ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പണിമുടക്കി ടെലിപ്രോംപ്റ്റർ. ഡല്‍ഹിയിലെ രോഹിണിയില്‍ നടന്ന പാർട്ടി സമ്മേളനത്തിലായിരുന്നു സംഭവം.പ്രസംഗം പുരോഗമിക്കുന്നതിനിടെ പ്രോംപ്റ്റർ പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ മിനിറ്റുകളോളം പ്രസംഗം തടസപ്പെട്ടു. സാങ്കേതിക തടസം നീക്കുന്നതുവരെ പോഡിയത്തിനുമുന്നില്‍ നിശബ്ദനായി നില്‍ക്കുകയായിരുന്നു മോദി.
സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ പരിഹാസവും വിമർശനവുമായി പ്രതിക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയെപ്പോലെ മോദിജിയുടെ ടെലിപ്രോംപ്റ്ററും ഡല്‍ഹിയില്‍ പണിമുടക്കിയെന്നായിരുന്നു പ്രധാന എതിരാളികളായ ആം ആദ്മി പാർട്ടി(എഎപി) എക്‌സില്‍ പരിഹസിച്ചത്. കോണ്‍ഗ്രസും വീണുകിട്ടിയ അവസരം വിട്ടുകളഞ്ഞില്ല. ‘നിസ്സഹായനായ പ്രധാനമന്ത്രി. പാതിയില്‍ ടെലിപ്രോംപ്റ്റർ നിലച്ചു. അതോടെ ഒരു വാക്കുപോലും ഉരുവിടാനാകാതെ നില്‍ക്കുന്നു അദ്ദേഹം. മോദിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍, ടെലിപ്രോംപ്റ്റർ ഓപറേറ്ററുടെയും പ്രസംഗം തയാറാക്കിക്കൊടുത്തയാളുടെയും നിയന്ത്രണത്തിലാണ് അദ്ദേഹം ജീവിക്കുന്നത്.’-കോണ്‍ഗ്രസ് കേരള ഹാൻഡിലില്‍ പരിഹസിച്ചു.
-->

‘അദ്ദേഹത്തെ കുറിച്ച് പറപ്പെടുന്നതെല്ലാം വ്യാജവും തട്ടിപ്പുമാണ്; ടെലിപ്രോംപ്റ്ററിന്റെ സഹായത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ സ്ഥിതിയും അതുതന്നെ!’-ഇങ്ങനെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുൻ രാജ്യസഭാ എംപിയും റിട്ട. സിവില്‍ സർവീസ് ഉദ്യോഗസ്ഥനുമായ ജവഹർ സിർക്കാരിന്റെ പ്രതികരണം. ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയാല്‍ ‘മഹാനായ പ്രഭാഷകന്റെ’ സ്ഥിതി എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവർത്തകൻ രവി നായർ പരിപാടിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
രോഹിണിയില്‍ നടന്ന ബിജെപി പരിപാടിയില്‍ ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് മോദി പ്രധാനമായും ഉയർത്തിയത്. കഴിഞ്ഞ പത്തു വർഷമായി ഡല്‍ഹി സാക്ഷ്യംവഹിക്കുന്നത് ഒരു ദുരന്തത്തിനാണെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയുടെ സ്ഥിതി മാറും. ഈ ദുരന്തം ഡല്‍ഹിയില്‍നിന്നു മാറിയാലേ ഡല്‍ഹിയില്‍ ‘ഇരട്ട എഞ്ചിൻ’ വികസനം വരൂ. ബിജെപി വിജയിച്ചാല്‍ ഒരു ക്ഷേമപദ്ധതിയും നിർത്തലാക്കില്ലെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ വൻ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി-ഗാസിയാബാദ്-മീറത്ത് നമോ ഭാരത് കോറിഡോറില്‍ സാഹിബാബാദിനും ന്യൂ അശോഖ് നഗറിനുമിടയിലുള്ള 13 കി.മീറ്റർ പാത ഇന്ന് മോദി ഉദ്ഘാടനം ചെയ്തു. സാഹിബാബാദ് ആർആർടിഎസ് മുതല്‍ അശോക് നഗർ ആർആർടിഎസ് വരെ നമോ ഭാരത് ട്രെയിനില്‍ മോദി സഞ്ചരിക്കുകയും ചെയ്തു. യാത്രക്കാരുമായി കുശലം പറഞ്ഞായിരുന്നു യാത്ര. ഏകദേശം 4,600 കോടി രൂപയാണ് ഡല്‍ഹി-ഗാസിയാബാദ്-മീറത്ത് നമോ മെട്രോ ഇടനാഴിക്ക് ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡല്‍ഹി മെട്രോയുടെ നാലാംഘട്ടവും മോദി ഇന്ന് നാടിനു സമർപ്പിച്ചു. ജനക്പുരിക്കും കൃഷ്ണ പാർക്കിനും ഇടയില്‍ 2.8 കി.മീറ്റർ ദൂരത്തിലുള്ള പാതയാണ് ഉദ്ഘാടനം ചെയ്തത്. 1,200 കോടി രൂപ ചെലവിട്ടാണ് ഈ ഭാഗത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇതോടൊപ്പം നാലാംഘട്ടത്തിലെ മറ്റു ഭാഗങ്ങളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക