യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു നാട്ടകം. തിരുവഞ്ചൂർ വിഭാഗത്തിന് വേണ്ടി യൂത്ത് കോൺഗ്രസ് മൂൻ നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചപ്പോൾ, മറുവിഭാഗത്തിന് വേണ്ടി കരുക്കൾ നീക്കിയത് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് നേരിട്ടാണ്. ഇരുവരും നാട്ടകം മണ്ഡലത്തിൽ നിന്നുള്ളവർ ആയതുകൊണ്ട് തന്നെ പോരാട്ടവീര്യം കനത്തു.
പ്രഖ്യാപനം വന്നപ്പോൾ തിരുവഞ്ചൂർ വിഭാഗം മത്സരിപ്പിച്ച വനിത സ്ഥാനാർഥി വിനീതാ അന്നാ തോമസ് കുറ്റിക്കൽ വൻ ഭൂരിപക്ഷത്തിലാണ് വിജയം കരസ്ഥമാക്കിയത്. തൊട്ടടുത്ത എതിർ സ്ഥാനാർഥി വിവേകിനെക്കാൾ 169 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാട്ടകം മണ്ഡലത്തിലെ തിരുവഞ്ചൂർ വിഭാഗത്തിന്റെ വിജയം. തിരുവഞ്ചൂർ വിഭാഗത്തിന് കോട്ടയം മണ്ഡലം പിടിച്ചെടുക്കുന്നതിലും നാട്ടകത്തെ ഭൂരിപക്ഷം നിർണായകമായി.
കോൺഗ്രസിലെ ഉൾപ്പാർട്ടി പോരാട്ടത്തിൽ ഡിസിസി അധ്യക്ഷന് നാട്ടകത്തെ തോൽവി കനത്ത തിരിച്ചടിയാണ്. കെസി ജോസഫ് നാട്ടകം സുരേഷും നേതൃത്വം നൽകുന്ന വിഭാഗം കോട്ടയം ജില്ലയിൽ കനത്ത പരാജയമാണ് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ചിന്റു കുര്യൻ എന്നിവർ നേതൃത്വം നൽകിയ വിഭാഗം ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളും, ജില്ലാ അധ്യക്ഷപദവിയും അടക്കം പിടിച്ചെടുത്തു വൻ വിജയമാണ് നേടിയത്.