കണ്ണൂര്‍: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ടറേറ്റിലേക്ക് കോണ്‍ഗ്രസ്, ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. രണ്ട് പൊലീസുകാര്‍ക്കും ഒരു ആര്‍വൈഎഫ് പ്രവര്‍ത്തകനും പരിക്കേറ്റു.

കോട്ടയം കളക്ടറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലും കുപ്പിയും എറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ച ഒരു പ്രവര്‍ത്തകന് പരിക്കേറ്റു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും സംഘര്‍‍ഷമുണ്ടായി. ബാരിക്കേടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വയനാട് കോഴിക്കോട് പാത ഉപരോധിച്ചിച്ചെങ്കിലും നേതാക്കളിടപെട്ട് പിന്തിരിപ്പിച്ചു. മുന്നറിയിപ്പില്ലാതെയാണ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി.

കണ്ണൂരിലെ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംഘര്‍ഷമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസഡിന്‍റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കെ സുധാകരനാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക