കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ ഐടി മേഖല കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത് 15.5 ശതമാനത്തിന്‍റെ റെക്കോര്‍ഡ് വളര്‍ച്ചയാണ്. 227 ബില്യൻ ഡോളറിന്‍റെ ഇന്ത്യന്‍ ഐടി വ്യവസായം 2022 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 5.5 ലക്ഷം പുതിയ ജോലികള്‍ സൃഷ്ടിച്ചു. എന്നാല്‍ ഈ ആഘോഷത്തിനിടെയും ഐടി കമ്പനികളെല്ലാം ആശങ്കയോടെ നോക്കിക്കാണുന്ന ഒരു പ്രതിസന്ധി ഈ വ്യവസായത്തിന്‍റെ തൊട്ടുമുന്നിലുണ്ട്. ഈ വളര്‍ച്ചയുടെയെല്ലാം കാരണക്കാരായ മിടുക്കരായ പ്രഫഷനലുകളെ അതാത് കമ്പനികളില്‍ പിടിച്ചു നിര്‍ത്തുകയെന്ന ഭീമന്‍ വെല്ലുവിളിയാണത്.

സ്വന്തം ഇഷ്ടപ്രകാരം ജീവനക്കാര്‍ തങ്ങളുടെ കമ്പനിയില്‍നിന്ന് രാജിവയ്ക്കുന്നതിന്‍റെ നിരക്കായ അട്രീഷന്‍ റേറ്റ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കുതിച്ചുയരുമെന്ന് ടീം ലീസ് ഡിജിറ്റലിന്‍റെ ടാലന്‍റ് എക്സോഡസ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ നിരക്ക് 2021-22 സാമ്പത്തിക വര്‍ഷത്തെ 49 ശതമാനത്തില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷം 55 ശതമാനമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇവരുടെ കണക്കനുസരിച്ച് 2025 ഓടെ 22 ലക്ഷം ഐടി പ്രഫഷനലുകളെങ്കിലും ജോലി രാജിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. 57 ശതമാനം ഐടി പ്രഫഷനലുകളും ഐടി സേവന മേഖലയിലേക്ക് ഭാവിയില്‍ മടങ്ങി വരാന്‍ താത്പര്യം കാണിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശമ്പളം ഉയര്‍ത്തുന്നത് കൊണ്ട് മാത്രം ജീവനക്കാരുടെ പ്രകടനവും തൊഴില്‍ സംതൃപ്തിയും മെച്ചപ്പെടുമെന്ന വലിയ തെറ്റിദ്ധാരണ ഐടി വ്യവസായത്തിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ‍് മഹാമാരിക്ക് ശേഷം ജീവനക്കാരുടെ മുന്‍ഗണനകള്‍ മാറിയതാണ് അട്രീഷന്‍ റേറ്റ് ഉയരാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരിയറിലെ ഫ്ലക്സിബിലിറ്റി, വളര്‍ച്ച, ജീവനക്കാർക്കു കമ്പനിയില്‍ ലഭിക്കുന്ന മൂല്യം തുടങ്ങിയവയെല്ലാം പ്രധാനമാണെന്നും ഈ ഘടകങ്ങള്‍ വിലയിരുത്തിയാണ് പല ജീവനക്കാരും ജോലി രാജിവയ്ക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

മികച്ച ശമ്പളത്തിന്‍റെയും മറ്റ് ആനുകൂല്യങ്ങളുടെയും അഭാവം മൂലം, കഴിവുള്ളവർ രാജിവയ്ക്കുന്നത് വർധിക്കുന്നതായി സര്‍വേയോട് പ്രതികരിച്ച 50 ശതമാനം പേരും അഭിപ്രായപ്പെട്ടു. മറ്റ് മേഖലകളിലെ പുതുതലമുറ കമ്പനികള്‍ തങ്ങളുടെ തൊഴില്‍ശേഷി വികസിപ്പിക്കുന്നതും ഐടി സേവനമേഖലയിലെ കൊഴിഞ്ഞു പോക്കിനു പിന്നിലെ മറ്റൊരു കാരണമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക