ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ച് ഗഹ്‌ലോട്ട് പക്ഷം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 80 എംഎല്‍എമാര്‍ രാജിക്കൊരുങ്ങി. അശോക് ഗഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഇന്ന് ഏഴു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരും എത്തിയില്ല.
നിയമസഭാ കക്ഷി യോഗത്തിന് സച്ചിന്‍ പൈലറ്റും അനുകൂലികളും ഗഹ്‌ലോട്ടിന്റെ വീട്ടിലെത്തിയെങ്കിലും ഗഹ്‌ലോട്ടിന്റെ അനുയായികള്‍ ശാന്തി ധരിവാളിന്റെ വീട്ടില്‍ സംഗമിച്ചു. ഇവര്‍ അല്‍പസമയത്തിനകം സ്പീക്കര്‍ സി.പി.ജോഷിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ശാന്തി ധരിവാളിന്റെ വീടിന് മുന്നില്‍ ഒരു ബസ് എത്തുകയും ചെയ്തിട്ടുണ്ട്. ഇത് എംഎല്‍എമാരെ കൊണ്ടു പോകുന്നതിനാണെന്നാണ് സൂചന.
-->
92 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഗഹ്‌ലോട്ട് പക്ഷം അവകാശപ്പെട്ടു. അശോക് ഗഹ്‌ലോട്ട് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവര്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗഹ്‌ലോട്ട് അനുകൂലികള്‍.
ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കമൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചിരുന്നു. എന്നാല്‍ ഇവരെ സാക്ഷിയാക്കി വന്‍ നാടകമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ അരങ്ങേറുന്നത്. എംഎല്‍എമാരുടെ നീക്കത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് അശോക് ഗഹ്‌ലോട്ട് . മാധ്യമങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക