കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 19 നാണ് നടക്കുന്നതെങ്കിലും പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെടും. പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഈ പദവികളിലേക്ക് ആരും എതിരാളികളായില്ല.

ഷമ്മി തിലകന്‍ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്നെങ്കിലും ഒപ്പ് രേഖപ്പെടുത്തിയില്ലെന്ന് കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. അതേസമയം, അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമിച്ച തന്നെ പിന്തുണയ്ക്കാന്‍ അംഗങ്ങളില്‍ മിക്കവര്‍ക്കും ഭയമായിരുന്നുവെന്നാണ് ഷമ്മി തിലകന്‍ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചാല്‍ സിനിമയില്‍ അവസരം നഷ്ടപ്പെടുമോയെന്ന് ഭയമായിരുന്നു പലര്‍ക്കും. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എതിര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നെ പിന്തുണച്ച്‌ ഒപ്പിടരുതെന്നായിരുന്നു ഇവര്‍ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നതെന്നും ഷമ്മി തിലകന്‍ പറയുന്നു. സൗത്ത് റാപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസക്തഭാഗങ്ങൾ

‘ഇക്കാര്യങ്ങളൊന്നും ഞാന്‍ വെറുതെ പറയുന്നതല്ല, എല്ലാത്തിനും എന്റെ കയ്യില്‍ വ്യക്തമായ തെളിവുകളുണ്ട്. അവരെല്ലാം എന്നോട് വളരെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് തന്നെയാണ് ഒപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞത്. ‘ഷമ്മീ..സോറി’ എന്ന് കണ്ണു നിറഞ്ഞുകൊണ്ട് പറഞ്ഞവരുണ്ട്. അവരെ കുറ്റം പറയാന്‍ കഴിയില്ല’- അഭിമുഖത്തില്‍ താരം പറയുന്നു.

നിനക്ക് ഞാന്‍ വോട്ട് ചെയ്യാം, പക്ഷെ പത്രികയില്‍ ഒപ്പിടാന്‍ പറയരുതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വോട്ട് രഹസ്യമാണ്. പത്രികയില്‍ ഒപ്പിട്ടാല്‍ അത് പരസ്യമാവും. അതായിരുന്നു അവരുടെ പ്രശ്നം. സ്വന്തം സഹോദരനായ ഷോബി തിലകന്‍ പോലും ഒപ്പിട്ടില്ല. എല്ലാവര്‍ക്കും സ്വന്തം നിലനില്‍പ് പ്രധാനമാണ്. എനിക്കാരോടും പരാതിയില്ല.

ഈ സാഹചര്യത്തില്‍ പോലും രണ്ട് പേര്‍ പത്രികയില്‍ ഒപ്പിടാന്‍ തയ്യാറായി മുന്നോട്ട് വന്നു. ബൈജുവും പ്രേംകുമാറുമായിരുന്നു ആ രണ്ട് പേര്‍. നിങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്നുണ്ടെങ്കില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കില്ലെന്ന് താന്‍ ഇരുവരോടും പറഞ്ഞു. വിലക്കിനേപ്പറ്റിയും ഓര്‍മ്മിപ്പിച്ചു. പക്ഷെ ബുദ്ധിമുട്ടില്ലെങ്കില്‍ ഒപ്പിട്ട് തരൂ എന്നും ഞാന്‍ ആഭ്യര്‍ത്ഥിച്ചു. ഒരാള്‍ പറഞ്ഞ സമയത്ത് കൃത്യമായി വിളിച്ച്‌ ‘ഞാന്‍ ഒപ്പിട്ടു തരാടാ’ എന്ന് പറഞ്ഞു. അവര്‍ ഒപ്പിട്ടുതന്നിട്ടും തള്ളിപ്പോയല്ലോ എന്നൊരു ചെറിയ നിരാശാബോധം മാത്രമാണുള്ളത്. ഞാന്‍ കമ്മറ്റിയില്‍ വരുന്നതിന് അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. ‘നീ കമ്മിറ്റിയില്‍ വരുന്നത് നല്ലതായിരിക്കും. നിഷ്പക്ഷമായ തീരുമാനങ്ങളും നടപടികളും കാണാന്‍ സാധിക്കും’ – എന്നായിരുന്നു ഇരുവരും പ്രതികരിച്ചതെന്നും ഷമ്മി തിലകന്‍ പറയുന്നു.

അവരുടെ കൂടെ ആഗ്രഹം, ഐക്യദാര്‍ഢ്യം അത് മുന്നോട്ടുപോയില്ലെന്ന വിഷമം ഉണ്ട്. വിലക്ക് എന്ന പേടിയാണ് എല്ലാവരുടേയും പ്രശ്നം. ‘നീ ഇത്രയും വഴക്കും പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടും നിനക്ക് അത്യാവശ്യം പടങ്ങളുണ്ട്. ഇവരാരും നിന്നെ വിളിക്കുന്നില്ലെങ്കിലും നിനക്ക് വര്‍ക്ക് കിട്ടുന്നുണ്ട്. പക്ഷെ, ഞങ്ങളുടെ അവസ്ഥ അങ്ങനെയല്ല. നിനക്ക് തന്നെ അറിയാമല്ലോ, ഞാന്‍ ഈ അമ്മയില്‍ നിന്ന് കിട്ടുന്ന അയ്യായിരം രൂപ കൊണ്ടും കൂടിയാണ് കാര്യങ്ങള്‍ നോക്കുന്നത്.’- എന്ന് പറഞ്ഞവരുണ്ടെന്നും സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. അവരുടെ സാഹചര്യം അതാണെന്നും അവരെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക