ബംഗളുരു: കാമുകിയുടെ മകളെയും പ്രണയിച്ച യുവാവ് ഒടുവില്‍ കാമുകിയെ കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ഹൊസൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അര്‍ച്ചന റെഡ്ഡി എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നവീന്‍, കൂട്ടാളി അനൂപ് എന്നിവരെയാണ് ഇലക്‌ട്രോണിക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു തവണ വിവാഹം കഴിച്ച അര്‍ച്ചന റെഡ്ഡിയുടെ കുടുംബ ജീവിതം ഏറെ കാലം നീണ്ടുനിന്നില്ല. ആദ്യം അരവിന്ദ് എന്നയാളെയാണ് അര്‍ച്ചന വിവാഹം കഴിച്ചത്. പത്ത് വര്‍ഷം നീണ്ട ഈ ബന്ധത്തില്‍ അര്‍ച്ചനയ്ക്ക് യുവിക റെഡ്ഡി, ട്രിവിഡ് എന്നീ രണ്ട് മകളുണ്ട്.

ജിം പരിശീലകനായ നവീനുമായി അര്‍ച്ചനയുടെ ബന്ധം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ചുകാലമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന അര്‍ച്ചന സിദ്ദിഖ് എന്നയാളുമായി രണ്ടാം വിവാഹവും നടത്തി, രണ്ടുവര്‍ഷം മുമ്ബ് ഈ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. പിന്നീട് ജിം പരിശീലകനായ നവീനെ കണ്ടെത്തി. അര്‍ച്ചനയുടെ മകള്‍ യുവികയ്ക്ക് ജിം പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ബോഡി ബില്‍ഡര്‍ കൂടിയായ നവീനെ വീട്ടിലേക്ക് വരുത്തിയത്. അര്‍ച്ചനയുടെ സ്വത്തില്‍ നോട്ടമിട്ട നവീന്‍ ഒരേസമയം അര്‍ച്ചനയെയും യുവികയെയും പ്രണയിച്ചു. അതിനിടെ അര്‍ച്ചനയുമായി ലിവിങ് ടുഗദറായി ബന്ധം മുന്നോട്ടുകൊണ്ടുപോയി. അതിനിടെയാണ് നവീന്‍, അര്‍ച്ചനയുടെ മകള്‍ യുവികയുമായി അടുക്കുന്നത്.

അര്‍ച്ചനയെ വിട്ട് മകളുമായി പ്രണയം

ഇതോടെ അര്‍ച്ചനയുമായുള്ള അടുപ്പം നവീന്‍ കുറച്ചു. എങ്ങനെയും യുവികയെ സ്വന്തമാക്കുക എന്നതായിരുന്നു നവീന്റെ ലക്ഷ്യം. എന്നാല്‍ മകളുമായി നവീന്‍ അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞ അര്‍ച്ചന റെഡ്ഡി, നവീനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. എന്നാല്‍ ഇത് വകവെക്കാതെ നവീന്‍ യുവികയുമായുള്ള അടുപ്പം തുടര്‍ന്നു. ഇതോടെ നവീനെതിരെ കഴിഞ്ഞ മാസം 11ന് ജിഗനി പോലീസ് സ്‌റ്റേഷനില്‍ അര്‍ച്ചന പരാതി നല്‍കി. ജിഗനി പോലീസ് പ്രതിയായ നവീനെ വിളിച്ചുവരുത്തി അര്‍ച്ചന റെഡ്ഡിയുടെ വീട്ടിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും സെക്ഷന്‍ 324 പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവികയെ വിളിച്ചിറക്കി നവീന്‍ നാട് വിട്ടു.

ഇതോടെ യുവികയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് നിക്ഷേപങ്ങള്‍ അമ്മ അര്‍ച്ചന റെഡ്ഡി പൊലീസിന്‍റെ സഹായത്തോടെ ബ്ലോക്ക് ചെയ്തു. ഇത് കൂടാതെ സ്ഥലത്തെ ഒരു പ്രധാന ഗുണ്ടാനേതാവുമായി അടുപ്പമുണ്ടായിരുന്ന അര്‍ച്ചന, അയാളെ ഉപയോഗിച്ച്‌ നവീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ ഏതു വിധേനയും അര്‍ച്ചന റെഡ്ഡിയെ കൊലപ്പെടുത്തുക എന്നതായി നവീന്‍റെ ലക്ഷ്യം. ഇതിനായി കൂട്ടാളി അനൂപുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി.

ഗൂഢാലോചനയ്ക്കൊടുവില്‍ കൊലപാതകം

പദ്ധതി അനുസരിച്ച്‌ നവീനും അനൂപും ചേര്‍ന്ന് അര്‍ച്ചനയെ കൊലപ്പെടുത്തി. സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. ഇക്കാര്യം യുവികയ്ക്കും അറിയാമായിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ച്ചനയുടെ മകന്‍, ഇലക്‌ട്രോണിക് സിറ്റി പൊലീസില്‍ നവീനെതിരെ പരാതി നല്‍കി. കൊലപാതകത്തില്‍ നവീന് പങ്കുണ്ടെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയത്. ഇതോടെ നവീനൊപ്പമുണ്ടായിരുന്ന അര്‍ച്ചനയുടെ മകളെ ഇലക്‌ട്രോണിക് സിറ്റി പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൊല നടത്തിയത് നവീന്‍ ആണെന്ന് യുവിക പൊലീസിനോട് പറഞ്ഞു.

സ്വത്തിനു വേണ്ടി അര്‍ച്ചനയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അനൂപിനെയും നവീനിനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇലക്‌ട്രോണിക് സിറ്റി പോലീസ് ഇന്ന് മൂന്നാം പ്രതി സന്തോഷിനെ അറസ്റ്റ് ചെയ്തു. സന്തോഷ് എന്നയാളും കൊല നടത്താന്‍ നവീനെ സഹായിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക