അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന രാഷ്ട്രീയ തീരുമാനമാണ് കോട്ടയത്തെ ഡിസിസി പ്രസിഡണ്ട് നിയമനം. അഞ്ചു ദിവസം മുൻപ് വരെ നാട്ടകം സുരേഷ് ഡിസിസി പ്രസിഡണ്ട് ആകും എന്ന് ഉറപ്പായി എന്ന രീതിയിലാണ് വാർത്തകൾ പുറത്തു വന്നിരുന്നത്. എന്നാൽ അന്തിമപട്ടികയിൽ അദ്ദേഹം മാറി ഫിൽസൺ മാത്യു ആണ് ഡിസിസി പ്രസിഡണ്ട് ആകുക എന്ന വാർത്തകളാണ് പിന്നീട് പ്രചരിച്ചത്. ഈ സമയങ്ങളിലെല്ലാം പ്രതികരണം ആരാഞ്ഞവരോട് നാട്ടകം സുരേഷിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: “ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആണ്, ഇന്നേ വരെ അങ്ങനെയായിരുന്നു നാളെകളിലും അങ്ങനെ തന്നെയായിരിക്കും.”

കൈമുതൽ ആത്മവിശ്വാസവും, കോൺഗ്രസിൽ ഉള്ള വിശ്വാസവും:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൻറെ പതിമൂന്നാം വയസ്സിൽ മറിയപ്പള്ളി സ്കൂളിൽ നിന്നാണ് നാട്ടകം സുരേഷ് കെഎസ്‌യു പ്രവർത്തനം ആരംഭിക്കുന്നത്. മറിയപ്പള്ളി സ്കൂൾ ഉൾപ്പെടുന്ന നാട്ടകം പഞ്ചായത്ത് അന്ന് കണ്ണൂരിലെ പാർട്ടി കോട്ടകളെകാൾ ശക്തമായ പാർട്ടി കോട്ടയാണ്. ഒരിക്കൽപോലും കോൺഗ്രസ് ഭരിക്കാത്ത പഞ്ചായത്ത്. രാഷ്ട്രീയ എതിരാളികളുടെ കായികമായ ആക്രമണത്തിന് പലവട്ടം വിധേയനായ ആ ചെറുപ്പക്കാരൻ 12 വർഷങ്ങൾക്കപ്പുറം തൻറെ ഇരുപത്തിയഞ്ചാം വയസ്സിൽ ചരിത്രത്തിലാദ്യമായി കോൺഗ്രസിന് പഞ്ചായത്ത് ഭരണം നേടി കൊടുത്തുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീടങ്ങോട്ട് നാട്ടകത്ത് ഒരു സുരേഷ് യുഗമായിരുന്നു. 15 വർഷക്കാലം പഞ്ചായത്ത് അംഗവും, രണ്ട് ടേമുമുകളിലായി എട്ടു വർഷക്കാലം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും അദ്ദേഹം അലങ്കരിച്ചു. മികച്ച പഞ്ചായത്ത് പ്രസിഡൻറിനുള്ള ഇ കെ നായനാർ സർക്കാരിൻറെ അംഗീകാരവും സുരേഷ് നേടിയെടുത്തു. നാട്ടകം പഞ്ചായത്ത് പിന്നീട് കോട്ടയം നഗരസഭയുടെ ഭാഗമായ 2010ൽ നഗരസഭാ കൗൺസിലറായി മികച്ച ഭൂരിപക്ഷത്തിൽ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

പാർട്ടിയോട് ഉള്ള അചഞ്ചലമായ കൂറ്:

2006 മുതൽ നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോട്ടയം ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് നാട്ടകം സുരേഷ് സജീവ പരിഗണനയിൽ ഉണ്ടായിരുന്ന സ്ഥാനാർത്ഥിയാണ്. 2010-15 കാലഘട്ടത്തിൽ കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിച്ചിരുന്നു. എന്നാൽ പലപ്പോഴും അദ്ദേഹത്തിന് അവസരങ്ങൾ നഷ്ടപ്പെടുത്തിയത് കോട്ടയത്തെയും, കേരളത്തിലെയും കോൺഗ്രസ് രാഷ്ട്രീയത്തെ ഭരിക്കുന്ന ജാതിമത സമവാക്യങ്ങൾ ആയിരുന്നു. ഇത്തവണയും അവസാന നിമിഷം വരെ ഈ സമവാക്യങ്ങളിൽ തട്ടി ഡിസിസി അധ്യക്ഷ പദവിയും അദ്ദേഹത്തിന് നഷ്ടമാകുമോ എന്ന ആശങ്കയും പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കാലഘട്ടങ്ങളിലെ സംഘാടന മികവും, പാർട്ടി പ്രവർത്തകർക്കിടയിലെ സ്വീകാര്യതയും, പാർട്ടിയോട് പ്രകടിപ്പിച്ചിട്ടുള്ള കൂറും കാര്യങ്ങൾ സുരേഷിന് അനുകൂലമാക്കി.

സംഘാടക മികവ്:

നാട്ടകം സുരേഷ് പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തിരിച്ചുവരവിന് കളമൊരുക്കിയ പ്രതിപക്ഷ വിദ്യാർത്ഥി സമരത്തിലൂടെയാണ് അദ്ദേഹം നേതൃത്വത്തിന് പ്രിയപ്പെട്ടവനാകുന്നത്. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രസ്ഥാനങ്ങളുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിലും, കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും, കെപിസിസി സെക്രട്ടറി എന്ന നിലയിലും കഴിഞ്ഞ കാലഘട്ടങ്ങളിൽ സംഘടന പാടവം തെളിയിക്കുന്ന അനേകം പ്രവർത്തനങ്ങൾ നാട്ടകം സുരേഷ് നടപ്പാക്കി.

രമേശ് ചെന്നിത്തല മുതൽ കെ സുധാകരൻ വരെ നാലു കെപിസിസി അധ്യക്ഷൻമാരുടെ കീഴിൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള സുരേഷ് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ എല്ലാം ഭംഗിയായി നിർവ്വഹിച്ച നേതാവാണ്. രാഹുൽ ഗാന്ധിയുടെ താൽപര്യപ്രകാരം പാർട്ടിക്കുള്ളിൽ നടത്തിയ യൂണിറ്റ് മാനേജ്മെൻറ് സിസ്റ്റം ഏറ്റവും ഫലപ്രദമായി തന്നെ ഏൽപ്പിച്ച മേഖലയിൽ പൂർത്തീകരിച്ചതിന് പാർട്ടി അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു എ ഗ്രൂപ്പുകാരനായി തുടരുമ്പോഴും, പാർട്ടി പ്രസിഡൻറ് പാർട്ടി, സംഘടന എന്നിവയുടെ ചട്ടക്കൂടുകളെ മാനിച്ച് പ്രവർത്തിച്ച സുരേഷ് കോട്ടയം ജില്ലയിൽ പാർട്ടിയെ നയിക്കാൻ എത്തുമ്പോൾ പ്രവർത്തകർ പ്രതീക്ഷിക്കുന്നതും സംഘടനാപരമായ അച്ചടക്കം അദ്ദേഹം പാർട്ടിക്കുള്ളിൽ കൊണ്ടുവരുമെന്നാണ്.

കോട്ടയം രാഷ്ട്രീയത്തിലെ കോൺഗ്രസ് പ്രസക്തി:

കോട്ടയം രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇപ്പോൾ പഴയ പ്രതാപം ഇല്ല. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിൽ നാലിൽ മാത്രമാണ് കോൺഗ്രസ് പ്രതിനിധികൾ ഉള്ളത്. കേരള കോൺഗ്രസ് ചുവട് മാറിയതോടുകൂടി എംപിയും നഷ്ടപ്പെട്ടു. പഴയ പ്രതാപത്തിലേക്ക് പാർട്ടിയെ എത്തിക്കുക എന്ന ഭാരിച്ച ചുമതലയാണ് ഇപ്പോൾ നാടകം സുരേഷ് എന്ന ഡിസിസി പ്രസിഡണ്ടിനെ കാത്തിരിക്കുന്നത്. അദ്ദേഹത്തിന് അത് കഴിയുമെന്ന നേതൃത്വത്തിൻറെ ഉത്തമബോധ്യം ആണ് പരമ്പരാഗതമായി ജില്ലയിൽ സ്വീകരിച്ചുപോന്നിട്ടുള്ള ജാതിമത സമവാക്യങ്ങൾക്ക് അതീതമായി അദ്ദേഹത്തെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിന് കാരണമായത്. നാട്ടകം സുരേഷ് എന്ന ഊർജ്ജസ്വലനായ നേതാവിന് കേരള കോൺഗ്രസ് മുന്നണി വിട്ട ക്ഷീണമകറ്റി, ജില്ലയിൽ കോൺഗ്രസിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക