കേരള കോൺഗ്രസ് സൈബർ ഗുണ്ടകളെ സംരക്ഷിക്കുന്ന പോലീസ് നിലപാടിനെതിരെ ആണ് ഇന്ന് പാലായിൽ കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. എന്നാൽ പാലാ നഗരം ഇന്ന് സാക്ഷിയായത് കേഡർ സ്വഭാവമുള്ള കോൺഗ്രസ് പ്രവർത്തന ശൈലിയ്ക്കാണ്. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അച്ചടക്കത്തോടെ രണ്ടു നിരയായി പ്രതിഷേധ പരിപാടിയുടെ ബാനറിന് പിന്നിൽ അണിനിരന്നു. വനിതാ സാന്നിധ്യവും, യുവജനങ്ങളുടെ സാന്നിധ്യവും, ചടുലമായ മുദ്രാവാക്യം വിളികളും എല്ലാം കൊണ്ട് കോൺഗ്രസ് പ്രതിഷേധം പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബാനറിനു മുന്നിൽ കൂട്ടയിടിയില്ല, മുൻപേ നടന്ന് നിയന്ത്രിക്കുവാൻ നേതാക്കളില്ല, ഒറ്റ മനസ്സോടെ, ചിട്ടയായി ലക്ഷ്യത്തിൽ ഉറച്ച് കോൺഗ്രസ് പ്രകടനം നഗരത്തിലൂടെ നീങ്ങിയപ്പോൾ ജനങ്ങൾക്കുമുന്നിൽ വെളിവായത് തിരഞ്ഞെടുപ്പ് പരാജയത്തിന് നിരാശ മറന്നു പുതു ജീവനോടെ ഉയർത്തെഴുന്നേറ്റ കോൺഗ്രസ് പാർട്ടിയാണ്.

കഴിഞ്ഞ രണ്ടു മാസങ്ങളായി ബ്ലോക്ക്, മണ്ഡലം തലങ്ങളിലും, പോഷക സംഘടനകളിലും മണിക്കൂറുകൾ നീണ്ട പാർട്ടി യോഗങ്ങൾ നടന്നപ്പോൾ കോൺഗ്രസ് കേഡർ സ്വഭാവത്തിലേക്ക് മാറിയത് സ്വാഭാവികമാണ്. പാലാ, ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ, മണ്ഡലം തലങ്ങളിൽ മണ്ഡലം പ്രസിഡണ്ടുമാർ കൃത്യമായ കണക്കെടുപ്പ് നടത്തി എണ്ണിത്തിട്ടപ്പെടുത്തി ആണ് പ്രവർത്തകരെ പ്രകടനത്തിന് എത്തിച്ചത്. പാർട്ടി വികാരം നെഞ്ചിലേറ്റി ആണ് അവർ പ്രകടനത്തിൽ പങ്കെടുത്തത്. പാലായിൽ കേരള കോൺഗ്രസിൻറെ തട്ടകം എന്നറിയുന്ന നഗരത്തിൽ ഇന്ന് കോൺഗ്രസ് നടത്തിയത് മിന്നും പ്രകടനമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അണിയറയിൽ ചുക്കാൻ പിടിച്ചത് പാലാ ബ്ലോക്ക് പ്രസിഡൻറ് പ്രൊഫസർ സതീഷ് ചൊള്ളാനിയും, ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ട് റോയി എലിപുലികാട്ടുമാണ്. മണ്ഡലം പ്രസിഡണ്ടുമാരാണ് കൃത്യമായ ആസൂത്രണം മികവോടെ സമയനിഷ്ഠ പാലിച്ച് പരിപാടി നടത്തുവാൻ കാര്യങ്ങൾ ഏകോപിപ്പിച്ചത്. എന്നാൽ പാർട്ടി പ്രവർത്തനം ഗൗരവമായി കാണാനും, ചിട്ടയോടെ നടത്താനും, പ്രവർത്തകരുടെ മനോവീര്യം വീണ്ടെടുക്കാനും, പോഷക സംഘടനകളുടെ വിശ്വാസം ആർജ്ജിച്ചു എടുക്കുവാനും നാട്ടകം സുരേഷ് എന്ന ഡിസിസി പ്രസിഡൻറ് കഴിഞ്ഞ മാസങ്ങളിൽ കീഴ്ഘടകങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ വിജയിച്ചു എന്നതിൻറെ തെളിവ് കൂടിയാണ് പാലായിൽ ഇന്നു കണ്ട കോൺഗ്രസ് കരുത്ത്.

കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ വേട്ടയാടലിന് വിട്ടു കൊടുക്കില്ല എന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം നിലപാടെടുത്തപ്പോൾ ആ നിലപാടിന് ശക്തമായ പിന്തുണയുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്ദു കുര്യനും സഹപ്രവർത്തകരും അണിനിരന്നു. സമാനമായ രീതിയിലാണ് ഐഎൻടിയുസിയും, മഹിളാ കോൺഗ്രസും കോൺഗ്രസിനോട് സഹകരിച്ചത്. അങ്ങനെ ശക്തമായ നേതൃത്വം മുന്നിൽ നിന്നപ്പോൾ പാലായിൽ കോൺഗ്രസിൻറെ യഥാർത്ഥ ശക്തി വിളിച്ചോതുന്ന പുതുചരിത്രം ആയിമാറി ഇന്നത്തെ സ്റ്റേഷൻ മാർച്ച്. കോട്ടയം ജില്ലയിൽ എതിരില്ലാത്ത പാർട്ടിയായി കോൺഗ്രസിനെ വളർത്തുമെന്ന് ചുമതലയേറ്റ ദിവസം നാട്ടകം സുരേഷ് പറഞ്ഞത് പ്രവർത്തകർ നെഞ്ചിലേറ്റുകയും, നേതാക്കൾ ലക്ഷ്യബോധത്തോടെ ഏറ്റെടുക്കുകയും ചെയ്തപ്പോൾ കോൺഗ്രസിന് ഇന്ന് പാലായിൽ പൊൻതിളക്കം എന്ന് നിസംശയം പറയാം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് പാലായിലും യുഡിഎഫിന് നേതൃത്വം നൽകിയത്. അഭിമാനകരമായ വിജയം നേടിയപ്പോഴും പല കേന്ദ്രങ്ങളും കോൺഗ്രസിൻറെ മികവിന് അപ്പുറം വിജയത്തിന് പല കാരണങ്ങളും അണിനിരത്തി. അതിൽ പലതും ശരിയാണെങ്കിൽ കൂടിയും പാലായിൽ യുഡിഎഫിനെ നയിക്കാൻ കോൺഗ്രസ് പ്രാപ്തം ആണെന്നും, ശക്തമാണെന്നും തെളിയിക്കുന്ന സംഘാടക മികവാണ് ഇന്ന് കണ്ടത്. പാലാ എംഎൽഎ മാണി സി കാപ്പനും കോൺഗ്രസ് പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ യുഡിഎഫിന് പാലായിൽ വരാനിരിക്കുന്നത് നല്ല നാളുകൾ ആണ് എന്ന് നിസ്സംശയം വിലയിരുത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക