കർഷകരുടേയും കത്തോലിക്കാ സഭയുടേയും സമ്മർദ്ദത്തില്‍ നട്ടംതിരിഞ്ഞ് കേരള കോണ്‍ഗ്രസ് (മാണി). കേരള വനനിയമ ഭേദഗതി ബില്‍ പിൻവലിക്കുന്നതിനെ ആശ്രയിച്ചാവും പാർട്ടിയുടെ ഇടത് മുന്നണിയിലെ ഭാവി.കേരള കത്തോലിക്ക മെത്രാൻ സമിതിയും (കെസിബിസി) സിറോ മലബാർ സഭയും വന നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മാണി ഗ്രൂപ്പ് ബില്ലിനെതിരെ ശക്തമായി രംഗത്തിറങ്ങേണ്ടി വന്നത്. ഈ ഘട്ടത്തിലാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പാർട്ടിയുടെ ആശങ്ക അറിയിച്ചത്.
പാർട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കായ കത്തോലിക്കാ വിശ്വാസികളും സഭാനേതൃത്വവും വനനിയമത്തിനെതിരെ രംഗത്ത് വന്നതിനൊപ്പമാണ് പാർട്ടിക്കുള്ളില്‍ മുന്നണിമാറ്റ ചർച്ചകള്‍ സജീവമായത്. പുതിയ നിയമങ്ങള്‍കുടിയേറ്റ കർഷകരുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് തുടക്കം മുതല്‍ തന്നെ സിറോ മലബാർ സഭ രംഗത്തുണ്ട്. രാജ്യാന്തര സംഘടനകളുമായി ചേർന്ന് വനത്തോട് ചേർന്നുള്ള കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് പാർട്ടിയുടെ ആക്ഷേപം. അതോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങളിലും കേരള കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. പക്ഷേ, ഇപ്പോള്‍ ഇടത് മുന്നണി വിടുന്നതില്‍ പാർട്ടിക്കുള്ളില്‍ എതിർപ്പുണ്ട് എന്നതും വാസ്തവമാണ്.
-->

ഇടത് മുന്നണിയില്‍ നിന്ന് പല വിഷയങ്ങളിലും കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന് കേരള കോണ്‍ഗ്രസിന് പരാതിയുണ്ട്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് വേണ്ടപ്പെട്ട പല സീറ്റുകളും സിപിഎം വിട്ടുതരുമോ എന്ന് പാർട്ടിക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച കോട്ടയം പാർലമെൻ്റ് മണ്ഡലത്തില്‍ കനത്ത തോല്‍വി നേരിടേണ്ടി വന്നതും മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ആക്കം കൂട്ടി. കേരള കോണ്‍ഗ്രസിന് ശക്തി ഉണ്ടെന്ന് അവകാശപ്പെടുന്ന മേഖലകളില്‍ പോലും വലിയ തോതില്‍ വോട്ട് ചോർച്ച ഉണ്ടായതും പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ഫ്രാൻസിസ് ജോർജ് 80,286ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് കോട്ടയത്തു നിന്ന് ജയിച്ചത്. ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫ് സ്വാധീനമാണ് വെളിപ്പെട്ടത്. കോട്ടയം, പിറവം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ എന്നിവിടങ്ങളില്‍ യുഡിഎഫ് തേരോട്ടം നടത്തിയത് മാണി ഗ്രൂപ്പിന് വലിയ തിരിച്ചടിയായി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം തന്നെ യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടിയതും മാണി ഗ്രൂപ്പിന് ക്ഷീണമായിരുന്നു.
കത്തോലിക്കാ സഭയും എൻഎസ്‌എസുമൊക്കെ ഇടതു മുന്നണിയുമായി പല വിഷയങ്ങളിലും തെറ്റിനില്‍ക്കുന്നതും പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സഭകളുടെയും എൻഎസ്‌എസിൻ്റെയും പരിപാടികളില്‍ നിരന്തരം യുഡിഎഫ് നേതാക്കളെ പങ്കെടുപ്പിക്കുന്നതും പാർട്ടിയെ വിഷമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം ചങ്ങനാശ്ശേരി അതിരൂപതയിലും ഈ മാസം കാഞ്ഞിരപ്പള്ളി രൂപതയിലും നടന്ന സഭയുടെ ഔദ്യോഗിക പരിപാടികളില്‍ മുഖ്യാതിഥി പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു.
ചങ്ങനാശ്ശേരി എൻഎസ്‌എസ് ആസ്ഥാനത്ത് ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൻ്റെ ഉദ്ഘാടകൻ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മുഖ്യ പ്രഭാഷകൻ ഫ്രാൻസിസ് ജോർജ് എംപിയുമാണ്. ഇത്തരം സമുദായ സമ്മേളനങ്ങളിലൊന്നും തന്നെ കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ക്ക് കാര്യമായ പരിഗണന കിട്ടാത്തതും നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. അടുത്ത മാസം മധ്യതിരുവിതാംകൂറിലെ വിവിധ സഭാ വിഭാഗങ്ങളുടെ കണ്‍വെൻഷനുകളില്‍ മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് സതീശനെ പങ്കെടുപ്പിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാറ്റത്തിൻ്റെ കാറ്റ് മാറി വീശലുണ്ടെന്ന് മാണി ഗ്രൂപ്പ് സംശയിക്കുന്നുണ്ട്. ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദാസന ദിന കണ്‍വെൻഷൻ, ഇന്ത്യ പെന്തക്കോസ്ത് സഭയുടെ കുമ്ബനാട് ഐപിസി കണ്‍വൻഷൻ, മാർത്തോമ്മ സഭയുടെ മാരാമണ്‍ കണ്‍വൻഷൻ, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വൻഷൻ എന്നീ പ്രധാന പരിപാടികളില്‍ വിഡി സതീശനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നത് ഭരണമാറ്റത്തിനുള്ള കേളികൊട്ടായിട്ടാണ് കേരള കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഇടത് മുന്നണിയില്‍ ചേർന്നതോടെ പാർട്ടിയുടെ വിലപേശല്‍ ശേഷി ഗണ്യമായി കുറഞ്ഞുവെന്നും വിലയിരുത്തലുണ്ട്.
കെഎം മാണിക്ക് ക്രൈസ്തവസഭാ നേതൃത്വങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന അംഗീകാരവും സ്വീകാര്യതയും ജോസ് കെ മാണിക്ക് ലഭിക്കാത്തതും പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. സീറോ മലബാർ സഭയുടെ പ്രധാന പരിപാടികളില്‍ പോലും ജോസ് കെ മാണിയെ പങ്കെടുപ്പിക്കാത്തതിനു പിന്നില്‍ സഭാ നേതൃത്വത്തിന് പാർട്ടിയോടും ഇടത് മുന്നണിയോടുമുള്ള നീരസമാണെന്ന് സംശയിക്കുന്നവരും കേരള കോണ്‍ഗ്രസിലുണ്ട്. സഭയിലെ ബിഷപ്പുമാർ ബിജെപിയുമായി അടുക്കാൻ ശ്രമിക്കുന്നതും ജോസ് കെ മാണിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക