പിണറായി വിജയന്റെ തണലില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് സര്‍വശക്തനായി വളരുമ്ബോള്‍ കോഴിക്കോട് ജില്ലയിലെ സിപിഎമ്മിനുള്ളില്‍ വിഭാഗീയത പുകയുന്നു. റിയാസ് നേതൃത്വം നല്‍കുന്ന വിഭാഗവും മുന്‍ മന്ത്രി എളമരം കരീമും ജില്ലാ സെക്രട്ടറി പി. മോഹനനും നേതൃത്വം നല്‍കുന്ന വിഭാഗവും തമ്മിലാണ് സമ്മേളനകാലത്ത് പോര് മൂര്‍ച്ഛിക്കുന്നത്.

ഈ സമ്മേളനത്തോടെ മോഹനനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി തന്റെ നോമിനിയെ അവിടെ എത്തിക്കാനുള്ള നീക്കമാണ് റിയാസ് നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായപ്പോള്‍ ടിപി രാമകൃഷ്ണന്‍ രാജി വച്ചതോടെയാണ് പി. മോഹനന്‍ ആ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ആ ഇടക്കാല സ്ഥാനലബ്ദി ഒഴിച്ചുനിര്‍ത്തിയാല്‍ ഒരുതവണ മാത്രമാണ് മോഹനന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത്. പാര്‍ട്ടി കീഴ്‌വഴക്കമനുസരിച്ച്‌ ഒരു വട്ടം കൂടി മോഹനന് തുടരാമെങ്കിലും കമ്മിറ്റികള്‍ പിടിച്ചെടുത്ത് ജില്ലാ സെക്രട്ടറിയെ നീക്കാനാണ് ശ്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിന്റെ പിന്തുണ മോഹനനാണ്. കുറച്ചുകാലമായി കോഴിക്കോട് സിപിഎം പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് എളമരമാണ്. അതിന് മറ്റം വരുത്തുന്നതിനും കോഴിക്കോടിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുന്നതിനുമാണ് റിയാസിന്റെ ശ്രമം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ബലപരീക്ഷണത്തിനു കോഴിക്കോട് ടൗണ്‍, നോര്‍ത്ത്, വെസ്റ്റ് ഏരിയ സമ്മേളനങ്ങള്‍ വേദിയായെങ്കിലും മല്‍സരത്തിലേയ്ക്ക് എത്താതെ പോയത് മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ്.

എന്തുവന്നാലും മോഹനന്‍ തന്നെ തുടരുമെന്ന് എളമരം വിഭാഗം തറപ്പിച്ചുപറയുമ്ബോള്‍ മോഹനനെ താഴെയിറക്കേണ്ടത് റിയാസിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. അങ്ങനെ വന്നാല്‍ ഔദ്യോഗിക പാനലിനെതിരെ റിയാസിന്റെ പാനലും മല്‍സരിക്കാനുള്ള സാധ്യത ഏറെയാണ്. അല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി ഇടപെട്ട് മോഹനന്‍ മാറിനില്‍ക്കട്ടെ എന്ന് തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല. അങ്ങനെവന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയായി കെകെ ലതിക ജില്ലാ സെക്രട്ടറിയാകും എന്ന് കരുതുന്നവരും ഏറെയാണ്. അത്തരമൊരു പരിഹാരമാര്‍ഗത്തിലൂടെ മോഹനനെ നീക്കി റിയാസിനേയും ഭാര്യയെ കൊണ്ടുവന്നു കൊണ്ടുവന്ന് മോഹനനേയും അനുനയിപ്പിക്കാനാകും. ആ നീക്കത്തില്‍ നഷ്ടം സംഭവിക്കുന്ന എളമരം കരീമിന് മാത്രമായിരിക്കും. അതിനാല്‍ അദ്ദേഹമൊരിക്കലും അത്തരമൊരു ഒത്തുതീര്‍പ്പിന് തയ്യാറായേക്കില്ല.

ഈ സമ്മേളനത്തില്‍ ഒരു ജില്ലയുടെ തലപ്പത്ത് വനിതയെ നിയമിക്കണമെന്ന തീരുമാനം മുമ്ബ് തന്നെ സംസ്ഥാനസെക്രട്ടറിയേറ്റ് കൈകൊണ്ടിരുന്നു. അങ്ങനെയെങ്കില്‍ അത് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കോഴിക്കോട് തന്നെയാകട്ടെ എന്നാണ് നേതാക്കളുടെ മനസിലിരുപ്പ്. അങ്ങനെവന്നാല്‍ അതൊരു വിപ്ലവകരമായ തീരുമാനമായിരിക്കും. പൊതുസമൂഹത്തില്‍ വലിയ ചലനം സൃഷ്ടിക്കാനും സ്ത്രീശാക്തീകരണമെന്ന വലിയ ക്യാമ്ബയ്നും അതൊരു സാധ്യത തുറക്കുമെന്നും അവര്‍ തിരിച്ചറിയുന്നു. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന രീതിയിൽ വിഭാഗീയതയ്ക്ക് പരിഹാരവും, പ്രചരണ പരമായ മേൽ കൈയും ഇതിലൂടെ സിപിഎം ലക്ഷ്യമിടുന്നു.

മലബാറിലെ തലയെടുപ്പുള്ള നേതാവായി റിയാസ് മാറുന്നതിന്റെ തുടക്കമാണ് കോഴിക്കോട് സമ്മേളനങ്ങളിലെ മുന്‍തൂക്കമെന്നാണ് സൂചന. ഔദ്യോഗികപക്ഷത്തെ പ്രമുഖരെല്ലാം റിയാസിനൊപ്പമാണ്. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും അടക്കമുള്ള ചില ബഹുജനസംഘടനകള്‍ റിയാസിനോട് കൂറ് പ്രഖ്യാപിക്കുമ്ബോള്‍ സിഐടിയുവിനും കര്‍ഷകസംഘത്തിനുമൊക്കെ താല്പര്യം എളമരം- മോഹനന്‍ പക്ഷത്തോടാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക