ദില്ലി: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുണ്ടായിരുന്ന ജംബോ പട്ടിക ഒഴിവാക്കി അമ്പതോളം വരുന്ന പട്ടികയാണ് പ്രഖ്യാപിക്കാന്‍ പോവുന്നത്. പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നാണ് താരീഖ് അന്‍വര്‍ വ്യക്തമാക്കുന്നത്.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കെപിസിസി പുനഃസംഘടനയില്‍ അന്തിമചര്‍ച്ച നടത്തുമെന്നാണ് കരുതുന്നതെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. പട്ടികയില്‍ നേതൃത്വം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചര്‍ച്ച തുടരുകയാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെ നേരത്തെ എ ഐ സി സി നേരിട്ട് നിയമിച്ചിരുന്നു. ഇതിന് പുറമെ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയില്‍ വരും. ഇതോടെ കെപിസിയുടെ ആകെ ഭാരവാഹികള്‍ 23 ആവും. ഇതിന് പുറമെ 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഇതോടെ നിലവില്‍ 250 ലേറെയുള്ള കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിപി സജീന്ദ്രനേയും വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, സുമ ബാലകൃഷ്ണന്‍ എന്നിവരേയുമാണ് പരിഗണിക്കുന്നത്. വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വി ടി ബല്‍റാം, അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. നിലവില്‍ എംഎല്‍എ, എംപിമാരായ ജനപ്രതിനിധികളെ പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നും സൂചനയുണ്ട്. അങ്ങനെയങ്കില്‍ പിസി വിഷ്ണുനാഥ് ഉള്‍പ്പടേയുള്ള പലരും ഒഴിവാക്കപ്പെടും. അതേസമയം മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ കാര്യസമിതിയില്‍ തുടരും.

ഗ്രൂപ്പുകള്‍ക്ക് അതീതനായ വ്യക്തിയാവും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാവും. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷനും വിഡി സതീശനും തമ്മില്‍ ധാരണയില്‍ എത്തിയതായി സൂചനയുണ്ട്. തൃത്താല മുൻ എം എൽ എയും യുവ നേതാവുമായ വി ടി ബൽറാം ആണ് ഈ പദവിയിലേക്ക് എത്തുക എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിര്‍ന്ന നേതാക്കളെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും. അഞ്ച് വര്‍ഷം ഭാരവാഹികളായിരുന്നവര്‍ വേണ്ടെന്ന തീരുമാനമാണ് ഇവര്‍ക്ക് തിരിച്ചടിയായത്. അതുപോലെ തന്നെ പദവി പ്രതീക്ഷിച്ച മുന്‍ ഡിസിസി അധ്യക്ഷന്‍മാരും നിരാശരാവേണ്ടി വരും. അതേസമയം ഗ്രൂപ്പുകള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്നും അര്‍ഹതയുള്ള നേതാക്കളെ മാത്രം ഉള്‍ക്കൊള്ളിക്കും.

കേരളത്തില്‍ തീരുമാനിച്ച മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി മാറ്റിയാല്‍ പ്രതിഷേധിക്കുമെന്ന് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന് സാഹചര്യവും മുന്നിലുണ്ട്. ഇന്നലെ കെസി വേണുഗോപാലുമായി വിഡി സതീശനും കെ സുധാകരനും ചർച്ച നടത്തിയിരുന്നു. പട്ടിക പുറത്ത് വിടുന്നതോടെ ചില അസ്വാരസ്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് മറികടക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക