ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത രീതിയെ പരസ്യമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഫലപ്രദമായ ചര്‍ച്ച സംസ്ഥാനത്ത് നടന്നില്ല. പണ്ടൊക്കെ ചര്‍ച്ച നടത്തുമായിരുന്നു. നേതാക്കളുമായി കൂടിയാലോചന നടന്നില്ല. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.ജനാധിപത്യരീതിയില്‍ മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് ദുരുപയോഗപ്പെടുത്തരുതെന്നും ഉമ്മന്‍ചാണ്ടി. ഇടുക്കിയിലും കോട്ടയത്തും ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം പരിഗണിച്ച് അവസാന നിമിഷം ഹൈക്കമാന്‍ഡ് തീരുമാനം മാറ്റിയെന്ന വാദവും ഉമ്മന്‍ചാണ്ടി തള്ളുന്നു. കെ.സുധാകരന്റെ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനമുയര്‍ത്തി ഇതാദ്യമാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തുന്നു. കടുത്ത വാക്കുകളിലാണ് ഉമ്മന്‍ചാണ്ടിയുടെ പരസ്യ പ്രതിഷേധം.നടക്കാത്ത ചര്‍ച്ച നടന്നുവെന്ന് പറഞ്ഞതായും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ചര്‍ച്ച നടത്തുമെന്നായിരുന്നു പറഞ്ഞത്, പക്ഷേ നടന്നില്ല. ശിവദാസന്‍ നായകര്‍ക്കും അനില്‍കുമാറിനും എതിരെ സ്വീകരിച്ച നടപടിയെയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ഡിസിസി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത രീതിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശനം നടത്തിയതിനാണ് കെ.ശിവദാസന്‍ നായര്‍ക്കും കെ.പി അനില്‍കുമാറിനും സസ്‌പെന്‍ഷന്‍ നല്‍കിയത്. സസ്‌പെന്‍ഷന്‍ കയ്യില്‍ വച്ചാല്‍ മതിയെന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക