ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കർണാടകയില്‍ ജനതാദള്‍ എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻ.ഡി.എ മുന്നണിയോടൊപ്പമുള്ള ജെ.ഡി.എസ് മൂന്ന് ലോക്സഭ സീറ്റിലാണ് മത്സരിക്കുന്നത്. മാണ്ഡ്യയില്‍ മുൻ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി മത്സരിക്കും. കോലാർ, ഹസൻ എന്നിവയാണ് മറ്റു രണ്ട് സീറ്റുകള്‍. കോലാറില്‍ മല്ലേശ് ബാബുവും ഹസനില്‍ മുൻ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെ ചെറുമകൻ പ്രജ്വല്‍ രാവണ്ണയുമാണ് സ്ഥാനാർഥികള്‍.

ആരോഗ്യപരമായ കാരണങ്ങളാല്‍ എച്ച്‌.ഡി. കുമാരസ്വാമി ലോക്സഭയിലേക്ക് മത്സരിക്കില്ലെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മകൻ നിഖില്‍ കുമാരസ്വാമിയുടെ പേരും മാണ്ഡ്യയില്‍ ഉയർന്നുകേട്ടിരുന്നു. ഒടുവില്‍ മുൻ മുഖ്യമന്ത്രിയെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. നിലവില്‍ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷാണ് മാണ്ഡ്യയിലെ എം.പി. ഇത്തവണ സുമതല മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം ഇവർ ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതോടെ ഭാവി നടപടികളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ ശനിയാഴ്ച അനുയായികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. വീണ്ടും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന സൂചനയാണ് ഇവർ യോഗത്തില്‍ നല്‍കിയത്. അന്തിമ തീരുമാനം ഏപ്രില്‍ മൂന്നിനുണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ നിഖില്‍ കുമാരസ്വാമിയെ ആണ് ഇവർ പരാജയപ്പെടുത്തിയത്.

വൊഗ്ഗലിഗ സമുദായത്തിന് ഏറെ സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ. ഇവർക്കിടയില്‍ ഏറെ പ്രചാരമുള്ള പാർട്ടി കൂടിയാണ് ജെ.ഡി.എസ്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാർട്ടിക്ക് വലിയ രീതിയില്‍ വോട്ട് നേടാൻ സാധിച്ചിരുന്നില്ല. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും വൊക്കലിഗ സമുദായാംഗമാണ്. അതിനാല്‍ തന്നെ വോട്ടുബാങ്കിന്റെ വലിയൊരു ശതമാനം ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇത് തിരിച്ചുകൊണ്ടുവരിക കൂടിയാണ് എച്ച്‌.ഡി. കുമാരസ്വാമിയുടെ സ്ഥാനാർഥിത്തത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.

സ്റ്റാർ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കടരമണ ഗൗഡയാണ് മാണ്ഡ്യയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി. സുമലത കൂടി മത്സരിക്കുകയാണെങ്കില്‍ ത്രികോണ പോരാട്ടമാകും മാണ്ഡ്യയില്‍ അരങ്ങേറുക. കഴിഞ്ഞതവണ കോണ്‍ഗ്രസും ജെ.ഡി.എസും ഒരുമിച്ചായിരുന്നു ബി.ജെ.പിയെ നേരിട്ടത്. എന്നാല്‍, 28 സീറ്റില്‍ 25ഉം നേടിയത് ബി.ജെ.പിയാണ്. കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക