മുംബൈ: രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി പണിമുടക്കി. നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ പണിമുടക്കിയതോടെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികളുമായെത്തി. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. പലരും തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പരാതിപ്പെട്ടു.

തകരാര്‍ ഉണ്ടായതായി അംഗീകരിക്കുകയും ഉപഭോക്താക്കളുടെ പരാതിക്ക് സൊമാറ്റോ കെയര്‍ മറുപടി നല്‍കുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ സൊമാറ്റോ ക്ഷമ ചോദിക്കുകയും ചെയ്തു. താത്കാലികമായി ഉണ്ടായ ഒരു സാങ്കേതിക തകരാറിനെ ഞങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അത് പരിഹരിക്കാന്‍ ഞങ്ങളുടെ ടീം ശ്രമിക്കുകയാണെന്നും ഉടനെ പ്രശ്ങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും സൊമാറ്റോ ട്വിറ്ററില്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും തകരാറുകള്‍ പരിഹരിക്കുകയാണ് എന്ന് അറിയിച്ചു. “സാങ്കേതിക പരിമിതികള്‍ നേരിടുന്നതിനാല്‍ നിലവില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ അഭ്യര്‍ത്ഥന പ്രോസസ്സ് ചെയ്യാന്‍ കഴിയുന്നില്ല. നിങ്ങളുടെ സഹകരണത്തിന് നന്ദി പറയുന്നു, പ്രശ്നങ്ങള്‍ ഞങ്ങള്‍ ഉടന്‍ പരിഹരിക്കും’- സ്വിഗ്ഗി തങ്ങളുടെ ട്വിറ്ററില്‍ കുറിച്ചു. രണ്ട് ആപ്പുകളും അരമണിക്കൂറിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ തിരിച്ചെത്തിയെങ്കിലും ഓര്‍ഡറുകള്‍ നല്‍കാനോ മെനുകളും ലിസ്റ്റുകളും ബ്രൗസ് ചെയ്യാനോ കഴിയാത്ത ഉപയോക്താക്കളുടെ പരാതികളാല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കവിയുകയാണ്.

സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ കഴിഞ്ഞ മാസം ഫുഡ് ഡെലിവറി 10 മിനിറ്റിനുള്ളില്‍ നടത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിന് ശേഷം സൊമാറ്റോയ്ക്ക് വാന്‍ കുതിപ്പാണ് ഉണ്ടായത്. മികച്ച പ്രതികരണങ്ങളായിരുന്നു ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും സൊമാറ്റോയെ തേടി എത്തിയത്. നല്ല ഭക്ഷണത്തിനായി 30 മിനിറ്റ് കാത്തിരിക്കേണ്ടതില്ലെന്ന് പലരും ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക