വിഴിഞ്ഞം: കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്തിറങ്ങിയ മഴ അല്പമൊന്ന് അയഞ്ഞപ്പോള്‍ ഇന്നലെ വിഴിഞ്ഞം കടപ്പുറത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു. ഞായറാഴ്ച തൊട്ട് മഴയും കാറ്റും കടുത്തതോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കടല്‍ കലിയടക്കിയതും മഴ തോര്‍ന്നതും കാരണം ഇന്നലെ മത്സ്യബന്ധനത്തിന് പോയ എല്ലാവക്കും കടലമ്മ കൈനിറയെ മീന്‍ കൊടുത്തു. തീരത്ത് ചാകരയെത്തിയതറിഞ്ഞ് രാവിലെ മുതല്‍ മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്കും അനുഭവപ്പെട്ടു.
ചെറുകൊഴിയാളയും വാളയുമാണ് ഇന്നലെ വള്ളക്കാര്‍ക്ക് ലഭിച്ചത്. രാവിലെ കുട്ട ഒന്നിന് 800 രൂപയോളം വിലയുണ്ടായിരുന്ന ചെറുകൊഴിയാളയ്ക്ക് ഉച്ചയോടെ വിലകുറഞ്ഞ് 350 രൂപയിലെത്തി. വാള മത്സ്യത്തിന് കുട്ടയൊന്നിന് 4500 രൂപവരെ ലഭിച്ചെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ മാസം 80 മുതല്‍ 100 രൂപവരെ ഉണ്ടായിരുന്ന വാള ഇന്നലെ 180 രൂപയിലെത്തി. ആവശ്യക്കാരുടെ എണ്ണം കൂടിയതും മറ്റുജില്ലകളില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞുമാണ് വാളയുടെ വിലകൂടാന്‍ കാരണം. ഇന്നലെ വിറ്റുപോകാതെ ബാക്കിവന്ന മീന്‍ രാത്രിയോടെ വളം നിര്‍മ്മാണത്തിനും കോഴിത്തീറ്റ നിര്‍മ്മാണത്തിനുമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
കടലമ്മ കനിഞ്ഞ സീസണ്‍
ഏതാനും വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേട്ടമുണ്ടായി. കൊഞ്ച് ഒഴികെ എല്ലാ മത്സ്യങ്ങളും ഥേഷ്ടം ലഭിച്ചെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇത്തവണ കല്ലന്‍ കണവയും ഓലക്കണവയും ധാരാളം ലഭിച്ചു. കല്ലന്‍ കണവയ്ക്ക് പ്രാദേശിക മാര്‍ക്കറ്റില്‍ ചെലവില്ലെങ്കിലും കയറ്റുമതി ഏറെയാണ്. ഈ സീസണ്‍ തുടങ്ങിയതു മുതല്‍ കൊഴിയാള സുലഭമായിരുന്നു. ആദ്യം ഒരു കുട്ട കൊഴിയാളയ്ക്ക് 2000 രൂപവരെ ആയിരുന്നെങ്കില്‍ ഇന്നലെ വില 350 വരെ താഴ്ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സീസണില്‍ ചെറുചാള മത്സ്യവും ധാരാളം ലഭിച്ചു. സെപ്തംബര്‍ പകുതിയോടെ സീസണ്‍ അവസാനിക്കും.
വിഴിഞ്ഞം ക്ലിക്കാകും
കാലവര്‍ഷം തടസമുണ്ടാക്കിയില്ലെങ്കില്‍ നിലവിലെ സ്ഥിതി തുടരാനാണ് സാദ്ധ്യത. ട്രോളിംഗ് നിരോധനം പിന്‍വലിച്ചെങ്കിലും കനത്ത കടല്‍ക്ഷോഭം കാരണം മറ്റു ജില്ലകളിലെ കടപ്പുറങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നില്ല. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ വിഴിഞ്ഞത്ത് മത്സ്യകച്ചവടക്കാരുടെയും ഇടനിലക്കാരുടെയും തിരക്ക് കൂടാനാണ് സാദ്ധ്യത. 20 വര്‍ഷത്തിന് ശേഷം ചിന്നത്തുറ, തുത്തൂര്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ നിരവധി മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത് എത്തിയത്.