വിളിക്കാത്ത പരിപാടിക്ക് ക്യാമറ സംഘത്തെയും ഒരുക്കി നിർത്തിയ ശേഷം വരിഞ്ഞു കയറിച്ചെന്ന് തോന്നിവാസം വിളിച്ചു പറയുകയും നിരപരാധിയായ ഒരു മനുഷ്യനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അയാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സിപിഎം നേതാവാണ് പി പി ദിവ്യ. അധികാരത്തിന്റെ തണലിൽ എന്തും ആവാം എന്ന ധാർഷ്ട്യവും അഹങ്കാരവും തലയ്ക്കു പിടിച്ച ആധുനിക കമ്മ്യൂണിസ്റ്റ്. സർക്കാർ സർവീസിൽ ഉന്നത പദവിയിലിരിക്കുന്ന ഒരാളെ ആത്മഹത്യയിലേക്ക് തള്ളി വിടാൻ തക്കവണ്ണം പിടിപാട് ഇവർക്ക് ഭരണകേന്ദ്രങ്ങളിൽ ഉണ്ട്.
ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ദിവ്യയെ സംരക്ഷിച്ചാൽ പൊതുജനവികാരം എതിരാകും എന്ന ഭയം ഒന്നുകൊണ്ട് മാത്രമാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് ഇവരെ മാറ്റാനും ഇവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കാനും സിപിഎം ഭരണകൂടം തയ്യാറായത്. ഒളിസങ്കേതത്തിലിരുന്ന് പിപി ദിവ്യ തലശേരിയിലെ ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷയും നല്‍കി. വീട്ടില്‍ രോഗിയായ അച്ഛൻ, അമ്മ, മകള്‍, ഭർത്താവ് എന്നിവരുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പിപി ദിവ്യ ജാമ്യപേക്ഷയില്‍ പറയുന്നു.
എഡിഎമ്മിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായവും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. കളക്ടർ വിളിച്ചിട്ടാണ് പരിപാടിക്കെത്തിയതെന്നാണ് സിപിഎം നോതാവ് അപേക്ഷയില്‍ പറയുന്നത്. നവീൻ ബാബുവിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കാനും സിപിഎം നേതാവ് മറന്നില്ല. ഫയലുകള്‍ വച്ചു താമസിപ്പിക്കുന്ന പരാതി നവീൻ ബാബുവിനെതിരെ നേരത്തെയും ഉയർന്നിരുന്നവെന്നും പ്രശാന്തന് പുറമേ ഗംഗാധരൻ എന്നൊരാളും എഡിഎമ്മിനെതിരെ തന്നോട് പാരതിപ്പെട്ടിരുന്നുവെന്നുവെന്നും ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശം മാത്രമായിരുന്നു തനിക്കെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
എന്നാൽ ദിവ്യയുടെ ന്യായവാദങ്ങളും ക്യാപ്സൂളുകളും ഒന്നും ചെലവാകുന്നില്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവട്ടിൽ എത്തുന്നത്. ദിവ്യയുടെ മുൻകാല പോസ്റ്റുകൾക്ക് കീഴിലെത്തിയും ആളുകൾ തെറി വിളിക്കുന്നുണ്ട്. മരിച്ചുപോയ നവീൻ ബാബുവിന്റെ കുഞ്ഞുങ്ങളെ കുറിച്ചും ഭാര്യയെ കുറിച്ചും പരാമർശിച്ചും പോസ്റ്റുകൾ ഉണ്ട്. പെട്രോൾ പമ്പ് ദിവ്യ, കൊലയാളി ദിവ്യ എന്നിങ്ങനെയുള്ള വിശേഷണങ്ങളും കമന്റുകൾ ആയി പ്രത്യക്ഷപ്പെടുന്നുണ്ട്. ഡ്രാക്കുള കമ്മണി, നരഭോജി, കൊലയാളി, സ്ത്രീ എന്ന പരിഗണനയ്ക്ക് അർഹതയില്ലാത്തവൾ എന്നെല്ലാമുള്ള രൂക്ഷമായ വിമർശന വിശേഷണങ്ങളും ദിവ്യക്കെതിരെയുള്ള കമന്റുകളിൽ നിറഞ്ഞുകവിയുകയാണ്.