തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്പരം കയ്യാങ്കളിയുമായി ഇടത് നേതാവ് എ എച്ച്‌ ഹഫീസും യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാഹുല്‍ കൃഷ്ണയും. സീ മലയാളം ന്യൂസിന്റെ സില്‍വര്‍ ലൈന്‍ സംബന്ധിയായ ചര്‍ച്ചയ്ക്കിടെയാണ് പരസ്പരം നേതാക്കള്‍ തമ്മില്‍ തല്ലിയത്. സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ തിരുവനന്തപുരം കഴക്കൂട്ടത്ത് പൊലീസ് ബൂട്ടിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്ത വിഷയമായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്.

ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് എ എച്ച് ഹഫീസും യു ഡി എഫിനെ പ്രതിനിധീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാഹുല്‍ കൃഷ്ണയുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ബി ജെ പി നേതാവ് കൃഷ്ണദാസും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ബാഹുല്‍ കൃഷ്ണ കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പിണറായിയെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞ് ഇടത് പ്രതിനിധി ബാഹുല്‍ കൃഷ്ണയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Video Courtsey: Zee Malayalam.

തത്സമയ ചര്‍ച്ച തുടര്‍ന്ന് കൈയ്യാങ്കളിലേക്ക് നീങ്ങുകയും ചെയ്തു. സില്‍വര്‍ ലൈന്‍ പദ്ധതിയെ എന്തിനാണ് യു ഡി എഫ് എതിര്‍ക്കുന്നത് എന്നും സംസ്ഥാനത്തിന്റെ വികസനത്തിന് എതിര് നില്‍ക്കരുതെന്നും എ എച്ച് ഹഫീസ് പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കെ റെയില്‍ കൊണ്ടുവന്നല്ലോ അപ്പോള്‍ എന്താണ് ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ദേശീയ പാത വികസനം എല്ലാം നടക്കുകയാണ് എന്നും വികസനം നാടിന് ആവശ്യമാണ് എന്നുമായിരുന്നു എ എച്ച് ഹഫീസിന്റെ വാദം.

എന്നാല്‍ ദേശീയ പാത വികസനം നടന്നോട്ടെയെന്നും കെ റെയില്‍ കേരളത്തിന് ആവശ്യമില്ലെന്നുമായിരുന്നു ബാഹുല്‍ കൃഷ്ണ പറഞ്ഞത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കെ റെയില്‍ വേണ്ടെന്ന് വെച്ചത് അത് അത്യാവശ്യമല്ലായിരുന്നു എന്നതിനാലാണെന്നും ബാഹുല്‍ കൃഷ്ണ വാദിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ട് പോരെ കെ റെയില്‍ എന്നും ബാഹുല്‍ കൃഷ്ണ വാദത്തില്‍ ഉന്നയിച്ചു. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചോ? ഇനി കെ റെയില്‍ മാത്രം മതി എന്നാണോ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഒരാളുടെ യാത്രാമാര്‍ഗത്തിന് വേഗത കൊണ്ടുവരാനാണ് കെ റെയില്‍ കൊണ്ടുവരുന്നതെന്ന് എ എച്ച് ഹഫീസ് പറഞ്ഞു. നഷ്ടപരിഹാരം ലഭിച്ചിട്ട് വസ്തു ഒഴിഞ്ഞുകൊടുത്താല്‍ മതി. നിങ്ങള്‍ എന്തിനാണ് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും എ എച്ച് ഹഫീസ് ബാഹുല്‍ കൃഷ്ണയോട് ചോദിച്ചു. ഇതിനിടെ ഉമ്മന്‍ചാണ്ടിക്ക് മുമ്പ് ഇവിടെ കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു എന്ന് എ എച്ച് ഹഫീസ് പറഞ്ഞു.

എന്നാല്‍ ആ കായംകുളം കൊച്ചുണ്ണിയെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാഹുല്‍കൃഷ്ണ തിരിച്ചടിച്ചു. ഇതോടെയാണ് ഇരുവരും തമ്മില്‍ കൈയ്യാങ്കളിയായത്. പിണറായി വിജയനെക്കുറിച്ച് വൃത്തികേട് പറയരുത് എന്ന് പറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഹഫീസ് ബാഹുല്‍ കൃഷ്ണയുടെ കോളറില്‍ കടന്നുപിടിക്കുകയായിരുന്നു. ഇതോോടെ ഇരുവരും തമ്മില്‍ സ്റ്റുഡിയോയില്‍ അടിപിടിയായി. പിന്നീട് ഇടവേളയ്ക്ക് ശേഷമാണ് ഇരുവരെയും അനുനയിപ്പിച്ച് ചര്‍ച്ച പുനരാരംഭിച്ചത്.

എന്നാല്‍ ഇതിന് ശേഷവും ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. മുഖ്യമന്ത്രിയാണ് കായംകുളം കൊച്ചുണ്ണി എന്ന് പറഞ്ഞത് കേട്ടിരിക്കാന്‍ കഴിഞ്ഞില്ലെന്നും പിണറായി വിജയനെ അധിക്ഷേപിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഹാഫിസ് പറഞ്ഞു. എന്നാല്‍ കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചപ്പോള്‍ എതിര്‍ക്കാം എന്നും പക്ഷേ പറയാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്നും ബാഹുല്‍ കൃഷ്ണ തിരിച്ചടിച്ചു. രണ്ട് ലക്ഷം കോടിയുടെ കമ്മീഷന്‍ അടിച്ചുമാറ്റുന്ന ആളെ പിന്നെ എന്ത് പേരിട്ട് വിളിക്കണമെന്നും ബാഹുല്‍ കൃഷ്ണ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക