ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ഇല്ല. പാര്‍ട്ടിയില്‍ ചേരണമെന്ന കോണ്‍ഗ്രസ് അഭ്യര്‍ഥന പ്രശാന്ത് കിഷോര്‍ തള്ളി. എഐസിസി വക്താവ് രൺദീപ്സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങൾക്ക് മേലുള്ള ചർച്ചയ്ക്ക് പിന്നാലെ കോൺഗ്രസ് പ്രസിഡൻറ് എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് 2024 രൂപീകരിക്കുകയും ഇതിൻറെ ഭാഗമാകാൻ പ്രശാന്തിനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ഇത് നിരസിച്ചു. പ്രശാന്ത് കിഷോർ പാർട്ടിക്ക് നൽകിയ ഉപദേശങ്ങൾക്ക് നന്ദി എന്നും സുർജേവാല ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസിൽ ചേരാനുള്ള ക്ഷണം താൻ നിരാകരിച്ചു എന്ന സ്ഥിരീകരണവും ആയി പ്രശാന്ത് കിഷോറും രംഗത്തെത്തി. കോൺഗ്രസിന് ഇപ്പോൾ തന്നെക്കാൾ ആവശ്യം ആഴത്തിൽ വേര് പടർത്തിയിരിക്കുന്ന സംഘടനാ പ്രശ്നങ്ങൾക്ക് കാതലായ മാറ്റങ്ങളിലൂടെ പരിഹാരം കാണുവാൻ ഇച്ഛാശക്തിയുള്ള ഒരു നേതൃത്വത്തെ ആണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ പ്രശാന്ത് നൽകിയ നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കാൻ കഴിയില്ല എന്ന നിലപാടാണ് പ്രശാന്തും കോൺഗ്രസും വീണ്ടും വേർപിരിയാൻ ഇടയാക്കിയത് എന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. ഉന്നത പദവി നൽകി പ്രശാന്ത് കിഷോറിനെ കോൺഗ്രസിൽ എത്തിക്കുന്നതിനെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ ശക്തമായി എതിർത്തിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കാതെ കോൺഗ്രസിൻറെ ഭാഗമാകുവാൻ പ്രശാന്തും തയ്യാറായിരുന്നില്ല. ഇക്കാര്യങ്ങൾ ആണ് ഇപ്പോളുള്ള ഈ വേർപിരിയലിന് കാരണമെന്നു വിലയിരുത്തപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക