കൊച്ചി: സിറോ മലബാര്‍ സഭയില്‍ കുര്‍ബാന അര്‍പ്പണത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും എത്തുന്ന ബിഷപ്പുമാര്‍ക്ക് സിനഡ് നിര്‍ദേശപ്രകാരമുള്ള അള്‍ത്താര അഭിമുഖ കുര്‍ബാനയര്‍പ്പണത്തിന് സൗകര്യങ്ങള്‍ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ കത്തിന് മറുപടിയുമായി അതിരൂപത മെത്രാപോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍.
മേജര്‍ ആര്‍ച്ച് ബിഷപ്പിനും എല്ലാ ബിഷപ്പുമാര്‍ക്കുമായാണ് മാര്‍ കരിയില്‍ ഇന്നലെ കത്ത് നല്‍കിയത്. സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന അര്‍പ്പണ രീതിക്ക് സൗകര്യം ഒരുക്കണമെന്ന നിര്‍ദേശം നല്‍കിയാല്‍ അത് ഇടവകകളിലും സ്ഥാപനങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഗൗരവമുള്ള പ്രതിസന്ധി വര്‍ധിക്കുമെന്നതിനാല്‍ അത്തരം നിര്‍ദേശം നല്‍കുക വിവേകപരമായിരിക്കില്ലെന്ന് മാര്‍ കരിയില്‍ വ്യക്തമാക്കുന്നു.
-->
അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ കാനോന്‍ നിയമപ്രകാരം ഒഴിവ് നല്‍കാന്‍ വത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്ന കാര്യവും മാര്‍ കരിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിഗൗരവമായ അജപാലന പ്രതിസന്ധികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അതാത് രൂപതയുടെ മെത്രാനാണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
മാത്രമല്ല, 2000ല്‍ കാനോന്‍ നിയമപ്രകാരം വിവിധ രൂപതകളില്‍ സിനഡ് തീരുമാനപ്രകാരമുള്ള കുര്‍ബാന അര്‍പ്പണത്തിന് ഒഴിവ് നല്‍കിയപ്പോള്‍ മറ്റ് രൂപതകളില്‍ നിന്നു വരുന്ന മെത്രാന്മാരും വൈദികരും അതാതു രൂപതകളിലെ രീതി പിന്തുടരണമെന്നായിരുന്നു ധാരണ. അതിരൂപതയ്ക്കുള്ള ഒഴിവ് ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിടെ വരുന്ന മെത്രാന്മാരും വൈദികരും ജനാഭിമുഖ കുര്‍ബാന തന്നെ പിന്തുടരുന്നതായിരിക്കും ഉചിതം. നിലവിലെ അജപാലന പ്രതിസ്‌നധി സങ്കീര്‍ണമാകാതിരിക്കാനും സംഘര്‍ഷാവസ്ഥ ലഘുകരിക്കാനുമുള്ള ഉത്തമ മാര്‍ഗവും ഇതുതന്നെയാണെന്നും മാര്‍ കരിയില്‍ കത്തില്‍ വ്യക്തമാക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക