ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. മതിയായ കൂടിയാലോചനകളും, ചർച്ചകളും നടന്നിട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പരസ്യമായിത്തന്നെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെ തന്നെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും, പ്രതിപക്ഷനേതാവ് ഇവരുടെ നിലപാടുകളെ തള്ളി പത്രസമ്മേളനങ്ങളിൽ അവകാശവാദമുന്നയിച്ചു. മതിയായ ചർച്ച നടന്നു എന്നും, പാർട്ടി താൽപര്യങ്ങൾ മുൻനിർത്തിയാണ് പ്രഖ്യാപനം എന്നും കെ മുരളീധരനും പി ടി തോമസും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ള നേതാക്കളും നിലപാട് വ്യക്തമാക്കി.

ഉമ്മൻചാണ്ടി നിർദ്ദേശിച്ച ആളുകളുടെ പട്ടിക ഇതാണ് എന്ന് പറഞ്ഞു കെപിസിസി അധ്യക്ഷൻ തൻറെ ഡയറിയിലെ ഒരു ഏട് പത്ര ലേഖകരെ ഉയർത്തി കാട്ടിയിരുന്നു. അതിൽ കോട്ടയം ജില്ലയുമായി ബന്ധപ്പെട്ട പേരുകളാണ് ഇപ്പോൾ സജീവ ചർച്ച സൃഷ്ടിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ മൂന്ന് പേരുകളാണ് ഉമ്മൻചാണ്ടി നിർദ്ദേശിച്ചത് എന്നുപറഞ്ഞ് കെ സുധാകരൻ കുറച്ചിരിക്കുന്നത്. ജോമോൻ ഐക്കര, നിലവിൽ പുതിയ പ്രസിഡണ്ടായി നിയമിക്കപ്പെട്ട നാട്ടകം സുരേഷ്, ഫിൽസൺ മാത്യു എന്നിവരുടെ പേരുകളാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മൂന്ന് പേരുകളെ ചൊല്ലിയുള്ള ചർച്ചയാണ് ഇപ്പോൾ സജീവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുതായി നിയമിക്കപ്പെട്ട പ്രസിഡൻറ് നാട്ടകം സുരേഷ് പട്ടികയിൽ രണ്ടാം പേരുകാരൻ ആണ്. എന്നാൽ ഉമ്മൻചാണ്ടി മുൻഗണനാക്രമത്തിൽ ആണ് പേരുകൾ കൊടുത്തിട്ടുള്ളത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ രസകരമായ കാര്യം ചർച്ചയുടെ അവസാനഘട്ടങ്ങളിൽ വരെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു എന്ന് അവകാശപ്പെടുന്ന പല പ്രമുഖരുടെയും പേരുകൾ ഉമ്മൻചാണ്ടി നിർദേശിച്ചു അവരുടെ കൂടെ ഇല്ല. ഇത് ഉമ്മൻചാണ്ടിയെ പ്രതിരോധത്തിൽ ആകുവാൻ വേണ്ടി ബോധപൂർവം സുധാകരൻ ഉയർത്തി കാട്ടിയതാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ചർച്ചകൾ നടന്നിട്ടില്ല എന്നും ചർച്ചകൾ നടന്നു എന്നു വരുത്തിത്തീർക്കാൻ ചില ശ്രമങ്ങൾ നടന്നു എന്നും ഉമ്മൻചാണ്ടി രാവിലെ പ്രതികരിച്ചിരുന്നു. ഇടുക്കിയിൽ സി പി മാത്യുവിനെ നിർദേശിച്ചത് താനല്ല എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പിനുള്ളിൽ അന്തച്ഛിദ്രം ഉണ്ടാക്കുവാൻ പുതിയ നേതൃത്വം ശ്രമിക്കുന്നുണ്ട് എന്ന് സംശയം ഉമ്മൻചാണ്ടിക്ക് ഉണ്ട് എന്ന് തന്നെയാണ് അദ്ദേഹത്തിൻറെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

അവസാന നിമിഷം വരെ പ്രതീക്ഷ പുലർത്തിയിരുന്ന പല നേതാക്കളും തങ്ങളുടെ പേര് ഉമ്മൻചാണ്ടി നിർദേശിച്ചിട്ടില്ല എന്നുള്ളതിൽ സ്വാഭാവികമായും നിരാശരാകും. കോട്ടയത്ത് മാത്രമല്ല സുധാകരൻ ഉയർത്തിക്കാണിച്ച് പേപ്പറിൽ എല്ലാ ജില്ലകളിലെയും ഉമ്മൻചാണ്ടിയുടെ നിർദ്ദേശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഗ്രൂപ്പിൽ നുള്ളിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുവാനുള്ള സാധ്യതയും ഉമ്മൻചാണ്ടിയെ തന്നെ പ്രതിരോധത്തിൽ ആകുവാൻ ഉള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

കേരള രാഷ്ട്രീയത്തിൽ രണ്ടു പതിറ്റാണ്ടുകളിൽ ഏറെയായി നിലനിൽക്കുന്ന ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതിന് ഉള്ള കൃത്യമായ സൂചനകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകുന്ന ഗ്രൂപ്പുകളിൽ നിന്ന് വലിയ രീതിയിലുള്ള പൊഴിഞ്ഞുപോകാൻ ഉണ്ടാകാനുള്ള സാധ്യത രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. ഗ്രൂപ്പിനെകാൾ വലുതാണ് പാർട്ടി എന്ന ചിന്തയും പ്രവർത്തകർക്കിടയിൽ രണ്ടാംനിര നേതൃത്വത്തിന് ഇടയിലും ശക്തമായി ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ സുധാകരൻ ഇന്ന് ഉയർത്തിക്കാണിച്ച പേപ്പർ കഷണം കോൺഗ്രസിൽ ഉണ്ടാക്കുവാൻ പോകുന്ന പ്രതിഫലനം ചെറുതാവില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക