മനോരമ കൗണ്ടർ പോയിന്റ് ചർച്ചയ്ക്കിടയിൽ ഇന്നലെ ബി ആർ എം ഷഫീർ പറഞ്ഞത് തുടർ ഭരണം സി പി എംകാരെ ധാർഷ്ട്യക്കാർ ആക്കി എന്നാണ്. ഇതിന് ഉദാഹരിക്കാൻ അദ്ദേഹം പറഞ്ഞ കാര്യം ഇപ്രകാരമാണ് – കണ്ണൂർ ജില്ലയിൽ ഇ പി ജയരാജൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ് ഏറ്റവുമധികം ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നത്. എന്നാൽ ഒരു ദിവസം ആ മരത്തിന് നേരെ ആരോ മഴുവെറിഞ്ഞു. അത് സിപിഎമ്മിന് തിരിച്ചറിവ് നൽകി. പ്രതികരണങ്ങൾ ഉന്നതരെ രക്ഷപ്പെടുന്നു എന്ന് വന്നപ്പോൾ സിപിഎം ആക്രമണം കുറച്ചു.

ഇ പി ജയരാജന് നേരെ വെടിയുതിർത്ത സംഭവത്തിൽ നിലവിലെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ഉൾപ്പെടെ ആരോപണ വിധേയനായിരുന്നു. ഈ പശ്ചാത്തലത്തിൽ കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കെ റയിൽ സർവ്വേയ്ക്കിടയിലെ സംഘർഷങ്ങളും ചർച്ചയാകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ് – സമരം മൂർച്ഛിച്ചാൽ ശൈലി മാറ്റം വന്ന കോൺഗ്രസ് സിപിഎമ്മിലെ വൻമരങ്ങളെ ലക്ഷ്യം ഇടുമോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂരിൽ സർവേയിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചു വിട്ടിരുന്നു. പോലീസിനെ മാറ്റിനിർത്തി സർവ്വേ മുന്നോട്ടു കൊണ്ടുപോകുവാൻ പാർട്ടിക്കാർ ഇറങ്ങിയാൽ കേരളത്തിലെ ക്രമസമാധാനനില തകരാറിൽ ആകുവാൻ സാധ്യതയുണ്ട്. ഇതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.

1.തുടർ ഭരണം ലഭിച്ച സിപിഎമ്മിനെതിരെ ശക്തമായ ജനവികാരം ഉയർന്നുവരുന്ന വിഷയമാണ് കെ റെയിൽ. കോൺഗ്രസ് ഉയർത്തുന്ന പ്രതിഷേധത്തിന് പൊതുസമൂഹത്തിൽ വലിയ വിഭാഗത്തിൽനിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്.

2.തൻറെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനായി അടിക്ക് തിരിച്ചടി എന്ന സ്വന്തം ശൈലിയിൽ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ആളാണ് നിലവിലെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ.

3.കെ റെയിൽ സമരത്തെ നേരിടുവാൻ സിപിഎം ആക്രമ പാത സ്വീകരിക്കുന്നു എന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നു.

4.സുധാകര വീര്യം ഏറ്റെടുത്ത കോൺഗ്രസ് അണികളും കേരളത്തിലെ വിവിധ ജില്ലകളിൽ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി അക്രമോത്സുകമായി തന്നെയാണ് സമരമുഖത്ത് ഉള്ളത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയാൽ അത് കേരളത്തിൽ രാഷ്ട്രീയ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. ക്രമസമാധാനനില താറുമാറാകാൻ ഇടയുണ്ട്. വലിയ രീതിയിലുള്ള ജനരോഷം മുതലെടുക്കുവാൻ പ്രതിപക്ഷ പാർട്ടികൾ തന്ത്രങ്ങൾ മെനയും. പിണറായി വിജയന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുവാൻ സിപിഎം കടുത്ത നിലപാടുകൾ കൈക്കൊള്ളും. ഇങ്ങനെയൊക്കെ സംഭവിച്ചാൽ സ്വാഭാവികമായും കെ റയിൽ കേരളത്തെ ഒരു കലാപ ഭൂമിയാക്കി മാറ്റും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക