വയനാട് : വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റ ഓഫീസ് അക്രമണക്കേസില്‍ പ്രതികളായ എസ് എഫ് ഐക്കാരില്‍ ചിലര്‍ 2017ല്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് തച്ചുതകര്‍ത്തതിലും ഉള്‍പ്പെട്ടവര്‍. ഈ അക്രമത്തിലും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന കെ ആര്‍ അവിഷിത്ത് ഉണ്ടായിരുന്നു. എന്നാല്‍ അവിഷിത്ത് പ്രതിയായില്ല. ഈ കോളേജില്‍ പഠിക്കാത്ത എസ് എഫ് ഐക്കാരാണ് അതിക്രമിച്ച്‌ കയറിയത്. അതുകൊണ്ട് തന്നെ അവിഷിത്തും പ്രതിയാകേണ്ടതാണ്. എന്നാല്‍ അത് സംഭവിച്ചില്ല.

സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്റെ മകന്റെ അളിയനാണ് അവിഷിത്ത്. ഈ ബന്ധങ്ങളാണ് അവിഷിത്തിന് തുണയാകുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിലും അവിഷിത്ത് പ്രതിയാകാന്‍ ഇടയില്ല. പരസ്യ പ്രതിരോധവുമായി ഗഗാറിന്‍ എത്തി കഴിഞ്ഞു. ഇതോടെ പൊലീസും അവിഷിത്തിനെ വെറുതെ വിടും. ഇതിനിടെയാണ് വയനാട് ഡോണ്‍ ബോസ്‌കോ കോളജിലെ അടിയും ചര്‍ച്ചയാകുന്നത്. കോളജ് തകര്‍ത്തതിനുള്ള നഷ്ടപരിഹാരം പ്രതികളില്‍ നിന്നും ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവിട്ടിരുന്നു. കല്‍പ്പറ്റയിലെപ്പോലെ ബത്തേരിയിലും പൊലീസ് നോക്കിനില്‍ക്കുന്‌പോഴായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകരുടെ അക്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനാപ്രവര്‍ത്തനത്തിന് വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ 2017 ജൂലൈയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടാ വിളയാട്ടം നടന്നത്. മുക്കാല്‍ മണിക്കൂറിലേറെ നീണ്ട അക്രമണത്തില്‍ ഓഫീസ് വസ്തുക്കളും 179 ജനലുകളും അടിച്ചുതകര്‍ത്തു.13 പ്രതികളില്‍ നിന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതിയാണ് ഉത്തരവിട്ടത്. ഈ വിഷയം ദൃശ്യങ്ങള്‍ സഹിതം ഏഷ്യാനെറ്റ് ന്യൂസാണ് ചര്‍ച്ചയാക്കിയത്. ഇന്നലെ ന്യൂസ് അവറില്‍ സിപിഎമ്മിനെ സമ്ബൂര്‍ണ്ണ പ്രതിരോധത്തിലേക്ക് അവതാരകന്‍ വിനു വി ജോണ്‍ തള്ളി വിട്ടു.

ഏഷ്യാനെറ്റ് ന്യൂസിനെ പരസ്യമായി തന്നെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കടന്നാക്രമിച്ചിരുന്നു. അവിഷിത്തനെതിരായ നടപടിയുമായി ബന്ധപ്പെട്ടാണ് ഇതെല്ലാം. ഇതിനെയാണ് ഡോണ്‍ ബോസ്‌കോ കോളേജിലെ ആക്രമ വീഡിയോയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പൊളിച്ചത്. സ്ഥിരം അക്രമവുമായി നടക്കുന്ന അവിഷിത്താണ് മന്ത്രിയുടെ ഓഫീസില്‍ നിറഞ്ഞതെന്ന് വിനു വി ജോണ്‍ ദൃശ്യങ്ങള്‍ കാട്ടി പറഞ്ഞു. ഈ കേസിലും അതെല്ലാം മാത്രമേ സംഭവിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.

ഡോണ്‍ ബോസ്‌കോ ആക്രമണ കേസില്‍ ഉള്‍പ്പെട്ടവര്‍ ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കുന്നതിലും നേരിട്ട് പങ്കാളികളായി.നിലവിലെ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി രണ്ട് സംഭവത്തിലും ഉള്‍പ്പെട്ടു.കല്‍പറ്റയില്‍ നടന്നതുപോലെ സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും ബത്തേരിയിലും പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. ഇരുപതിലേറെ പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം. അന്ന് ഡോണ്‍ ബോസ്‌കോ കോളേജില്‍ സിഐ ആയി എത്തിയ പൊലീസുകാരനാണ് രാഹുല്‍ ഗാന്ധി ഓഫീസ് ആക്രമണ കേസില്‍ സസ്‌പെന്‍ഷനിലായ ഡി വൈ എസ് പി എംഡി സുനില്‍. രണ്ടിടത്തും ഈ പൊലീസ് ഓഫിസര്‍ ഉണ്ടായിരുന്നുവെന്നതും യാദൃശ്ചികമാണ്.

രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. ആകെ റിമാന്‍ഡിലായവരുടെ എണ്ണം 29 ആയി. ഇവരില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ആക്രമണത്തില്‍ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കെ.ആര്‍.അവിഷിത്തിനെ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. എസ്‌എഫ്‌ഐ വയനാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.ആര്‍.അവിഷിത്ത്. ഈ മാസം 23-ാം തീയതി വച്ച്‌ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. അതിന് ശേഷമാണ് മിന്നല്‍ വേഗത്തില്‍ നടപടികളുണ്ടായിത്. അവിഷിത്ത് ഈ മാസം 15 മുതല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഓഫീസില്‍ വരുന്നില്ലെന്നും, ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ പൊതുഭരണ വകുപ്പിന് കത്തു നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക