ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോണ്‍​ഗ്രസിന്റെ മുഖമാക്കാനുള്ള ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നു. ഇന്നും ഇത് സംബന്ധിച്ച്‌ കോണ്‍​ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് കിഷോറിന്റെ ചാണക്യ തന്ത്രങ്ങളും കോണ്‍​ഗ്രസിന്റെ ജനകീയാടിത്തറയും ഒരുമിച്ചാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാകും എന്ന കണക്കുകൂട്ടലിലാണ് കോണ്‍​ഗ്രസിലെ ഒരു വിഭാ​ഗം. എന്നാല്‍, പ്രശാന്ത് കിഷോറിനെ തങ്ങളെക്കാള്‍ മുകളില്‍ പ്രതിഷ്ഠിക്കുന്നതില്‍ ഒരു വിഭാ​ഗം മുതിര്‍ന്ന നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോര്‍ രണ്ടാം തവണയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളില്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നേതാക്കളുടെ അഭിപ്രായങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടി ചുമതലയില്‍ നിയോഗിക്കണമെന്ന് എ കെ ആന്റണി വ്യക്തമാക്കിയെന്നും സൂചനയുണ്ട്. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രവും പ്രശാന്ത് കിഷോറിന്റെ ഫോര്‍മുലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കിഷോറിന്റെ സംഘടനയായ ഐപാക് അറിയിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനോ വൈസ് പ്രസിഡന്റോ ആകണമെന്ന് പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചതായാണ് വിവരം. പ്രശാന്ത് കിഷോറുമായി ജയറാം രമേശ്, അംബിക സോണി, കെ സി വേണുഗോപാല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളിലും മുന്നോട്ടുവച്ച ഫോര്‍മുലയിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെ നവീകരിക്കാനുള്ള പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ തങ്ങളില്‍ പലരുടേയും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ഈ എതിര്‍പ്പുകളെ കോണ്‍ഗ്രസ് എങ്ങനെ മറികടക്കുമെന്നാണ് ഉയരുന്ന ഏറ്റവും നിര്‍ണായകമായ ചോദ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി ഭരണകൂടങ്ങളെ അധികാരത്തിലേറ്റാന്‍ ഉലയൂതിയവനാണ് പ്രശാന്ത് കിഷോര്‍. എന്നാല്‍, അവിടെ നിന്നെല്ലാം തെറ്റിപ്പിരിഞ്ഞ ഈ രാഷ്ട്രീയ ചാണക്യന്‍ കഴിഞ്ഞ പശ്ചിമ ബം​ഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവുമധികം ശ്രദ്ധേയനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ബം​ഗാള്‍ പിടിക്കാന്‍ അരയുംതലയും മുറുക്കി ബിജെപി രം​ഗത്തുണ്ടായിരുന്നു. എന്നാല്‍, പശ്ചിമ ബം​ഗാളില്‍ ഭരണം നിലനിര്‍ത്താന്‍ പോരിനിറങ്ങിയ മമതയുടെ പിന്നില്‍ കരുത്തായി നിന്നത് പ്രശാന്ത കിഷോറായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപിയില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഴുവന്‍ ശ്രദ്ധയും ബംഗാളിലാണ്. നോര്‍ത്ത് ഈസ്റ്റില്‍ നേട്ടമുണ്ടാക്കിയ അതേ വഴിയേ ബംഗാളിലും ഒന്നാമനാകാനായിരുന്നു ബിജെപിയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ സൂചനകളുമെത്തി. ബംഗാളില്‍ 18 സീറ്റിലാണ് ബിജെപി ജയിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബിജെപി കണക്കുകൂട്ടി. എന്നാല്‍, ബം​ഗാളില്‍ തൃണമൂല്‍ തോറ്റാല്‍ ഈ പണി നിര്‍ത്തും എന്ന് പ്രഖ്യാപിച്ചായിരുന്നു പ്രശാന്ത് കിഷോറിന്റെ പടപ്പുറപ്പാട്.

‘ബംഗാളില്‍ ബിജെപി നൂറ് സീറ്റിന് മുകളില്‍ വിജയിക്കുകയാണെങ്കില്‍ ഞാന്‍ ജോലി നിര്‍ത്തും. ഐപിഎസി എന്ന തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന സ്ഥാപനം വിടും. വ്യത്യസ്തമായ മറ്റെന്തെങ്കിലും ജോലി ചെയ്യും. മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്കെന്നെ കാണാനാകില്ല’ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തൃണമൂല്‍ കോണ്‍​ഗ്രസ് 220 സീറ്റുകള്‍ നേതി. ബിജെപിക്കാകട്ടെ, 71 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

2014 ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചാണ് പ്രശാന്ത് കിഷോര്‍ ചര്‍ച്ചയായത്. മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നില്‍ പ്രശാന്ത് കിഷോറൊരുക്കിയ പ്രചരണ വാക്യങ്ങളായിരുന്നു. ഇതിന് ശേഷം പലയിടത്തും ഈ പരീക്ഷണം വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിനായി നടത്തിയ ശ്രമങ്ങള്‍ പാളുകളും ചെയ്തു. അതുകൊണ്ട് തന്നെ പ്രാദേശിക കക്ഷികളുടെ പ്രചരണത്തില്‍ പ്രശാന്ത് കിഷോര്‍ പിന്നീട് ശ്രദ്ധ നല്‍കി. അതും വിജയം കണ്ടു. രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ അഥവാ ഇമേജ് ബില്‍ഡിംഗില്‍ മികവ് തെളിയിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.

ഗുജറാത്തില്‍ 2011 ല്‍ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതോടെയാണ് പ്രശാന്ത് ശ്രദ്ധയിലേക്കുയര്‍ന്നത്. 2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതോടെ ബിജെപി വിട്ടു. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് പ്രശാന്ത് കിഷോര്‍ ആയിരുന്നു. സി.എ.എ നിയമത്തോടുള്ള എതിര്‍പ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡല്‍ഹിയില്‍ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. കെജ്രിവാളിന് പുറമേ മമത ബാനര്‍ജിയുടെയും എം.കെ.സ്റ്റാലിന്റെയും തിരഞ്ഞെടുപ്പ് ഉപദേശകനാണ് പ്രശാന്ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക