ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസിൽ കൊടുക്കാൻ പാലാ സി ഐ ഒത്താശ ചെയ്യുന്നു എന്ന ആരോപണം ഉയർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തിരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയ സഞ്ജയ് സക്കറിയായെ പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്തതും, അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി പോലീസ് നടത്തിയ മനുഷ്യാവകാശലംഘനങ്ങളും ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.

മുൻ ഗവർണർ കെ എം ചാണ്ടി യുടെ ചെറുമകനാണ് സഞ്ജയ്. അദ്ദേഹത്തിൻറെ ഭാര്യയെയും, കുഞ്ഞുങ്ങളെയും, കെഎം ചാണ്ടിയുടെ ഭാര്യയെയും അശ്ലീലകരമായ പരാമർശങ്ങൾ നടത്തി അപമാനിച്ചവരെകുറിച്ചുള്ള വിവരങ്ങൾ സഹിതം സഞ്ജയ് സഖറിയായുടെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ലായിരുന്നു. പിന്നീട് ഡിജിപി കോട്ടയം ജില്ലയിൽ നടത്തിയ അദാലത്ത് വഴി പരാതി നൽകിയപ്പോഴാണ് നാമമാത്രമായ വകുപ്പുകൾ ചേർത്ത്കേരള കോൺഗ്രസ് അനുകൂലികൾക്കെതിരെ കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് കെ മാണിയുടെ അടുത്ത ബന്ധു ഉൾപ്പെടെയുള്ള ആളുകൾ ഈ കേസിൽ പ്രതി ആകേണ്ടവരാണ് എന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇവരെ രക്ഷിക്കുവാനുള്ള നീക്കങ്ങളാണ് പാലാ സിഐ നടത്തുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. രാഷ്ട്രീയ എതിരാളികളെ അപമാനകരമായി അവഹേളിക്കുന്ന ശൈലി കേരള കോൺഗ്രസിൻറെതാണ്. അതിന് നേരെ കണ്ണടച്ചിട്ട്, കോൺഗ്രസ് പ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടാൻ ഇറങ്ങിയാൽ കയ്യുംകെട്ടി നോക്കിയിരിക്കാൻ ആവില്ല എന്ന് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ജോസ് കെ മാണിയുടെ വീട്ടിൽ നിന്നല്ല ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള ശമ്പളമാണ് പോലീസിനെ ലഭിക്കുന്നതെന്നും, അതിനനുസരിച്ച് വേണം പോലീസ് പെരുമാറാൻ എന്നും ഡിസിസി പ്രസിഡൻറ് അഭിപ്രായപ്പെട്ടു. ഇത് ഒരു സൂചനാസമരം മാത്രമാണെന്നും, കൃത്യമായ നടപടികൾ പോലീസ് എടുത്തില്ലെങ്കിൽ ആയിരങ്ങളെ അണിനിരത്തി കോട്ടയം എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഡിസിസി പ്രസിഡൻറ് പ്രഖ്യാപിച്ചു.പാലായിൽ കോൺഗ്രസിൻറെ സംഘടനാ ശക്തി വിളിച്ചോതുന്നതായിരുന്നു പോലീസ് സ്റ്റേഷൻ മാർച്ചിലെ ജനപങ്കാളിത്തം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക