FlashKeralaNewsPolitics

ബഹുഭാഷാ നിഘണ്ടു നിർമിക്കാൻ 7 ലക്ഷത്തിലധികം രൂപ യുജിസി ഫണ്ട് കൈപ്പറ്റിയിട്ടും പദ്ധതി പൂർത്തിയാക്കാതെ ഉപേക്ഷിച്ചു: കേരള സർവകലാശാല മഹാനിഘണ്ടു എഡിറ്റർ തസ്തികയിലേക്ക് നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻറെ ഭാര്യയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ; ഡോക്ടർ പൂർണിമ മോഹന് ലഭിച്ച ബന്ധുനിയമനം പിണറായി സർക്കാരിന് നാണക്കേടാകും.

തിരുവനന്തപുരം: മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്ററായി അനധികൃതനിയമനം ലഭിച്ചെന്ന് ആരോപിക്കപ്പെടുന്ന ഡോ. പൂര്‍ണിമാ മോഹന്‍ മുമ്ബ് ബഹുഭാഷാ നിഘണ്ടു തയാറാക്കാന്‍ യുജിസി ഫണ്ട് കൈപ്പറ്റിയ ശേഷം അലംഭാവം കാണിച്ചയാളെന്ന് റിപ്പോര്‍ട്ടുകള്‍. 7,81,600 രൂപ യുജിസി ഫണ്ട് കൈപ്പറ്റിയെങ്കിലും പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന ഗുരുതര ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. മുമ്ബ് ഇത്തരത്തിലൊരു പശ്ചാത്തലമുള്ളയാളെയാണ് കേരള സര്‍വകലാശാല മഹാനിഘണ്ടുവിന്റെ ചുമതല ഏല്‍പിച്ചിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് പൂര്‍ണിമാ മോഹന്റെ നിയമനം സംബന്ധിച്ച പരാതി ആദ്യമായി ഗവര്‍ണര്‍ക്ക് നല്‍കിയത്. പ്രധാന ദ്രാവിഡ ഭാഷകളുടെയും ഏതാനും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളുടെയും നിഘണ്ടുവായ ‘ബഹുഭാഷാ ബോധിനി’ തയാറാക്കാനാണ് ഡോ. പൂര്‍ണിമാ മോഹന് 2012 ഫെബ്രുവരിയില്‍ യുജിസി തുക അനുവദിച്ചത്. യുജിസി ഉത്തരവ് പ്രകാരം ഡിസംബര്‍ മാസത്തില്‍ ഈ തുക കേന്ദ്ര സര്‍ക്കാര്‍, സംസ്‌കൃത സര്‍വകലാശാലയ്ക്കു കൈമാറിയിരുന്നു. 5 വര്‍ഷം കഴിഞ്ഞിട്ടും നിഘണ്ടു നിര്‍മ്മാണം ആരംഭിക്കാത്തതു കൊണ്ട് അനുവദിച്ച തുക മടക്കി നല്‍കാന്‍ സംസ്‌കൃത സര്‍വകലാശാലാ അധികൃതര്‍ പ്രഫസറോട് ആവശ്യപ്പെട്ടു. നിഘണ്ടു നിര്‍മ്മാണത്തിന് യുജിസി അനുവദിച്ചിരുന്നത് 2 വര്‍ഷം ആയിരുന്നു. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് പ്രഫസര്‍ വരുത്തിയതെന്നാണ് ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

വിവിധ ഭാഷകളില്‍ പാണ്ഡിത്യമുള്ള ബഹുഭാഷാ പ്രതിഭ ആയതു കൊണ്ടാണ് ഇവരെ സര്‍വകലാശാലാ ഓര്‍ഡിനന്‍സിലെ യോഗ്യതാ വ്യവസ്ഥകള്‍ ലംഘിച്ച്‌ എഡിറ്ററായി നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും നിലവില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ ആര്‍ മോഹനന്റെ ഭാര്യ ഡോ പൂര്‍ണിമാ മോഹനന്റെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. കാലടി സര്‍വ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അദ്ധ്യാപികയായ പൂര്‍ണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം. മഹാനിഘണ്ടു മേധാവിക്കു മലയാളത്തില്‍ സെക്കന്‍ഡ് ക്ലാസില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും വേണമെന്ന വ്യവസ്ഥ വിജ്ഞാപനത്തില്‍ നിന്നു ബോധപൂര്‍വം ഒഴിവാക്കിയെന്നാണ് ആരോപണം. പകരം മലയാളത്തിലോ സംസ്‌കൃതത്തിലോ പിഎച്ച്‌ഡി എന്നു കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ നിശ്ചയിച്ച യോഗ്യതയില്‍ മാറ്റം വരുത്താന്‍ വൈസ് ചാന്‍സലര്‍ക്കോ സിന്‍ഡിക്കറ്റിനോ അധികാരം ഇല്ലെന്നിരിക്കെയാണു വേണ്ടപ്പെട്ടയാളെ നിയമിക്കാന്‍ ഈ മാറ്റം വരുത്തിയതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ആരോപിക്കുന്നു.

മലയാളം മഹാനിഘണ്ടു (ലെക്സിക്കണ്‍) മേധാവി നിയമനത്തിനുള്ള യോഗ്യതകള്‍ തിരുത്തിയ വിജ്ഞാപനം പുറത്തുവന്നിരുന്നു. യോഗ്യതായി സംസ്‌കൃത ഗവേഷണ ബിരുദവും ചേര്‍ത്താണ് വിജ്ഞാപനം. മലയാളം ബിരുദാനന്തര ബിരുദം വേണ്ടതില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനം സര്‍വകലാശാല ഓര്‍ഡിനന്‍സിന് വിരുദ്ധമാണെന്നാണ് ആരോപണം. മലയാള പണ്ഡിതരായിരുന്ന ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ. ആര്‍.ഇ. ബാലകൃഷ്ണന്‍, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെയാണ് ഇതുവരെ ലെക്സിക്കണ്‍ എഡിറ്റര്‍മാരായി നിയമിച്ചത്. മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് നിയമനം നല്‍കിയതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്ബയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ആരോപിച്ചിരുന്നു. ഇതിനിടെയാണ് യോഗ്യതകള്‍ തിരുത്തി സര്‍വകലാശാല വിജ്ഞാപനം പുറത്തുവന്നത്.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അദ്ധ്യാപികയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കുന്നതു ലക്ഷ്യം വച്ചായിരുന്നു യോഗ്യത മാനദണ്ഡങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതെന്ന് വ്യക്തമാണെന്നാണ് ആരോപണം. ജനുവരി 28 ന് പുറപ്പെടുവിച്ച നിയമന വിജ്ഞാപനം പത്രങ്ങളിലോ യൂണിവേഴ്‌സിറ്റിയുടെ വകുപ്പുകളിലോ പ്രസിദ്ധീകരികാതിരുന്നത് ദുരൂഹമാണ്. സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളില്‍ മാറ്റം വരുത്തുവാന്‍ സര്‍വകലാശാല വിസി ക്കോ സിണ്ടിക്കേറ്റിനോ അധികാരമില്ലെന്ന് ശശികുമാറും പറയുന്നു. മഹാ നിഘണ്ടു മേധാവിക്ക് മലയാള ഭാഷയില്‍ ബിരുദാനന്തരബിരുദം അനിവാര്യമാണെന്ന വ്യവസ്ഥ വിജ്ഞാപനത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാണ് ആരോപണം. നിലവിലെ മറ്റ് യോഗ്യതകളോടൊപ്പം സംസ്‌കൃതം കൂട്ടിചേ ര്‍ത്തതാണെന്ന വാദം മുന്മന്ത്രി കെ.ടി.ജലീല്‍ വിവാദ ബന്ധു നിയമനത്തിന് നടത്തിയ വിജ്ഞാപനത്തിന് സമാനമാണെന്നും അഭിപ്രായം ഉയരുന്നു, യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ലക്‌സിക്കണ്‍ മേധാവിയുടെ യോഗ്യതകള്‍ നിശ്ചയിച്ച്‌ നിയമനം നടത്തിയ വൈസ് ചാന്‍സലറെ മാറ്റി നിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മഹാനിഘണ്ടു മേധാവി സ്ഥാനത്ത് നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണറോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു. സാമ്ബത്തികപ്രതിസന്ധിയെ തുടര്‍ന്ന് പെന്‍ഷന്‍ പരിഷ്‌കരണം പോലും സര്‍വകലാശാല നിര്‍ത്തിവച്ചിരിക്കുമ്ബോഴാണ് പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധികചെലവില്‍ നിയമനം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്. മഹാനിഘണ്ടു എഡിറ്റര്‍ സ്ഥാനത്തേക്കു യോഗ്യതയുള്ള ഒരു അപേക്ഷ മാത്രമാണു ലഭിച്ചതെന്നും ഡപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനം മാത്രമാണു നടത്തിയതെന്നും കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നിഘണ്ടു നിര്‍മ്മാണത്തില്‍ അറിവില്ലെന്നു തെളിയിച്ച പ്രഫസറെ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിച്ച കേരള സര്‍വകലാശാലയുടെ നടപടി റദ്ദാക്കാന്‍ വിസിക്കു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button