്‍ കേട്ടില്ല. ഹീനമായ പ്രവര്‍ത്തിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. ജനറല്‍ ആശുപത്രിയില്‍നിന്ന് ഓട്ടോറിക്ഷ പിടിച്ച്‌ സമരപ്പന്തലിലേക്ക് അവര്‍ മടങ്ങിയെത്തുകയും ചെയ്തു.

‘മുഖ്യമന്ത്രിയുടെ വസതിയില്‍ 45 ലക്ഷം രൂപ ചെലവില്‍ തൊഴുത്ത് നിര്‍മിക്കുന്നുവെന്ന് കഴിഞ്ഞദിവസമാണ് കേട്ടത്. കാസര്‍കോട് കുറേ മനുഷ്യര്‍ ഇങ്ങനെ കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. ‘ഞാന്‍’ തീരുമാനിക്കുന്നത് നടത്തിയിരിക്കുമെന്നാണ് സമീപനം. ഇവിടെ ഞാനാധിപത്യമല്ല, ജനാധിപത്യമാണെന്ന് ഭരിക്കുന്നവര്‍ മനസ്സിലാണമെന്നും ദയാബായി പറഞ്ഞു. ദിവസം പിന്നിടുന്തോറും സമരത്തിന് പിന്തുണയേറുകയാണ്. അതുകൊണ്ടുതന്നെ അവധിയാലസ്യമേശാതെ സമരപ്പന്തലും സജീവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക